കണ്ണീർ യാത്ര; വാൽപ്പാറ അപകടം നടന്നത് സംഘം വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ

വാല്‍പ്പാറയിലേക്കുള്ള പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വെച്ചാണ് അപകടമുണ്ടായത്

കണ്ണീർ യാത്ര; വാൽപ്പാറ അപകടം നടന്നത് സംഘം വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ
dot image

പൊള്ളാച്ചി: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ ജീവന്‍ നഷ്ടമായത് ഒമ്പത് പേര്‍ക്ക്. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് മലപ്പുറം പാങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂളിലെ അധ്യപകരുടെ സംഘം വിനോദയാത്രയ്ക്ക് പോയത്. വൈകിട്ട് 5.30 ഓടെയാണ് അപകടം നടന്നത്.

പ്രധാനാധ്യാപിക പുലാമന്തോൾ സ്വദേശിനി അജിത(54), അധ്യാപകരും പാങ് സ്വദേശികളുമായ റംല(52), സുഹറ(43), ആശ (41), മജീദ്(43), ഭാര്യ റുഖിയ(39), ആയ സജിത(45), പാങ് യുപി സ്കൂളിലെ അധ്യാപിക ഷക്കീല (37), സുഹറയുടെ മകൻ ഹിഷാം (12) എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച സജിതയുടെ മകൻ ഷഹദിന്‍(11), സ്കൂൾ ഡ്രൈവർ നൗഷാദ്(39), ട്രാവലർ ഡ്രൈവറായ മുഹമ്മദ് ഫാസിത്ത് (21) എന്നിവരാണ് കോയമ്പത്തൂരിൽ ചികിത്സയിലുള്ളത്. 10 വയസുള്ള മസ്നീൻ എന്ന പെൺകുട്ടി പൊള്ളാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

13 പേരാണ് ടൂറിസ്റ്റ് ട്രാവലറില്‍ ഉണ്ടായിരുന്നത്. വാല്‍പ്പാറയിലേക്കുള്ള പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം തെറ്റിയ വാഹനം താഴേയ്ക്ക് പതിക്കുകയായിരുന്നു. യാത്ര കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. ട്രാവലർ പൂർണമായും തകർന്നു.

മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം ആരംഭിച്ചിട്ടുണ്ടെന്നും നാളെ രാവിലെയോടെ പൂര്‍ത്തിയാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സംഭവസ്ഥലത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. മുഖ്യമന്ത്രി വിളിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: valparai van accident case updates


dot image
To advertise here,contact us
dot image