'നീതിക്കൊപ്പം നിൽക്കുന്ന ഒരു അധ്യാപകൻ ഉണ്ടായിരുന്നെങ്കിൽ വിദ്യാർത്ഥിക്ക് ഹിംസ നേരിടേണ്ടി വരില്ലായിരുന്നു'

മനുഷ്യമനസില്‍ കരുണ, നീതി എന്ന ബോധ്യമുള്ള ഒരാളെങ്കിലും ഇല്ലേ എന്ന് ചോദിക്കേണ്ടി വരുമെന്നും ടി എസ് ശ്യാംകുമാര്‍

'നീതിക്കൊപ്പം നിൽക്കുന്ന ഒരു അധ്യാപകൻ ഉണ്ടായിരുന്നെങ്കിൽ വിദ്യാർത്ഥിക്ക് ഹിംസ നേരിടേണ്ടി വരില്ലായിരുന്നു'
dot image

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതികരിച്ച് ആക്ടിവിസ്റ്റ് ടി എസ് ശ്യാംകുമാര്‍. കേരളത്തില്‍ നടക്കുന്ന ആദ്യത്തെ സംഭവമല്ലിതെന്നും അവസാനത്തേത് ആണെന്ന് താന്‍ കരുതുന്നില്ലെന്നും ടി എസ് ശ്യാംകുമാര്‍ പറഞ്ഞു. ജാതി വിഷയത്തെ ആഴത്തില്‍ അഭിസംബോധന ചെയ്യുന്നതില്‍ നാം സമ്പൂര്‍ണമായി പരാജയപ്പെട്ടെന്ന് അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'പുരോഗമന കേരളമാണെന്നും കമ്യൂണിസ്റ്റ് കേരളമാണെന്നും നാം പറയാറുണ്ട്. ഇത് കണ്ണൂരാണ് സംഭവിച്ചതെന്ന് നാം വളരെ പ്രാധാന്യത്തോടെ കാണണം. ജാതി വിഷയത്തെ ആഴത്തില്‍ അഭിസംബോധന ചെയ്യുന്നതില്‍ നാം സമ്പൂര്‍ണമായി പരാജയപ്പെട്ടിരിക്കുന്നുവെന്നതാണ് ഇത് തെളിയിക്കുന്നത്. നിതിന്‍ രാജിന്റേത് ആത്മഹത്യയല്ല, കൊലപാതകമാണ്. എന്‍ കെ റാമും, സംഗീത നമ്പ്യാരുമടക്കമുള്ള ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് അത് നടന്നത്. നീതിയുടെ പക്ഷത്ത് നില്‍ക്കുന്ന ഒരു അധ്യാപകന്‍ എങ്കിലും കണ്ണൂര്‍ ഡെന്റല്‍ കോളേജില്‍ ഉണ്ടായിരുന്നെങ്കില്‍ ആ വിദ്യാര്‍ത്ഥിക്ക് അത്തരമൊരു ഹിംസ നേരിടേണ്ടി വരില്ലായിരുന്നു', ടി എസ് ശ്യാംകുമാര്‍ പറഞ്ഞു.

ആ കുട്ടി ഒരു പീഡനമേറ്റ സന്ദര്‍ഭത്തില്‍ കൂടെ നില്‍ക്കാന്‍ ഒരു അധ്യാപകനോ, അധ്യാപികയോ ഉണ്ടായിരുന്നോ എന്ന് പുരോഗമന കേരളം ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യമനസില്‍ കരുണ, നീതി എന്ന ബോധ്യമുള്ള ഒരാളെങ്കിലും ഇല്ലേ എന്ന് ചോദിക്കേണ്ടി വരും. നിറത്തിന്റെ പേരില്‍, അമ്മയുടെ രോഗത്തിന്റെ പേരില്‍, അച്ഛന്റെ തൊഴിലിന്റെ പേരില്‍ നിരന്തരം അപമാനിക്കുന്ന ഒരു കൂട്ടം അധ്യാപകര്‍ കോളേജില്‍ ഉണ്ടാകുന്നുവെന്നത് ഇന്ത്യന്‍ ഭരണഘടനയെ അപമാനിക്കുന്ന പ്രതിഭാസമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തില്‍പ്പെട്ടവര്‍ എത്രമാത്രം പ്രതിസന്ധികള്‍ തരണം ചെയ്താണ് ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവരുന്നത്. അങ്ങനെ വരുന്ന വിദ്യാര്‍ത്ഥികളെ ഒരു തരത്തിലും പരിഗണിക്കാതെ അവരെ സമ്പൂര്‍ണമായി പുറന്തള്ളുന്ന, കൊന്നൊടുക്കുന്ന, ആ വിഭാഗത്തിലുള്ളവര്‍ ഉയര്‍ന്ന വിദ്യാഭ്യസ-തൊഴില്‍ മേഖലയിലേക്ക് ഒരിക്കലും വരാന്‍ അനുവദിക്കാത്ത സ്ഥാപന ഹിംസ കേരളത്തിലെ പ്രൊഫഷണല്‍ കോളേജില്‍ നിലനില്‍ക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മുതലുള്ള കാര്യങ്ങളില്‍ ജാഗ്രത ഉണ്ടാകണം. ഉന്നത ഇടങ്ങളില്‍ വലിയ ഇടപാടുകളുള്ളവരാണിവര്‍. അതുകൊണ്ട് ഇത് തേച്ച് മാച്ച് കളയും. അവസാനം സസ്‌പെന്‍ഷന്‍ കഴിഞ്ഞ് ജോലിയിലേക്ക് വരും. ഈ അധ്യാപകരെ പിരിച്ച് വിടണം', ടി എസ് ശ്യാംകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഈ മാസം 10നാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപം. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുണ്ടായിരുന്നു. പല ഘട്ടങ്ങളിലായി നിതിനോട് വൈരാഗ്യം കാണിച്ചിരുന്നു. കോളേജില്‍ നേരിടുന്ന അധിക്ഷേപങ്ങളെക്കുറിച്ച് കുട്ടി വീട്ടില്‍ പറയുകയും കുറച്ചുനാള്‍ വീട്ടില്‍ വന്ന് നില്‍ക്കുകയും ചെയ്തിരുന്നു.

മരിച്ച ദിവസം രാവിലെ പതിനൊന്ന് മണിയ്ക്ക് ഭക്ഷണം കഴിക്കാന്‍ പൈസ വേണമെന്ന് സഹോദരിയെ വിളിച്ച് ആവശ്യപ്പെടുകയും അവര്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഒന്നരയോടെ കോളേജില്‍ നിന്ന് ഒരു അധ്യാപിക വിളിച്ച് നിതിന്‍ കെട്ടിടത്തില്‍ നിന്ന് വീണ് അപകടം പറ്റിയിട്ടുണ്ട് ഉടന്‍ വരണമെന്ന് അമ്മ ലതയോട് പറയുകയായിരുന്നു. കുട്ടി മരിച്ച വിവരം പോലും കോളേജ് അധികൃതര്‍ വിളിച്ചുപറഞ്ഞില്ല. വാര്‍ത്ത കണ്ട് ബന്ധുക്കള്‍ വിളിച്ചപ്പോഴാണ് വിവരമറിഞ്ഞതെന്ന് കുടുംബം ആരോപിച്ചു.

Content Highlights: Activist T S Syamkumar on Nithin Raj's death. He says this is not first incident in Kerala and he asked to desmissed alleged teachers in this incident

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us