'പുതിയ മന്ത്രിസഭയിൽ ഏറെ നിരാശ തോന്നിയ തീരുമാനം'; അൻവർ സാദത്തിനെ മന്ത്രിയാക്കാത്തതിൽ യൂത്ത് കോൺഗ്രസ് നേതാവ്

അൻവർ സാദത്ത് മന്ത്രിയാകുമെന്ന് ആലുവയിലെ ജനങ്ങൾ പ്രതീക്ഷിച്ചിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് നേതാവ്

'പുതിയ മന്ത്രിസഭയിൽ ഏറെ നിരാശ തോന്നിയ തീരുമാനം'; അൻവർ സാദത്തിനെ മന്ത്രിയാക്കാത്തതിൽ യൂത്ത് കോൺഗ്രസ് നേതാവ്
dot image

കൊച്ചി: ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ പരസ്യ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലിന്റോ പി ആന്റു. കോണ്‍ഗ്രസിന്റെ ഉരുക്ക് കോട്ടയായ ആലുവയിലെ ജനങ്ങളുടെ വലിയ ആഗ്രഹവും പ്രതീക്ഷയുമായിരുന്നു ജനകീയ എംഎല്‍എയില്‍ നിന്ന് അന്‍വറിന്റെ ജനകീയ മന്ത്രിയിലേക്കുള്ള പ്രവേശനമെന്ന് ലിന്റോ പറഞ്ഞു. പുതിയ മന്ത്രിസഭയില്‍ വ്യക്തിപരമായി ഏറെ നിരാശ തോന്നിയ ഒരേയൊരു തീരുമാനമാണിതെന്നും ലിന്റോ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ലിന്റോയുടെ വിമര്‍ശനം.

അന്‍വര്‍ സാദത്ത് മന്ത്രിസ്ഥാനത്തേയ്ക്ക് എത്തുമെന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചന. അന്‍വര്‍ സാദത്തിനായി രമേശ് ചെന്നിത്തല ശക്തമായി വാദിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനം വന്നപ്പോള്‍ അന്‍വര്‍ സാദത്തിന്റെ പേര് ഉണ്ടായിരുന്നില്ല. മന്ത്രി ചര്‍ച്ചകളില്‍ ഒരുവേള പോലും ഇടപിടിക്കാത്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷ്, റോജി എം ജോണ്‍, കെ എ തുളസി എന്നിവര്‍ പട്ടികയില്‍ ഇടംപിടിച്ചു. രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, ടി സിദ്ദിഖ്, എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന മറ്റുള്ളവര്‍.

ഘടകകക്ഷികളില്‍ മുസ്‌ലിം ലീഗില്‍ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, വി ഇ അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് മന്ത്രിസഭയില്‍ ഇടംപിടിച്ചിരിക്കുന്നത്. സിഎംപിയില്‍ നിന്ന് സി പി ജോണ്‍, ആര്‍എസ്പിയില്‍ നിന്ന് ഷിബു ബേബി ജോണ്‍, കേരള ജോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ നിന്ന് അനൂപ് ജേക്കബ്, (മാണി സി കാപ്പന്‍ (ടേം വ്യവസ്ഥ), കേരള കോണ്‍ഗ്രസില്‍ നിന്ന് മോന്‍സ് ജോസഫ് എന്നിവരും മന്ത്രിസഭയിലുണ്ടാകും.

ലിൻ്റോ പങ്കുവെച്ച കുറിപ്പിൻ്റെ പൂർണരൂപം

പഞ്ചായത്ത് മെമ്പര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍, ഓരോ തവണയും ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച് 29315 വോട്ടുകള്‍ക്ക് ഇടതുപക്ഷത്തിന്റെ ശക്തനായ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി നാലാം വട്ടം നിയമസഭയിലേക്ക്. നിയോജക മണ്ഡലത്തിലെ വിധവകളായ അമ്മമാര്‍ക്കായി 60 ലധികം വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയ അമ്മക്കിളിക്കൂട് പോലുള്ള ജനകീയ പദ്ധതികള്‍ക്ക് രാജ്യത്ത് തന്നെ തുടക്കം കുറിച്ച ജനകീയ എംഎല്‍എ. എന്നും കോണ്‍ഗ്രസ്സിന്റെ ഉരുക്ക് കോട്ടയായ ആലുവയിലെ ജനങ്ങളുടെ വലിയ ആഗ്രഹവും, പ്രതീക്ഷയുമായിരുന്നു ജനകീയ എംഎല്‍എയില്‍ നിന്ന് ജനകീയ മന്ത്രിയിലേക്കുള്ള പ്രവേശനം. പുതിയ മന്ത്രിസഭയില്‍ വ്യക്തിപരമായി ഏറെ നിരാശ തോന്നിയ ഒരേയൊരു തീരുമാനം.

Content Highlights- A Youth Congress leader publicly criticised the decision to leave Anwar Sadath out of the new Kerala cabinet

dot image
To advertise here,contact us
dot image