

തിരുവനന്തപുരം: 90ന് മുകളില്‍ സീറ്റുകൾ നേടി എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. 2016, 2021 തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുമെന്നും സര്‍ക്കാര്‍ തുടരണമെന്നാണ് ജനങ്ങളുടെ കാഴ്ചപ്പാടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
വോട്ടിംഗ് ശതമാനത്തിലെ വര്‍ധനവ് ഭരണവിരുദ്ധ വികാരത്തിന്റെ തെളിവായി കണ്ടാണ് നൂറിലധികം സീറ്റിലേക്ക് പോകുന്നുവെന്ന് യുഡിഎഫ് പ്രചരണം ആരംഭിച്ചത്. ഈ പ്രചാരണത്തിനൊന്നും യാതൊരു അടിസ്ഥാനവുമില്ല. 2.40കോടി വോട്ടര്‍മാരാണ് എസ്‌ഐആറിന് മുമ്പ് ഉണ്ടായിരുന്നത്. തീവ്രപരിഷ്‌കരണത്തിന് ശേഷം 2.17കോടി വോട്ടര്‍മാരായി ചുരുങ്ങി. അവരില്‍ 78.27 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് കണക്ക്. 2021ലേതിനേക്കാള്‍ 94 മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ പേര്‍ കുറഞ്ഞത്. 47,647 വോട്ടര്‍മാരുടെ കുറവുണ്ടായി. 71 മണ്ഡലങ്ങളില്‍ പോളിംഗ് 2021നേക്കാള്‍ കുറഞ്ഞു. അസാധാരണ വോട്ടുവര്‍ധനയുണ്ടായെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ പണക്കൊഴുപ്പില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടുവെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. കിറ്റും പണവും സാരിയും ഇതില്‍ ഉണ്ട്. ഉത്തരേന്ത്യയില്‍ കാണുന്ന രീതിയിലുള്ള വൈകൃതങ്ങള്‍ ഇവിടേയും കണ്ടു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരണമെന്നാണ് ജനങ്ങളുടെ കാഴ്ചപ്പാട്. 90 സീറ്റില്‍ കൂടുതല്‍ നേടി എല്‍ഡിഎഫ് അധികാരത്തില്‍ വരും. ജനങ്ങള്‍ ഇത് നിശ്ചയദാര്‍ഢ്യത്തോടെ തീരുമാനിച്ചുകഴിഞ്ഞുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
യുഡിഎഫിന്റെ നൂറ് സീറ്റ് അവകാശവാദത്തെ എം വി ഗോവിന്ദന്‍ പരിഹസിച്ചു. യുഡിഎഫും ചില മാധ്യമങ്ങളും വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നു. കഴിഞ്ഞ തവണയും വിശ്രമ സമയത്ത് യുഡിഎഫ് മന്ത്രിസഭാ രൂപീകരണം പോലും നടത്തി. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിസ്ഥാനം പങ്കിടുമെന്ന് തീരുമാനിച്ചു. മന്ത്രിമാരുടെ ലിസ്റ്റും പേഴ്സണല്‍ സ്റ്റാഫിന്റെ പട്ടികയും വരെ അന്ന് സാങ്കല്‍പ്പികമായി തീരുമാനിച്ചിരുന്നുവെന്നാണ് എം വി ഗോവിന്ദന്റെ പരിഹാസം. വി ഡി സതീശനോട് വനവാസത്തിന് പോകരുതെന്ന് പറയണം. രാഷ്ട്രീയ പ്രവര്‍ത്തകന്‍ വനവാസത്തിന് പോകേണ്ടതില്ല. സതീശന്‍ കേരളത്തില്‍ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണം പറഞ്ഞതെല്ലാം ജനം ക്ഷമിച്ചോളും എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റും ലഭിക്കില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും സിപിഐഎം രംഗത്തെത്തി. 20,000ത്തിലധികം ജീവനക്കാര്‍ക്ക് ഇത്തവണ വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. കൃത്യമായ കണക്ക് പോലും തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയില്‍ നല്‍കാനായില്ല. പ്രത്യേകം റിക്രൂട്ട് ചെയ്ത വോളന്റിയര്‍മാര്‍ക്കും വോട്ട് ചെയ്യാനായില്ല. വോട്ടവകാശമുള്ള എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ കഴിയണം. സാങ്കേതികത്വം പറഞ്ഞ് വോട്ട് നിഷേധിക്കരുത്. കോടതി ഉള്‍പ്പെടെ ചേര്‍ന്നുകൊണ്ട് ഈ ഭരണഘടനാ ലംഘനം അവസാനിപ്പിക്കണം എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം കേരളത്തിലുടനീളം ഉണ്ടായിട്ടില്ലെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി വന്നിട്ടില്ല. സര്‍ക്കാര്‍ വിരുദ്ധ വികാരം ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ തുടരണമെന്ന വികാരമാണ് ഉണ്ടായത്. സിപിഐഎം വിട്ടുപോയവര്‍ മത്സരിച്ച സീറ്റുകളില്‍ ഒന്നും അവര്‍ ജയിക്കില്ല. താന്‍ വാര്‍ത്താസമ്മേളനങ്ങളില്‍ നിന്ന് വിട്ടുനിന്നെന്ന പ്രചരണം അസംബന്ധമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
Content Highlights: LDF will continue to rule by winning over 90 seats Said M V Govindan