താരങ്ങളുടെ മുറികളിൽ മിന്നൽ പരിശോധനക്ക് ബിസിസിഐ; ചട്ടലംഘനമുണ്ടായാൽ വിലക്കും പിഴയും

താരങ്ങൾ ഹണിട്രാപ്പിൽ കുടുങ്ങാനുള്ള സാധ്യതകൾ കണക്കിലെടുത്ത്, ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാർക്കും ടീമുകൾക്കും ജാഗ്രതാ നിർദ്ദേശവുമായി ബിസിസിഐ

താരങ്ങളുടെ മുറികളിൽ മിന്നൽ പരിശോധനക്ക് ബിസിസിഐ; ചട്ടലംഘനമുണ്ടായാൽ വിലക്കും പിഴയും
dot image

താരങ്ങൾ ഹണിട്രാപ്പിൽ കുടുങ്ങാനുള്ള സാധ്യതകൾ കണക്കിലെടുത്ത്, ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാർക്കും ടീമുകൾക്കും ജാഗ്രതാ നിർദ്ദേശവുമായി ബിസിസിഐ. ഇതേ സംബന്ധിച്ച് അച്ചടക്കം കർശനമാക്കുന്നതിന്‍റെ ഭാഗമായി ഏഴ് പേജുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പുറപ്പെടുവിച്ചിരിക്കുന്നത്. മുന്നോട്ടുവച്ചിട്ടുള്ള നിയമങ്ങൾ ലംഘിക്കുന്നവർക്ക് വിലക്കും ഫ്രാഞ്ചൈസികൾക്ക് പിഴ അടക്കമുള്ള ശിക്ഷ നടപടികളും നേരിടേണ്ടി വരുമെന്നും ബിസിസിഐ അറിയിച്ചു.

ടീം മാനേജരുടെ മുൻകൂർ അനുമതിയില്ലാതെ ആരെയും മുറികളിൽ പ്രവേശിപ്പിക്കാൻ പാടില്ലെന്നും, താരങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഹോട്ടൽ മുറികളിൽ ബിസിസിഐയുടെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് ഏതു സമയത്തും മിന്നൽ പരിശോധന നടത്തുമെന്നും ബിസിസിഐ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇതിന് പുറമെ ടീം അംഗങ്ങള്‍ ഹോട്ടലിന് പുറത്തേക്ക് വ്യക്തിപരമായ ആവശ്യങ്ങൾക്കോ വിനോദങ്ങൾക്കോ പോകണമെങ്കിൽ സെക്യൂരിറ്റി ലെയ്‌സൺ ഓഫീസറുടെയോ ടീം ഇന്‍റഗ്രിറ്റി ഓഫീസറുടെയോ അനുമതിയും നിർബന്ധമാക്കിയിട്ടുണ്ട്. ഒപ്പം മത്സരസമയത്ത് ഡഗ് ഔട്ടിലുള്ള താരങ്ങളുമായോ മാനേജർമാരുമായോ ഉടമകൾ സംസാരിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.

ഹണിട്രാപ്പ് പോലുള്ള ചതിക്കുഴികളിൽ വീഴാതിരിക്കാനും ലൈംഗിക അതിക്രമ ആരോപണങ്ങൾ തടയാനുമാണ് ഈ നീക്കമെന്നാണ് സൈകിയ അറിയിച്ചിരിക്കുന്നത്. നിർദേശങ്ങൾ പാലിക്കാത്തവർക്ക് വൻ തുക പിഴ ശിക്ഷയായോ, മത്സരങ്ങളിൽ നിന്ന് സസ്പെൻഷനോ, ടീമിനെ അയോഗ്യരാക്കുകയോ ചെയ്യുമെന്നും ബിസിസിഐ വ്യക്തമാക്കി. പല സൂപ്പര്‍ താരങ്ങളെയും ലക്ഷ്യം വച്ചുള്ള ഹണിട്രാപ്പ് ഭീഷണി നിലനിൽക്കുന്നുണ്ടെന്നും ഐപിഎല്ലിന്‍റെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ എല്ലാ ഫ്രാഞ്ചൈസികളും ഈ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും ബിസിസിഐ സെക്രട്ടറി വ്യക്തമാക്കി. എല്ലാ സന്ദർശകരുടെയും വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ ടീം മാനേജർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സൈക്കിയ കൂട്ടിച്ചേർത്തു.

Content highlight: BCCI surprise inspection in players rooms IPL rules and fine

dot image
To advertise here,contact us
dot image