

ന്യൂഡല്‍ഹി: കെ സി വേണുഗോപാലിനെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാക്കാനുള്ള കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പിന്തുണ ഉൾപ്പെടെ വ്യക്തമാക്കുന്ന ലിസ്റ്റിനെ തള്ളി എഐസിസി നിരീക്ഷകന്‍ മുകുള്‍ വാസ്‌നിക്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട ചിത്രം യഥാര്‍ത്ഥ രേഖയല്ലെന്ന് മുകുൾ വാസ്നിക് പറഞ്ഞു. നിരീക്ഷകരുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നും നിരീക്ഷക സംഘാംഗം അജയ് മാക്കനും പ്രതികരിച്ചു. എത്രയും വേഗം പ്രഖ്യാപനം ഉണ്ടാകണം എന്നാണ് നിരീക്ഷകര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയെ അറിയിച്ചത്.
മുകുള്‍ വാസ്‌നിക്കിന്റെ കയ്യിലെ എംഎല്‍എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ ലിസ്റ്റാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ടത്. സന്ദീപ് വാര്യര്‍, അഡ്വ. സജീവ് ജോസഫ്, അഡ്വ. ടി ഒ മോഹനന്‍, ഉഷ വിജയന്‍, അഡ്വ. ടി സിദ്ദിഖ് എന്നിവരുടെ പിന്തുണയും കെ സി വേണുഗോപാലിനാണ്. ഐസി ബാലകൃഷ്ണന്‍ കെസിയെയും രമേശ് ചെന്നിത്തലയെയും പിന്തുണയ്ക്കുന്നുണ്ട്.
അതേസമയം, രേഖയിൽ ഉദുമയിലെ നിയുക്ത എംഎൽഎ കെ നീലകണ്ഠന്റെ പേരിനുനേരെ ഒന്നും രേഖപ്പെടുത്താതിരുന്നത് ചർച്ചയായി. മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച് കൃത്യമായ അഭിപ്രായം പറഞ്ഞതാണെന്ന് കെ നീലകണ്ഠൻ പറഞ്ഞു. മുകുൾ വാസ്നിക്കിനും അജയ് മാക്കനും ഇത് സംബന്ധിച്ച് പരാതി മെയിൽ ചെയ്തതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രേഖയിൽ ബ്ലാങ്ക് വന്നത് എങ്ങനെ എന്ന് അറിയില്ല. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവുമായി സംസാരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് ഫലം വന്ന് നാലാം ദിവസവും ആരാകും മുഖ്യമന്ത്രി എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ തുടരുകയാണ്. എംഎല്‍എമാരുടെ നിലപാടറിഞ്ഞ് എഐസിസി നിരീക്ഷകര്‍ മടങ്ങിയതോടെ ഡല്‍ഹി കേന്ദ്രീകരിച്ചാണ് തുടര്‍ ചര്‍ച്ചകള്‍.
നിലവില്‍ ഭൂരിപക്ഷ എംഎല്‍എമാരുടെയും പിന്തുണ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനാണ് ലഭിച്ചിരിക്കുന്നത്. 48 പേരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണുഗോപാല്‍ പക്ഷത്തിന്റെ അവകാശവാദം. 35 പേരുടെ പിന്തുണയുണ്ടെന്ന് വി ഡി സതീശന്‍ പക്ഷവും 23 പേരുടെ പിന്തുണയുണ്ടെന്ന് രമേശ് ചെന്നിത്തല വിഭാഗവും അവകാശപ്പെടുന്നു. മുഖ്യമന്ത്രി പ്രഖ്യാപനം ഞായറാഴ്ച ഉണ്ടായേക്കുമെന്നാണ് വിവരം.
Content Highlights: Mukul Wasnik has rejected the list that shows Sunny Joseph's support for KC Venugopal as the next CM