

കൊച്ചി: എറണാകുളത്ത് നിന്ന് മുഖ്യമന്ത്രി വേണമെന്ന ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രസ്താവനയെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍. പ്രതികരണം അപക്വമെന്ന് കെ ബാബു പ്രതികരിച്ചു. മുഖ്യമന്ത്രി ആരാണെന്ന് പറയാന്‍ താന്‍ യോഗ്യനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'എല്ലാ ജില്ലക്കാര്‍ക്കും അവിടെ നിന്ന് ഒരു മുഖ്യമന്ത്രി ഉണ്ടാവണം എന്നുണ്ടാവില്ലേ. ഇപ്പോള്‍ അത്തരം ചര്‍ച്ചകളുടെ ആവശ്യം ഇല്ല. മുഖ്യമന്ത്രി ആരാണെന്ന് പറയാന്‍ ഞാന്‍ യോഗ്യനല്ല. അഭിപ്രായം പറയുന്നതിന്റെ ഏഴയലത്ത് എത്താന്‍ പോലും ഞാന്‍ യോഗ്യനല്ല. പ്രതിപക്ഷ നേതാവാണ് കഴിഞ്ഞ അഞ്ചുകൊല്ലം യുഡിഎഫിനെ നയിച്ചത്. യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി ചര്‍ച്ചക്ക് യാതൊരു പ്രസക്തിയും ഇല്ല', കെ ബാബു പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മുഖ്യമന്ത്രി ആകാന്‍ പറ്റിയ ആരുടെ എങ്കിലും പേര് പറയാന്‍ പറ്റുമോയെന്ന് ചോദിച്ച ബാബു 10 കൊല്ലമായി ഇടത് ഭരണം നടക്കുകയാണെന്നും ആ ഭരണം അവസാനിപ്പിക്കാന്‍ ജനങ്ങള്‍ക്ക് താല്‍പര്യം ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു. എത്ര സീറ്റുകള്‍ ലഭിക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഇത്തരത്തില്‍ പ്രതികരിക്കരുതെന്ന് ദീപ്തി മേരി വര്‍ഗീസും നിലപാടെടുത്തു. മുഖ്യമന്ത്രി ആരാകുമെന്ന ചര്‍ച്ചയ്ക്കുള്ള സമയമായിട്ടില്ലെന്ന് ചാണ്ടി ഉമ്മനും പറഞ്ഞു.
എറണാകുളത്ത് നിന്നൊരാൾ മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു ഷിയാസിന്റെ പ്രതികരണം. കേരളത്തിലെ പ്രതിപക്ഷത്തെ ശക്തമായി നയിച്ച ആളാണ് സതീശൻ. 10 വർഷത്തെ എല്ലാ തളർച്ചയും ചൂണ്ടിക്കാണിക്കുകയും നമ്മുടെ നാട് ഈ രീതിയിൽ ആകണം എന്ന് ആഗ്രഹിക്കുന്ന മനുഷ്യർക്ക് ഒരു പ്രതീക്ഷ നൽകുകയും ചെയ്യുന്ന നേതാവാണ് സതീശൻ. അപശബ്ദങ്ങളില്ലാതെ എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാനും ഏകോപിപിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഭാവി കേരളത്തെക്കുറിച്ച് അദ്ദേഹത്തിന് നല്ല കാഴ്ച്ചപ്പാടുണ്ടെന്നും ഷിയാസ് പറഞ്ഞിരുന്നു.
അതേസമയം, വോട്ടെടുപ്പിന് പിന്നാലെ മുഖ്യമന്ത്രിക്കസേരയ്ക്കായി കോണ്‍ഗ്രസില്‍ ചരടുവലി തുടങ്ങി. മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ഉറപ്പാക്കാനാണ് കെ സി വേണുഗോപാല്‍ പക്ഷത്തിന്റെ ശ്രമം. സ്ഥാനാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും കെ സിക്കൊപ്പമെന്നാണ് സൂചന. എ വിഭാഗത്തിന്റെ പിന്തുണയും കെ സി വേണുഗോപാലിനുണ്ട്. മുഖ്യമന്ത്രി പദത്തിനായുള്ള നീക്കം രമേശ് ചെന്നിത്തല പക്ഷവും ശക്തമാക്കിയിട്ടുണ്ട്.
Content Highlights: k babu rejects muhammed shiyas's responds over chief minister from ernakulam