വർക്കല ട്രെയിൻ ആക്രമണം; ശ്രീക്കുട്ടിയെ നാളെ ഔഷധിയിലേക്ക് മാറ്റും, കാത്തിരിക്കുന്നുവെന്ന് ശോഭനാ ജോർജ്ജ്

ഔഷധി പഞ്ചകര്‍മ്മ ആശുപത്രിയിലാണ് ശ്രീക്കുട്ടിയെ പ്രവേശിപ്പിക്കു

വർക്കല ട്രെയിൻ ആക്രമണം; ശ്രീക്കുട്ടിയെ നാളെ ഔഷധിയിലേക്ക് മാറ്റും, കാത്തിരിക്കുന്നുവെന്ന് ശോഭനാ ജോർജ്ജ്
dot image

തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിന്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിയെ തുടര്‍ ചികിത്സയ്ക്കായി നാളെ ഔഷധി ആശുപത്രിയിലേക്ക് മാറ്റും. ഔഷധി ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ് ശ്രീക്കുട്ടിയുടെ അമ്മയുമായി സംസാരിച്ചു. ആവശ്യമായ എല്ലാ ചികിത്സകളും ഔഷധി നല്‍കുമെന്ന് ശോഭനാ ജോര്‍ജ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

ഔഷധിയിലെ ഡോക്ടര്‍മാര്‍ എല്ലാവരും താല്‍പര്യത്തോടെ കാത്തിരിക്കുകയാണ്. ഔഷധി പഞ്ചകര്‍മ്മ ആശുപത്രിയിലാണ് ശ്രീക്കുട്ടിയെ പ്രവേശിപ്പിക്കുക. ശ്രീക്കുട്ടിയെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നത്. റിപ്പോര്‍ട്ടറിലൂടെയാണ് ശ്രീക്കുട്ടിയുടെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞതെന്നും ശോഭനാ ജോര്‍ജ് പറഞ്ഞു.

കേരളത്തെ നടുക്കിയ വര്‍ക്കല ട്രെയിന്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിയുടെ ദുരവസ്ഥ ഇന്നലെ രാവിലെയാണ് റിപ്പോര്‍ട്ടര്‍ പുറത്തു വിട്ടത്. മലപ്പുറം മഞ്ചേരിയിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീക്കുട്ടിയുടെ വാക്കുകള്‍ ഏവരുടെയും കരളലയിക്കുന്നതായിരുന്നു. സ്വബോധത്തിലേയ്ക്ക് തിരിച്ച് വന്നതിന് ശേഷം ആരെങ്കിലും കാണാന്‍ വരികയോ വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് ശ്രീക്കുട്ടി പറഞ്ഞിരുന്നു. നിലവിലെ ചികത്സയ്ക്ക് സര്‍ക്കാരിന്റെ സഹായം ഇല്ലാതെ മുന്നോട്ട് പോകാനാവില്ലെന്നും ശ്രീക്കുട്ടി പറഞ്ഞിരുന്നു.

റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് ചികിത്സാ വഴിമുട്ടിയ ശ്രീക്കുട്ടിയെ സഹായിക്കാന്‍ ഔഷധി രംഗത്ത് എത്തിയത്. ശ്രീക്കുട്ടിക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് ഔഷധി ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ് റിപ്പോര്‍ട്ടറിനോട് പറയുകയായിരുന്നു.

ഔഷധിയുടെ തീരുമാനം ആശ്വാസകരമാണെന്ന് ശ്രീക്കുട്ടിയുടെ അമ്മ പ്രിയയും പ്രതികരിച്ചു. 2025 നവംബറില്‍ കേരള എക്‌സ്പ്രസില്‍ യാത്ര ചെയ്യവേ ലഹരിക്കടിമയായ സഹയാത്രികന്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ടതോടെയാണ് ശ്രീക്കുട്ടിയുടെ ജീവിതം തകിടം മറിഞ്ഞത്. എന്നാല്‍ തളരാത്ത പോരാട്ടവീര്യവുമായി അവള്‍ ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു.

Content Highlights: Sreekutty who was seriously injured in the train attack in Varkala will be shifted to Aushadhi Hospital tomorrow for further treatment

dot image
To advertise here,contact us
dot image