മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുമുണ്ടായില്ല; നാളെ പ്രഖ്യാപിക്കുമെന്ന് ഹൈക്കമാൻഡ്; ദീപാദാസ് മുൻഷി കേരളത്തിലേക്ക്

നാളെ രാവിലെ 11 മണിക്ക് പ്രഖ്യാപനമുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുമുണ്ടായില്ല; നാളെ പ്രഖ്യാപിക്കുമെന്ന് ഹൈക്കമാൻഡ്; ദീപാദാസ് മുൻഷി കേരളത്തിലേക്ക്
dot image

ന്യൂഡല്‍ഹി: കോൺഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുമുണ്ടായില്ല. നാളെ പ്രഖ്യാപിക്കുമെന്ന് ഹൈക്കമാൻഡ് അറിയിച്ചു. നാളെ രാവിലെ 11 മണിക്ക് പ്രഖ്യാപനമുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുന്‍ഷി നാളെ കേരളത്തിൽ എത്തും.

കോൺഗ്രസിൽ മുഖ്യമന്ത്രി പ്രതിസന്ധി അനന്തമായി നീളുന്ന പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യാൻ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഖര്‍ഗെയുടെ വസതിയില്‍ വെച്ചായിരുന്നു യോഗം. യോഗത്തിന് ശേഷം പുറത്തേയ്ക്കുവന്ന രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. പിന്നാല ഖര്‍ഗെയുടെ വസതിയിലെത്തിയ ജയ്റാം രമേശാണ് നാളെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. യോഗത്തിന് മുമ്പ് മുതിര്‍ന്ന നേതാവായ എ കെ ആന്റണിയെയും കൊടിക്കുന്നില്‍ സുരേഷിനെയും രാഹുല്‍ ഗാന്ധി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ചര്‍ച്ചയുടെ ഭാഗമായി മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ മുരളീധരന്‍, കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം എം ഹസ്സന്‍ എന്നിവരെയാണ് വിളിപ്പിച്ചത്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ് എന്നിവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.

അതേസമയം മുഖ്യമന്ത്രിയെ സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിന് ശേഷം എന്താണെന്നുള്ളത് തീരുമാനിക്കുമെന്നും ബാക്കി കാര്യങ്ങള്‍ ആലോചിച്ച് അറിയിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗ് നേതൃയോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി.

Content Highlights: Congress will announce Kerala CM tomorrow

dot image
To advertise here,contact us
dot image