

തിരുവനന്തപുരം: കോണ്‍ഗ്രസ് മന്ത്രിമാരെ പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. വി ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ് എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഐ സി ബാലകൃഷ്ണന്‍, കെ എ തുളസി എന്നിവര്‍ ടേം വ്യവസ്ഥയിലായിരിക്കും മന്ത്രിസ്ഥാനത്തുണ്ടാവുക. പട്ടിക നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് കൈമാറി.
വകുപ്പുകളെല്ലാം തീരുമാനമായിട്ടുണ്ടെന്നും ഘടകകക്ഷികള്‍ ആയിട്ടുളളതും ഏകദേശം പൂര്‍ത്തിയായിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. വകുപ്പ് നിര്‍ദേശം നാളെ സമര്‍പ്പിക്കുമെന്നും പിണറായി വിജയന്‍, രാജീവ് ചന്ദ്രശേഖര്‍, ബിനോയ് വിശ്വം, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. 'കേരളത്തിലെ മുഖ്യമന്ത്രി വിമര്‍ശനത്തിന് അതീതനല്ല. തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാണിക്കാം. ഒരു പുതുയുഗ കേരളത്തിന് തുടക്കമിടുകയാണ്': വി ഡി സതീശന്‍ പറഞ്ഞു.
ഒരു കോണ്‍ഗ്രസ് നേതാവും ഒരു വ്യക്തിയ്ക്ക് വേണ്ടിയും അനാവശ്യ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും വീതംവെപ്പ് അല്ല നടന്നതെന്നും അദ്ദേഹം പറഞ്ഞു. താന്‍ കറുത്ത കാറില്‍ യാത്ര ചെയ്യില്ല എന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും പുതിയ കാര്‍ വാങ്ങില്ലെന്നാണ് പറഞ്ഞത്. കറുത്ത കാര്‍ ഉപയോഗിക്കും. മൂന്ന് വാഹനങ്ങളില്‍ കൂടുതല്‍ കോണ്‍വോയില്‍ വേണ്ട എന്ന് അറിയിച്ചിട്ടുണ്ട് എന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
കെ സി വേണുഗോപാല്‍ പക്ഷത്തിലുള്ളവരാണ് പട്ടികയില്‍ കൂടുതലായി ഇടംപിടിച്ചിരിക്കുന്നത്. പട്ടികയില്‍ ഇടംപിടിച്ച ആറോളം പേര്‍ കെ സി പക്ഷത്തു നിന്നുള്ളവരാണ്. രമേശ് ചെന്നിത്തല പക്ഷത്തുനിന്നുള്ളവരും സതീശനെ പിന്തുണയ്ക്കുന്നവരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. വി ഡി സതീശന്‍ (പൊതുഭരണം, ധനം, തുറമുഖം), സണ്ണി ജോസഫ് (റവന്യൂ), രമേശ് ചെന്നിത്തല (ആഭ്യന്തരം, വിജിലന്‍സ്), കെ മുരളീധരന്‍ (വൈദ്യുതിവകുപ്പ്), എ പി അനില്‍കുമാര്‍ (ആരോഗ്യം), ടി സിദ്ദിഖ് (വനംവകുപ്പ്), പി സി വിഷ്ണുനാഥ് (ടൂറിസം, സാംസ്‌കാരികം), ബിന്ദു കൃഷ്ണ (വനിത, ശിശുക്ഷേമം), ഒ ജെ ജനീഷ് (യുവജനക്ഷേമം), എം ലിജു (എക്സൈസ്) എന്നിങ്ങനെയാണ് വകുപ്പ് വിഭജനം എന്ന് സൂചനയുണ്ട്.
ഘടകകക്ഷികളില്‍ മുസ്ലിം ലീഗില്‍ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, വി ഇ അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. സിഎംപിയില്‍ നിന്ന് സിപി ജോണ്‍, ആര്‍എസ്പിയില്‍ നിന്ന് ഷിബു ബേബി ജോണ്‍, കേരള ജോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ നിന്ന് അനൂപ് ജേക്കബ്, (മാണി സി കാപ്പന്‍ (ടേം വ്യവസ്ഥ), കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് മോന്‍സ് ജോസഫ് എന്നിവരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
Content Highlights: Congress announced Ministers list in VD Satheesan ministry