

തൃശ്ശൂർ: മുണ്ടത്തിക്കോട് സ്ഫോടനത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആശ്വാസത്തിലാണ് 70കാരിയായ പ്രേമ. കരിമരുന്നിൽ തിരിമുക്കുന്ന ജോലിയാണ് പ്രേമ ചെയ്തിരുന്നത്. സ്ഫോടനം നടന്ന ചൊവ്വാഴ്ച ഉച്ചവരെ വെടിക്കെട്ട് പുരയിലുണ്ടായിരുന്നു ഇവർ. ഉച്ച ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് വന്ന സമയത്തായിരുന്നു സ്ഫോടനം. ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നപ്പോഴാണ് വെടിപൊട്ടുന്ന വലിയ ശബ്ദം കേട്ടതെന്ന് പ്രേമ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
തന്നെ കളിയാക്കിയും ടാറ്റാ പറഞ്ഞ് അയച്ചവരെ കുറിച്ചോർത്ത് പിന്നെ തനിക്കൊന്നും ചെയ്യാൻ കഴിയാതെ ഇരുന്നുപോയെന്ന് പ്രേമ നിറകണ്ണുകളോടെ പറഞ്ഞു. എന്താണ് സംഭവിച്ചത് എന്ന് മനസിലാവാത്ത അവസ്ഥയായിരുന്നു. മുതിർന്ന ആളായതിനാൽ അമ്മായി എന്നാണ് ഒപ്പമുണ്ടായിരുന്നവർ തന്നെ വിളിച്ചിരുന്നതെന്നും പ്രേമ പറയുന്നു.
മകൻ്റെ കുഞ്ഞ് വീട്ടിൽ വന്നതുകൊണ്ടുമാത്രമാണ് തിങ്കളാഴ്ച വരെ വെടിക്കെട്ട് പുരയിൽ പോയിരുന്ന താൻ ഇന്നലെ പോകാതിരുന്നതെന്ന് പറയുകയാണ് അവിടുത്തെ തൊഴിലാളിയായിരുന്ന സരസു
വൈകിട്ട് മൂന്നരയോടെയാണ് ആദ്യം വൻ ശബ്ദം കേട്ടതെന്നും ഇടിമിന്നലാകുമെന്നാണ് കരുതിയതെന്നും സരസു പറയുന്നു. പിന്നീട് സംഭവമറിഞ്ഞ ഒരാൾ ഫോൺ ചെയ്ത് തങ്ങൾ രണ്ടുപേരും സുരക്ഷിതരാണോ എന്ന് തിരക്കിയപ്പോഴാണ് സ്‌ഫോടനം സംഭവിച്ചതാണെന്ന് മനസിലായതെന്നും സരസു പ്രതികരിച്ചു.
ഇന്നലെ വൈകുന്നേരം (ഏപ്രിൽ 21) മൂന്നുമണിയോടെയാണ് തൃശൂർ പൂരത്തിന്റെ ഭാഗമായി സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. സ്ഫോടനത്തിൽ പതിനാല് പേർ മരിച്ചതായാണ് വിവരം. വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്നാണ് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ്റെ (പെസോ) വിലയിരുത്തൽ. ചൂടുമൂലം സ്ഫോടക വസ്തുക്കൾ പൊട്ടിതെറിക്കാൻ സാധ്യത കുറവാണെന്ന് പെസോയുടെ നിഗമനം. ഷോട്ട് സർക്യൂട്ട് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റ് പരിശോധന നടത്തുമെന്നും പെസോ വ്യക്തമാക്കി. സംഭവ സ്ഥലത്ത് പരിശോധന നടത്തിയ ശേഷമാണ് പെസോ ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയത്.
Content Highlights: A survivor of the Thrissur fireworks accident, Prema, recalled the final farewell words spoken before the incident. She expressed shock and helplessness while recounting the experience. The accident has left survivors and families deeply affected