ഒരു സ്ത്രീയുടെ കാഴ്ചപ്പാടിൽ നിന്നുള്ള ഗ്യാങ്സ്റ്റർ സിനിമ, ഗീതുവിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു: യഷ്

ചിത്രത്തിൽ യഷ് ഇരട്ട വേഷത്തിലാണ് എത്തുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്

ഒരു സ്ത്രീയുടെ കാഴ്ചപ്പാടിൽ നിന്നുള്ള ഗ്യാങ്സ്റ്റർ സിനിമ, ഗീതുവിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു: യഷ്
dot image

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ സിനിമയ്ക്ക് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമാണ് 'ടോക്സിക്'. ഗീതു മോഹൻദാസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ രണ്ട് ഗ്ലിമ്പ്സുകൾ നേരത്തെ പുറത്തുവന്നിരുന്നു. വമ്പൻ ബജറ്റിലുള്ള ഒരു പക്കാ ആക്ഷൻ ചിത്രമാകും ടോക്സിക് എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഗീതു മോഹൻദാസിന്റെ മുൻ സിനിമകളിൽ നിന്ന് മാറി ആക്ഷനും വയലൻസിനും സിനിമയിൽ വലിയ പ്രാധാന്യമുണ്ടാകും. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് നടൻ യഷ്.

'സാധാരണ ആക്ഷൻ സിനിമകൾ പുരുഷ സംവിധായകർ മാത്രമാണ് ചെയ്യാറുള്ളത്. ഇന്ത്യയിൽ അങ്ങനെയാണ്. വലിയ മുതൽമുടക്കിലുള്ള ഒരു ആക്ഷൻ സിനിമ, അതും ഒരു സ്ത്രീയുടെ കാഴ്ചപ്പാടിൽനിന്നുള്ള ഗ്യാങ്സ്റ്റർ സിനിമ, അത് പുതിയതാണ്. അവരുടെ ചിന്തകൾ വളരെ വ്യക്തമാണ്. ചെയ്യുന്ന കാര്യങ്ങളിൽ അടിയുറച്ച വിശ്വാസമുണ്ട്. മികച്ചൊരു എഴുത്തുകാരിയുമാണവർ. എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. ചില വികാരങ്ങൾ, പ്രണയം, ആസക്തി എന്നിവ എത്ര വ്യത്യസ്തമായാണ് ഒരു സ്ത്രീ പ്രകടിപ്പിക്കുന്നതും അവതരിപ്പിക്കുന്നതുമെന്ന് ഈ യാത്രയിൽ ഞാൻ തിരിച്ചറിഞ്ഞു', യഷിന്റെ വാക്കുകൾ.

ചിത്രത്തിൽ യഷ് ഇരട്ട വേഷത്തിലാണ് എത്തുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. ടീസറിന്റെ അവസാനം പുതിയ ലുക്കിലുള്ള യഷിനെ കാണാനാകും. പക്കാ ഹോളിവുഡ് സിനിമയെന്ന് തോന്നിപ്പിക്കുന്ന തരം വിഷ്വലുകൾ ആണ് സിനിമയിൽ ഉള്ളതെന്ന സൂചനയാണ് ടീസർ നൽകുന്നത്. സിനിമയിൽ അഞ്ച് നായികമാരാണ് ഉള്ളത്.

കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. നേരത്തെ യഷും ഗീതുവും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു എന്നും സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തുടര്‍ന്ന് ഇതില്‍ വിശദീകരണം എന്നവണ്ണം ചിത്രത്തിന്റെ റിലീസ് പോസ്റ്ററുമായി നിര്‍മാതാക്കള്‍ എത്തിയിരുന്നു.

Content Highlights: Gangster movie from a woman's perspective, learned a lot from Geetu says Yash about Toxic

dot image
To advertise here,contact us
dot image