

ഇംഫാൽ: കോർഡിനേറ്റിങ് കമ്മിറ്റി ഓൺ മണിപ്പൂർ ഇന്റഗ്രിറ്റി (COCOMI) മണിപ്പൂരിൽ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിങിന്റെ വസതിയിലേക്ക് നടത്തിയ മാർച്ചിനിടയിൽ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. തുടർന്ന് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
മണിപ്പൂരിലെ ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് COCOMI. ആയിരത്തോളം പേരാണ് റാലിയിൽ അണിനിരന്നത്. ഇംഫാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പല ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ ഒത്തുകൂടി. മുഖ്യമന്ത്രി വസതിയിലെത്തി ആറ് ആവശ്യങ്ങൾ അടങ്ങിയ മെമ്മോറാണ്ടം സമർപ്പിക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യം.
റാലിക്ക് മുന്നോടിയായി കാംഗ്ല ഫോർട്ട്, കേശംപത്ത് ജംഗ്ഷൻ, ഖുരായ് ലാംലോഗ്, പാലസ് കോമ്പൗണ്ട് എന്നിവടങ്ങളിലെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ഇംഫാലിലെ സുപ്രസിദ്ധമായ ഇമാ കെറ്റിൽ മാർക്കറ്റിൽ വച്ചാണ് പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടിയത്. റാലി പുരോഗമിക്കുന്നതിനിടയിൽ പൊലീസ് റോഡ് ബ്ലോക്ക് ചെയ്യുകയും പ്രതിഷേധക്കാരെ മുന്നോട്ട് പോകുന്നതിൽ നിന്ന് തടയുകയും ചെയ്തു. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതോടെ കച്ചവടക്കാരും സാധനം വാങ്ങാൻ എത്തിയവരും ചിതറിയോടി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
മണിപ്പൂരിൽ സമാധാനവും സാധാരണ ജീവിതവും പുനസ്ഥാപിക്കണം, സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണം, ലഹളയുടെ ഉത്തരവാദികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണം, മണിപ്പൂരിന്റെ ഭൂമിയെ സംരക്ഷിക്കണം(കയ്യേറ്റം തടയണം) എന്നീ ആവശ്യങ്ങൾ അടങ്ങിയ മെമ്മോറാണ്ടമാണ് പ്രതിഷേധക്കാർ മുഖ്യമന്ത്രിക്ക് സമർപ്പിക്കാൻ ഒരുങ്ങിയത്.
സംഘർഷത്തിൽ ഉന്തും തള്ളും ഉണ്ടായതിന് പിന്നാലെ കല്ലേറുമുണ്ടായി. ഇതോടെ പൊലീസ് ലാത്തി ചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിനിടയിൽ റാലിയുടെ ഭാഗമായ ചിലർ മുഖ്യമന്ത്രിയുടെ വസതിയിലെത്തി. നീതി ലഭിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ പ്രതികരണം.
Content Highlights: A major clash occurred in Manipur when protesters marching toward the Chief Minister’s residence confronted police. The rally turned tense, leading to a direct confrontation between security personnel and demonstrators amid rising unrest in the state