അധ്യാപകരുടെ സസ്‌പെൻഷൻ പുകമറ, അവർക്ക് വീണ്ടും ജോലിയിൽ കയറാം, ശമ്പളവും കിട്ടും: ജെ എസ് സിദ്ധാർത്ഥൻ്റെ അമ്മ ഷീബ

റിസര്‍വേഷനില്‍ അഡ്മിഷനെടുത്ത് കയറുന്ന കുട്ടികള്‍ അധിക്ഷേപം നേരിടേണ്ടിവരികയാണെന്നും ആര്‍ക്കും ഒരു പേടിയുമില്ലെന്നും ഷീബ പറഞ്ഞു

അധ്യാപകരുടെ സസ്‌പെൻഷൻ പുകമറ, അവർക്ക് വീണ്ടും ജോലിയിൽ കയറാം, ശമ്പളവും കിട്ടും: ജെ എസ് സിദ്ധാർത്ഥൻ്റെ അമ്മ ഷീബ
dot image

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ മരിച്ച വിദ്യാര്‍ത്ഥി നിതിന്‍ രാജിന് അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തി വയനാട് പൂക്കോട് വെറ്ററിനറി കോളേജില്‍ റാഗിങിന് ഇരയായി ജീവനൊടുക്കിയ ജെ എസ് സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ. നിതിന്റെ മൃതദേഹത്തിനരികില്‍ അല്‍പ്പസമയം നിന്ന ഷീബ മാതാപിതാക്കളെയും കണ്ടശേഷമാണ് പുറത്തിറങ്ങിയത്. അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെല്ലാം പുകമറയാണെന്നും ഇവിടെ ഒന്നും നടക്കാന്‍ പോകുന്നില്ലെന്നും ഷീബ പറഞ്ഞു. സിദ്ധാര്‍ത്ഥിൻ്റെ മരണശേഷം ഇതാദ്യമായാണ് താന്‍ പുറത്തിറങ്ങുന്നതെന്നും അവര്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു. റിസര്‍വേഷനില്‍ അഡ്മിഷനെടുത്ത് കയറുന്ന കുട്ടികള്‍ അധിക്ഷേപം നേരിടേണ്ടിവരികയാണെന്നും ആര്‍ക്കും ഒരു പേടിയുമില്ലെന്നും ഷീബ പറഞ്ഞു.

'അവന്റെ മരണശേഷം എന്തെങ്കിലും ഒരു കാര്യത്തിന് പുറത്തിറങ്ങിയത് ഇന്നാണ്. എനിക്ക് മറ്റൊരു ചടങ്ങിനും പരിപാടികള്‍ക്കും പോകാന്‍ തോന്നാറില്ല. ഇത് അറിഞ്ഞപ്പോള്‍ അതേ അവസ്ഥയാണ്. ഇവിടെ ഒന്നും നടക്കാന്‍ പോകുന്നില്ല. സസ്‌പെന്‍ഷനെല്ലാം പുകമറയാണ്. ആര്‍ക്കും ഒരുപേടിയുമില്ല. അവര്‍ക്ക് തിരികെ ജോലിയില്‍ കേറാം. സാലറി കിട്ടും. പൂക്കോട് പോയ സമയത്തും സ്വാഭാവിക മരണമെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് ഒരുമാസത്തോളം ഓരോ പുതിയ പുതിയ കാര്യങ്ങളാണ് അറിഞ്ഞത്. ഇതെല്ലാം അവിടെ നടന്നതാണ്. അവന്‍ ഉപയോഗിച്ച പേഴ്‌സും ബെല്‍റ്റും കണ്ണടയും പോലും ഇതുവരെ കിട്ടിയിട്ടില്ല. അതെവിടെയെന്ന് പറയാന്‍ പോലും ഒരു അധികാരികളും തയ്യാറാല്ല. അവര്‍ക്ക് മറുപടിയില്ല. മോന്‍ പോയതിന് എന്തെങ്കിലും അര്‍ത്ഥമുണ്ടാകണമെങ്കില്‍ ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. അത് വീണ്ടും നടക്കുന്നത് ശിക്ഷാ ഇളവുകളുളളതുകൊണ്ടാണ്. ആര്‍ക്കും പേടിയില്ല. റിസര്‍വേഷനില്‍ കേറുന്ന കുട്ടികള്‍ക്ക് അധിക്ഷേപം നേരിടേണ്ടിവരുന്നുണ്ട്'- ഷീബ പറഞ്ഞു.

2024 ഫെബ്രുവരിയിലാണ് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളുടെ സംശയത്തിന് പിന്നാലെ റാഗിങ് സെൽ നടത്തിയ അന്വേഷണത്തിലാണ് സിദ്ധാർത്ഥ് ക്രൂരമായി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിഞ്ഞത്. 

അതേസമയം, നിതിൻ രാജിന്റെ മരണത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകർക്ക് എതിരെ മാതാപിതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണെന്നും അടിയന്തരമായി വിഷയത്തിൽ ഇടപെടുമെന്നും യുവജന കമ്മീഷൻ അറിയിച്ചു. ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. നിതിന്റെ മരണത്തില്‍ അധ്യാപകര്‍ക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. വകുപ്പ് മേധാവിയുടെ മാനസിക പീഡനമാണ് നിതിന്‍ രാജിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ജാതിയുടെയും നിറത്തിന്റെയും അടിസ്ഥാനത്തില്‍ എച്ച്ഒഡി അധിക്ഷേപിച്ചിരുന്നതായി നിതിന്റെ പിതാവ് രാജന്‍ ആരോപിച്ചു. കുട്ടിയെ 'പുഴുത്ത പട്ടി' എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നതെന്ന് അമ്മ ലത പറഞ്ഞു. സീനിയേഴ്സിന്റെ ഭാഗത്തുനിന്നും റാഗിങ് ഉണ്ടായെന്നും ആരോപണമുണ്ട്.

Content Highlights: Suspension of teachers is just a show, nothing will happen to them says js sidharthan mother

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us