

തിരുവനന്തപുരം: തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ യാത്രികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ ആഴത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ക്ക് ആവശ്യമെങ്കില്‍ മികച്ച ചികിത്സ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ ഒമ്പത് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് മലപ്പുറം പാങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂളിലെ അധ്യപകരുടെ സംഘം വിനോദയാത്രയ്ക്ക് പോയത്. വൈകിട്ട് 5.30 ഓടെയാണ് അപകടം നടന്നത്.
പ്രധാനാധ്യാപിക പുലാമന്തോൾ സ്വദേശിനി അജിത(54), അധ്യാപകരും പാങ് സ്വദേശികളുമായ റംല(52), സുഹറ(43), ആശ (41), മജീദ്(43), ഭാര്യ റുഖിയ(39), ആയ സജിത(45), പാങ് യുപി സ്കൂളിലെ അധ്യാപിക ഷക്കീല (37), സുഹറയുടെ മകൻ ഹിഷാം (12) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച സജിതയുടെ മകൻ ഷഹദിന്‍(11), സ്കൂൾ ഡ്രൈവർ നൗഷാദ്(39), ട്രാവലർ ഡ്രൈവറായ മുഹമ്മദ് ഫാസിത്ത് (21) എന്നിവരാണ് കോയമ്പത്തൂരിൽ ചികിത്സയിലുള്ളത്. 10 വയസുള്ള മസ്നീൻ എന്ന പെൺകുട്ടി പൊള്ളാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
Content Highlights: Pinarayi Vijayan expressed deep condolences over the death of 10 Keralites in a tragic accident