ഡല്‍ഹിയില്‍ പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് നിരോധനം വരുന്നു; ഇവികള്‍ക്ക് ഇളവുകള്‍, വന്‍ ബിസിനസ് അവസരം

മലിനീകരണമുണ്ടാക്കുന്ന പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ നല്‍കുന്നവര്‍ക്ക് പുതിയ ഇലക്ട്രിക് വാഹനം വാങ്ങുമ്പോള്‍ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

ഡല്‍ഹിയില്‍ പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് നിരോധനം വരുന്നു; ഇവികള്‍ക്ക് ഇളവുകള്‍, വന്‍ ബിസിനസ് അവസരം
dot image

വായുമലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ഡല്‍ഹി ഇലക്ട്രിക് വെഹിക്കിള്‍ പോളിസി 2026-2030' എന്ന പേരില്‍ പുതിയ വാഹനനയത്തിന്റെ കരട് ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കി. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള നയത്തില്‍ പെട്രോള്‍ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണമാണ് പ്രധാന നിര്‍ദേശങ്ങളിലൊന്ന്. 2028 ഏപ്രില്‍ 1 മുതല്‍ ഡല്‍ഹിയില്‍ പുതിയ പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കില്ല. അതിനുശേഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാനാകൂ. 2027 ജനുവരി 1 മുതല്‍ പുതിയ ത്രീ-വീലറുകളുടെ രജിസ്‌ട്രേഷന്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും.

two wheeler parking

ഒല, ഊബര്‍ പോലുള്ള ടാക്‌സി സേവനങ്ങളില്‍ 2026 ജനുവരി 1 മുതല്‍ പുതിയ പെട്രോള്‍/ ഡീസല്‍ വാഹനങ്ങള്‍ (ഇരുചക്ര വാഹനങ്ങളും ചെറിയ ചരക്ക് വാഹനങ്ങളും) ഉള്‍പ്പെടുത്താന്‍ പാടില്ല. 30 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് കാറുകള്‍ക്ക് റോഡ് ടാക്‌സിലും രജിസ്‌ട്രേഷന്‍ ഫീസിലും 100 ശതമാനം ഇളവ് നല്‍കും. ഈ ആനുകൂല്യം 2030 മാര്‍ച്ച് 31 വരെ ലഭ്യമായിരിക്കും. സ്‌ട്രോങ് ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് നികുതിയില്‍ 50% ഇളവ് നല്‍കാന്‍ നിര്‍ദേശമുണ്ട്. ഇരുചക്ര വാഹനങ്ങള്‍ക്ക് ബാറ്ററിയുടെ കപ്പാസിറ്റി അനുസരിച്ച് ആദ്യ വര്‍ഷം 30,000 രൂപവരെ സബ്‌സിഡി ലഭിക്കും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ തുക യഥാക്രമം 20,000, 10,000 എന്നിങ്ങനെ കുറയും.

മലിനീകരണമുണ്ടാക്കുന്ന പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ നല്‍കുന്നവര്‍ക്ക് പുതിയ ഇലക്ട്രിക് വാഹനം വാങ്ങുമ്പോള്‍ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും. 2030ഓടെ കുറഞ്ഞത് 30 ശതമാനം സ്‌കൂള്‍ ബസുകളെങ്കിലും ഇലക്ട്രിക് ആക്കണമെന്ന് നയം ലക്ഷ്യമിടുന്നു. സര്‍ക്കാര്‍ ഉപയോഗത്തിനായുള്ള വാഹനങ്ങളും ഘട്ടം ഘട്ടമായി ഇലക്ട്രിക്കിലേക്ക് മാറ്റും. നഗരത്തിലുടനീളം ചാര്‍ജിങ് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കാനും ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തമാക്കാനും പദ്ധതിയുണ്ട്. പൊതുജനത്തിന് കരട് നയത്തിന്മേല്‍ 30 ദിവസത്തിനുള്ളില്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാവുന്നതാണ്. വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം ഡല്‍ഹിയിലെ ആകെ വായുമലിനീകരണത്തിന്റെ 23 ശതമാനത്തോളം വരുന്ന സാഹചര്യത്തിലാണ് നിര്‍ണായക നീക്കം.

വാഹന വിപണിയുടെ ഘടന മാറും

പുതിയ ഇലക്ട്രിക് വെഹിക്കിള്‍ നയം പരിസ്ഥിതി സൗഹൃദ പദ്ധതി മാത്രമല്ല, മറിച്ച് തലസ്ഥാനത്തെ വാഹന വിപണിയുടെ ഘടനയെ തന്നെ മാറ്റിമറിക്കാന്‍ പോകുന്ന ഒരു സാമ്പത്തിക നയമാണ്. പുതിയ പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ നിരോധിക്കുന്നത് ഹീറോ, ഹോണ്ട, ടിവിഎസ് തുടങ്ങി പ്രമുഖ കമ്പനികളുടെ ബിസിനസ് മോഡലുകളെ ബാധിക്കും. ഇതോടെ നിര്‍മാതാക്കള്‍ തങ്ങളുടെ ഉല്‍പാദന കേന്ദ്രങ്ങള്‍ പൂര്‍ണമായും ഇലക്ട്രിക് യൂണിറ്റുകളിലേക്ക് മാറ്റാന്‍ നിര്‍ബന്ധിതരാകും. 30 ലക്ഷം രൂപ വരെയുള്ള ഇലക്ട്രിക് കാറുകള്‍ക്ക് 100 ശതമാനം നികുതി ഇളവ് നല്‍കുന്നത് പ്രീമിയം ഇലക്ട്രിക് കാര്‍ വിപണിയില്‍ (ടാറ്റ, എംജി, മഹീന്ദ്ര തുടങ്ങിയവ) വലിയ മുന്നേറ്റമുണ്ടാക്കും.

പഴയ വാഹനങ്ങള്‍ ഒഴിവാക്കുന്നവര്‍ക്ക് നല്‍കുന്ന ഇന്‍സെന്റീവ് (കാറുകള്‍ക്ക് 1 ലക്ഷം, ചരക്ക് വാഹനങ്ങള്‍ക്ക് 50,000 രൂപ) രാജ്യത്തെ വെഹിക്കിള്‍ സ്‌ക്രാപ്പിങ് വ്യവസായത്തിന് വലിയ ഉത്തേജനം നല്‍കും. റീസൈക്ലിംഗ് മേഖലയില്‍ പുതിയ ബിസിനസ് സാധ്യതകള്‍ ഇത് തുറക്കുന്നു. വാഹനങ്ങള്‍ വര്‍ധിക്കുന്നതോടെ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്ന മേഖലയില്‍ വന്‍ നിക്ഷേപത്തിന് സാധ്യതയുണ്ട്. സ്വകാര്യ സംരംഭകര്‍ക്ക് ചാര്‍ജിങ് ശൃംഖലകള്‍ ആരംഭിക്കുന്നതിനും ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ തുടങ്ങുന്നതിനും അനുകൂലമായ സാഹചര്യമാണ് നയം ഒരുക്കുന്നത്.

കിലോവാട്ട് അവര്‍ അടിസ്ഥാനത്തിലുള്ള സബ്‌സിഡി ബാറ്ററി നിര്‍മാണ മേഖലയ്ക്ക് ഗുണകരമാകും. വാഹനത്തിന്റെ വില കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നതിനാല്‍ ഉപഭോക്താക്കള്‍ ഇവികളിലേക്ക് വേഗത്തില്‍ മാറും. സ്‌ട്രോങ്ങ് ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതി ഇളവ് നല്‍കുന്നത് ടൊയോട്ട, മാരുതി സുസുക്കി തുടങ്ങിയ കമ്പനികളുടെ ഹൈബ്രിഡ് മോഡലുകള്‍ക്ക് വിപണിയില്‍ പുതിയ ഊര്‍ജ്ജം നല്‍കും. ഡല്‍ഹിയിലെ വാഹന വിപണിയെ ഗ്രീന്‍ ഇക്കോണമിയിലേക്ക് നയിക്കുന്നതാകും പുതിയ പോളിസി. ഇത് ഓട്ടോമൊബൈല്‍ നിര്‍മാതാക്കള്‍ക്കും, ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികള്‍ക്കും, ബാറ്ററി ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്കും വന്‍ ബിസിനസ് അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.

Content Highlights: Delhi to ban new petrol two-wheelers from 2028: Govt proposes 100% tax relief for EVs up to ₹30L; Check major benefits for citizens switching to EVs

dot image
To advertise here,contact us
dot image