'ആശയങ്ങള്‍ക്കപ്പുറം വ്യക്തികളെ ഉയര്‍ത്തിക്കാട്ടിയത് തിരിച്ചടിയായി'; പിണറായി വിജയന് ഒളിയമ്പുമായി ബിനോയ് വിശ്വം

വിമര്‍ശനങ്ങളില്‍ വൈകാരികമായായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം

'ആശയങ്ങള്‍ക്കപ്പുറം വ്യക്തികളെ ഉയര്‍ത്തിക്കാട്ടിയത് തിരിച്ചടിയായി'; പിണറായി വിജയന് ഒളിയമ്പുമായി ബിനോയ് വിശ്വം
dot image

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐഎമ്മിനെ പഴിച്ച് സിപിഐ. ആശാ സമരത്തിലും പിഎം ശ്രീ പദ്ധതിയിലും സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ആശയങ്ങള്‍ക്കപ്പുറം വ്യക്തികളെ ഉയര്‍ത്തിക്കാട്ടിയത് തിരിച്ചടിയായെന്നും പിണറായി വിജയനുള്ള ഒളിയമ്പായി ബിനോയ് വിശ്വം പറഞ്ഞു. വ്യക്തിയല്ല, ആശയമാണ് തെരഞ്ഞെടുപ്പിനെ നയിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമര്‍ശനങ്ങളില്‍ വൈകാരികമായായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. താന്‍ പരാജയപ്പെട്ട നേതാവല്ല. തന്നെ പറ്റിയുള്ള വിമര്‍ശങ്ങള്‍ക്ക് പിന്നില്‍ പെയ്ഡ് ഏജന്‍സികളാണ്. ഒരു തെരഞ്ഞെടുപ്പ് തോറ്റാല്‍ നേതാവ് മാറുന്ന രീതി ഇല്ല. ഒരു നേതാവും അനിവാര്യനല്ല, പക്ഷെ താന്‍ പരാജയപ്പെട്ട കമ്യൂണിസ്റ്റ് അല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

ബിനോയ് വിശ്വത്തിന്റെ വാക്കുകള്‍

ആശയങ്ങള്‍ക്ക് അപ്പുറത്തേക്ക് വ്യക്തികളെ ഉയര്‍ത്തിപ്പിടിക്കരുത്. എല്‍ഡിഎഫ് പ്രചാരണത്തിലെ പാളിച്ചകള്‍ പരിശോധിക്കും. വ്യക്തിയല്ല, ആശയമാണ് തെരഞ്ഞെടുപ്പിനെ നയിക്കേണ്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച ഉണ്ടായോ എന്ന് പരിശോധിക്കും. സ്ഥാനാര്‍ഥി മാറിയിരുന്നെങ്കില്‍ ഫലം മാറുമായിരുന്നോ എന്ന ചോദ്യം ബാക്കിയാണ്. തെറ്റുകള്‍ തിരുത്താനുള്ള ജാഗ്രത സിപിഐക്ക് ഉണ്ട്. ആശ സമരത്തില്‍ തെറ്റുപറ്റി. സമരത്തില്‍ ഇടതുപക്ഷ സമീപനം ഉണ്ടായില്ല. ഒരു സാഹചര്യത്തിലും പിഎം ശ്രീയില്‍ പങ്കാളിയാവാന്‍ പാടില്ലായിരുന്നു. ഇടതുപക്ഷ അനുഭാവികളുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാനായില്ല.

ആശാ സമരത്തിലും പി എം ശ്രീയിലും എല്‍ഡിഎഫ് സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം കെ പ്രകാശ് ബാബുവും പ്രതികരിച്ചു. സര്‍ക്കാരിന് ഇടതുപക്ഷ നയവ്യതിയാനം ഉണ്ടായെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

പാര്‍ട്ടിയില്‍ നേതൃമാറ്റ ചര്‍ച്ച ഇല്ലെന്നും പ്രകാശ് ബാബു കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനെ പാര്‍ട്ടി തിരുത്തുന്നതാണ് രീതി.
കഴിഞ്ഞ തവണ തിരുത്തല്‍ എത്രത്തോളം ഉണ്ടായി എന്നാണ് ചോദ്യം. പരാജയത്തിന് പിഎം ശ്രീയും കാരണമായി. പാര്‍ട്ടിയില്‍ നേതൃമാറ്റ ചര്‍ച്ച ഇല്ല. പരാജയപ്പെട്ടാല്‍ നേതാക്കള്‍ മാറുന്ന രീതി ഇല്ല. മറ്റു വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പ്രകാശ് ബാബു പറഞ്ഞു.

ചില വ്യക്തികളുടെ പെര്‍ഫോമന്‍സുമായി ബന്ധപ്പെട്ട് ജനത്തിന് അമര്‍ഷമുണ്ടായിരുന്നു. അത് വേണ്ടത്ര മനസിലാക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഞങ്ങള്‍ ചില പോരായ്മകളൊക്കെ ചൂണ്ടിക്കാണിച്ചിരുന്നു. ആശാ സമരത്തോട് മുഖം തിരിച്ച് നിന്നത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐയില്‍ നേതൃത്വമാറ്റത്തെക്കുറിച്ച് ചിന്തയേ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: binoy viswam against cpim on the failure in kerala assembly election

dot image
To advertise here,contact us
dot image