

സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പൊലീസ്. വര്‍ദ്ധിച്ചുവരുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ബാങ്ക് വിശദാംശങ്ങളും സ്വകാര്യ വിവരങ്ങളും ആര്‍ക്കും കൈമറരുതെന്നും പൊലീസ് ഓര്‍മിപ്പിച്ചു. സംശയാസ്പദമായ സന്ദേശങ്ങളും പരസ്യങ്ങളും ശ്രദ്ധയില്‍പെട്ടാല്‍ അക്കാര്യം അറിയിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയുളള തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അബുദാബി പൊലീസ് രംഗത്തെത്തിയത്. റസിഡന്‍സി വിസ സേവനങ്ങള്‍, ഗാര്‍ഹിക തൊഴിലാളികളെ ലഭ്യമാക്കല്‍, വിവിധ ഇന്‍ഷുറന്‍സ് പദ്ധതികള്‍ എന്നിവ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുമെന്നാണ് വാഗ്ദാനം. നിയമവിരുദ്ധ നിക്ഷേപ പദ്ധതികളിലേക്കും നിലവിലില്ലാത്ത റിയല്‍ എസ്റ്റേറ്റ് പദ്ധതികളിലേക്കും ആളുകളെ ആകര്‍ഷിക്കാനും ശ്രമം നടക്കുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.
ആകര്‍ഷകമായ വാഗ്ദാനങ്ങളുമായാണ് തട്ടിപ്പ് സംഘം സമൂഹമാധ്യമങ്ങള്‍ വഴി ജനങ്ങളിലേക്ക് എത്തുന്നത്. പ്രമുഖ സ്ഥാപനങ്ങളുടെതിന് സമാധമായ വ്യാജ വെബ്‌സൈറ്റുകളും തട്ടിപ്പിനായി ഉപയോഗിക്കുന്നുണ്ട്. ജനങ്ങളെ കെണിയില്‍ വീഴ്ത്തുന്നതിനായി പ്രൊഫഷണല്‍ പരസ്യങ്ങള്‍, വ്യാജ ചിത്രങ്ങള്‍, വിശ്വസനീയമായ സന്ദേശങ്ങള്‍ എന്നിവയും ഉപയോഗിച്ചുവരുന്നു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും വ്യക്തിഗത വിവരങ്ങളും സ്വന്തമാക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. ഏതെങ്കിലും തരത്തിലുള്ള ഓഫറുകള്‍ സ്വീകരിക്കുന്നതിന് മുമ്പ് അതിന്റെ ആധികാരികത പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ജാഗ്രതയാണ് ഏറ്റവും വലിയ പ്രതിരോധമെന്നും വിശ്വസനീയമായ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകള്‍ വഴി മാത്രം ഇടപാടുകള്‍ നടത്തണമെന്നും പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Content Highlights: Abu Dhabi Police has warned the public about the increasing number of online fraud cases through social media platforms. Residents are urged to stay alert and avoid suspicious links and fake offers.