

ആലപ്പുഴ: പ്രതി ഭീഷണിപ്പെടുത്തിയ വിവരം പൊലീസിനോട് പറഞ്ഞിട്ടും എഫ്ഐആറിൽ രേഖപ്പെടുത്തിയില്ലെന്ന് കായംകുളം ലൈംഗികാതിക്രമക്കേസിലെ അതിജീവിത. പ്രതി ഭീഷണിപ്പെടുത്തിയത് മൊഴി നല്‍കിയെങ്കിലും എഫ്‌ഐആറില്‍ ചേര്‍ത്തില്ലെന്ന് അതിജീവിത റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കായംകുളം പൊലീസ് ഇക്കാര്യം മനഃപൂര്‍വം ഒഴിവാക്കുകയായിരുന്നുവെന്നും യുവതി ആരോപിച്ചു.
'ഇപ്പോള്‍ വീണ്ടും ഇക്കാര്യം കായംകുളം ഡിവൈഎസ്പിക്ക് മൊഴിയായി നല്‍കി. ആദ്യം ഡോക്ടറോട് വിവരം പറയാന്‍ എനിക്ക് കഴിഞ്ഞില്ല. പുരുഷ ഡോക്ടറോട് എങ്ങനെ പറയണമെന്ന് അറിയില്ലായിരുന്നു. ഡോക്ടറെ കാണുന്ന സമയത്ത് പ്രതിയും ആശുപത്രിയിലുണ്ടായിരുന്നു. വൈദ്യപരിശോധന ഇനി നടത്തിയിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. വൈദ്യപരിശോധന വേണ്ടെന്ന് വെച്ചത് തെളിവില്ലാതിരിക്കാനാണ്', എന്നും യുവതി ആരോപിച്ചു.
അതേസമയം അതിജീവിതയുടെ വൈദ്യപരിശോധന ഇന്ന് നടത്തും. സംഭവത്തില്‍ പ്രതിയായ വ്യാപാര വ്യവസായി ഏകോപന സമിതി നേതാവ് സിനില്‍ സവാദിനെതിരെ കൂടുതല്‍ വകുപ്പ് ചുമത്തി. മൂന്ന് വര്‍ഷം വരെ തടവുകള്‍ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അടുത്ത ദിവസം മാവേലിക്കര മജിസ്‌ട്രേറ്റ് കോടതിയില്‍ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തില്‍ പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തും.
വാഹനാപകടം നടന്നപ്പോള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി സിനില്‍ സവാദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഏപ്രില്‍ നാലിന് അര്‍ധരാത്രി കായംകുളം കെപിഎസി ജംഗ്ഷനിലായിരുന്നു അപകടം. കൊല്ലം സ്വദേശിയായ യുവതിയും കൂട്ടുകാരിയും അവരുടെ രണ്ട് മക്കളും ഭര്‍ത്താവുമൊത്ത് മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനായി പോയി. തിരികെ വരുന്നതിനിടെ കെപിഎസി ജംഗ്ഷില്‍ എത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു.
അപകടം കണ്ട് ഓടിയെത്തിയവരില്‍ ഒരാളായിരുന്നു സിനില്‍ സവാദ്. ഇയാളും മറ്റ് ആളുകളും ചേര്‍ന്ന് മറ്റൊരു പെട്ടി ഓട്ടോറിക്ഷയില്‍ പരാതിക്കാരിയായ യുവതിയെയും കുട്ടികളെയും കയറ്റി. അതിനിടെ കക്ഷത്തിലൂടെ കൈയിട്ട് മാറിടത്തില്‍ സ്പര്‍ശിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. രണ്ടും മൂന്നും തവണ ലൈംഗികാതിക്രമം കാട്ടിയെന്നും പരാതിയില്‍ പറയുന്നുണ്ട്. പൊലീസ് ഇയാളെ ആദ്യഘട്ടത്തില്‍ ചോദ്യംചെയ്തെങ്കിലും മനപ്പൂര്‍വ്വമല്ല രക്ഷാപ്രവര്‍ത്തനത്തിനിടെ സംഭവിച്ചതാണ് എന്നായിരുന്നു സവാദിന്റെ വാദം.
Content Highlights: Kayamkulam case survivor against Kerala Police