'കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാൻ കെ സിയ്ക്ക് കഴിയും'; കെ സി വേണുഗോപാലിന് പിന്തുണയുമായി കെ സുധാകരൻ

നാളെയുടെ ഭരണത്തിന് ദിശാബോധം നല്‍കാന്‍ കഴിയുന്ന നേതാവായി കെ സി വേണുഗോപാല്‍ ഉയരട്ടെയെന്നും കെ സുധാകരന്‍

'കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാൻ കെ സിയ്ക്ക് കഴിയും'; കെ സി വേണുഗോപാലിന് പിന്തുണയുമായി കെ സുധാകരൻ
dot image

കണ്ണൂര്‍: എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് പിന്തുണയുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇന്ന് കേരളത്തിന് ആവശ്യം ദൂരദര്‍ശിയുള്ള നേതൃത്വമാണെന്നും അതിന് കെ സി വേണുഗോപാലിന് സാധിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയോടുള്ള അചഞ്ചലമായ ആത്മാര്‍ത്ഥത, പ്രതിസന്ധികളില്‍ പോലും പിന്നോട്ടില്ലാത്ത ഉറച്ച നിലപാട്, പ്രവര്‍ത്തകരോട് കാണിക്കുന്ന വിനയവും ആദരവുമാണ് കെ സി വേണുഗോപാലിനെ വ്യത്യസ്തനാക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

'ലീഡര്‍ ശ്രീ കെ കരുണാകരന്‍, ശ്രീ എ കെ ആന്റണി, ശ്രീ ഉമ്മന്‍ചാണ്ടി, ശ്രീ വയലാര്‍ജി തുടങ്ങി…സംസ്ഥാന രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിച്ച മഹാനേതാക്കളുടെ പാത പിന്തുടര്‍ന്ന്, കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാന്‍ കെ സിയ്ക്ക് കഴിയും എന്ന ആത്മവിശ്വാസം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ശക്തമാണ്. നേതാവെന്ന നിലയില്‍ മാത്രമല്ല, ഒരാളുടെ സഹയാത്രികനായും പ്രവര്‍ത്തകരുടെ ഇടയില്‍ നിലകൊള്ളാന്‍ കഴിയുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി', കെ സുധാകരന്‍ പറഞ്ഞു.

അത്തരം നേതാക്കള്‍ ഒരു പ്രസ്ഥാനത്തിന്റെ കരുത്താണെന്നും അവരുടെ പ്രവര്‍ത്തന ശൈലിയും ആത്മാര്‍ത്ഥതയും തന്നെയാണ് ഭാവിയെ നിര്‍ണ്ണയിക്കുന്നതെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനും യുഡിഎഫിനും ശക്തമായ ദിശാബോധം നല്‍കാന്‍, ദേശീയ നേതൃത്വത്തിന് കരുത്ത് പകരുന്നത് പോലെ, കേരളത്തിലെ ജനങ്ങളെയും പ്രവര്‍ത്തകരെയും പ്രചോദിപ്പിച്ച്, നാളെയുടെ ഭരണത്തിന് ദിശാബോധം നല്‍കാന്‍ കഴിയുന്ന നേതാവായി കെ സി വേണുഗോപാല്‍ ഉയരട്ടെയെന്നും കെ സുധാകരന്‍ ആശംസിച്ചു.

കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യനായ സംഘാടകനും ശക്തനായ നേതാവുമായ കെ സി വേണുഗോപാല്‍ ദേശീയ തലത്തില്‍ നിര്‍ണായക ചുമതലകള്‍ നിര്‍വഹിച്ച് രാഹുല്‍ജിയുടെ കരങ്ങള്‍ക്ക് ശക്തി പകരുമ്പോഴും അദ്ദേഹത്തിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തിന് എത്രത്തോളം ആവശ്യമാണെന്ന് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചു. കേരളത്തിലെ അങ്ങോളമിങ്ങോളം പ്രവര്‍ത്തകരെ ഉണര്‍ത്തിയും, എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ആത്മവിശ്വാസം പകരുന്ന ശക്തിയായി മാറിയും, പാര്‍ട്ടിയുടെ വിജയത്തിന് പിന്നിലെ പ്രേരകശക്തിയായി അദ്ദേഹം പ്രവര്‍ത്തിച്ചു. അത് ഒരു നേതാവിന്റെ സംഘടനാ മികവിന്റെ തെളിവാണ്.

ഇന്ന് കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദര്‍ശിയുള്ള നേതൃത്വമാണ്. ലീഡര്‍ ശ്രീ. കെ. കരുണാകരന്‍, ശ്രീ എ കെ ആന്റണി, ശ്രീ ഉമ്മന്‍ചാണ്ടി, ശ്രീ വയലാര്‍ജി തുടങ്ങി…സംസ്ഥാന രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിച്ച മഹാനേതാക്കളുടെ പാത പിന്തുടര്‍ന്ന്, കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാന്‍ കെ സിക്ക് കഴിയും എന്ന ആത്മവിശ്വാസം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ശക്തമാണ്.

ഒരു നേതാവിന്റെ മഹത്വം പദവികളില്‍ അല്ല, അദ്ദേഹത്തിന്റെ പ്രവര്‍ത്തന പാരമ്പര്യത്തിലാണ് പ്രതിഫലിക്കുന്നത്. താഴെത്തട്ടില്‍ നിന്ന് സംഘടനയുടെ ഓരോ ഘട്ടവും അനുഭവിച്ച് വളര്‍ന്നുവരുന്ന ഒരു നേതാവിന് മാത്രമേ പ്രവര്‍ത്തകരുടെ മനസ്സറിയാനും അവരുടെ പ്രതീക്ഷകള്‍ക്ക് മറുപടി നല്‍കാനും കഴിയൂ.

പാര്‍ട്ടിയോടുള്ള അചഞ്ചലമായ ആത്മാര്‍ത്ഥത, പ്രതിസന്ധികളില്‍ പോലും പിന്നോട്ടില്ലാത്ത ഉറച്ച നിലപാട്, പ്രവര്‍ത്തകരോട് കാണിക്കുന്ന വിനയവും, ആദരവുമാണ് കെ സി വേണുഗോപാലിനെ വ്യത്യസ്തനാക്കുന്നത്. നേതാവെന്ന നിലയില്‍ മാത്രമല്ല, ഒരാളുടെ സഹയാത്രികനായും പ്രവര്‍ത്തകരുടെ ഇടയില്‍ നിലകൊള്ളാന്‍ കഴിയുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി.

അത്തരം നേതാക്കള്‍ ഒരു പ്രസ്ഥാനത്തിന്റെ കരുത്താണ്. അവരുടെ പ്രവര്‍ത്തന ശൈലിയും ആത്മാര്‍ത്ഥതയും തന്നെയാണ് ഭാവിയെ നിര്‍ണ്ണയിക്കുന്നത്. കോണ്‍ഗ്രസിനും യുഡിഎഫിനും ശക്തമായ ദിശാബോധം നല്‍കാന്‍, ദേശീയ നേതൃത്വത്തിന് കരുത്ത് പകരുന്നത് പോലെ, കേരളത്തിലെ ജനങ്ങളെയും. പ്രവര്‍ത്തകരെയും പ്രചോദിപ്പിച്ച് നാളെയുടെ ഭരണത്തിന് ദിശാബോധം നല്‍കാന്‍ കഴിയുന്ന നേതാവായി കെ സി വേണുഗോപാല്‍ ഉയരട്ടെ! ആ നേതൃകാലത്തിനായി പ്രതീക്ഷയോടെ…

Content Highlights: K Sudhakaran praising K C Venugopal

dot image
To advertise here,contact us
dot image