'വട്ടിയൂർക്കാവ് സേഫ്, ബിജെപി-കോൺഗ്രസ് അതൃപ്‌തി വോട്ടുകൾ കൂടി തനിക്ക് ലഭിക്കും'; വി കെ പ്രശാന്ത്

നല്ല ഭൂരിപക്ഷത്തിൽ താൻ ജയിക്കുമെന്നും പ്രശാന്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു

'വട്ടിയൂർക്കാവ് സേഫ്, ബിജെപി-കോൺഗ്രസ് അതൃപ്‌തി വോട്ടുകൾ കൂടി തനിക്ക് ലഭിക്കും'; വി കെ പ്രശാന്ത്
dot image

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലം സേഫ് ആണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ എംഎൽഎയുമായ വി കെ പ്രശാന്ത് റിപ്പോർട്ടറിനോട്. ഒരു ലക്ഷത്തി ഇരുപത്തി ഏഴായിരത്തിൽ പരം ആളുകൾ വോട്ട് ചെയ്തു. വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ പശ്ചാത്തലത്തിൽ വോട്ടിങ് ശതമാനത്തിൽ വർധനവ് പറയാൻ സാധിക്കില്ല. താൻ ശുഭാപ്തി വിശ്വാസത്തിലാണ് എന്നും ആളുകൾ എൽഡിഎഫിന് തന്നെയാണ് വോട്ടുകൾ ചെയ്തത് എന്നും വി കെ പ്രശാന്ത് പറഞ്ഞു.

നല്ല ഭൂരിപക്ഷത്തിൽ താൻ ജയിക്കുമെന്നും പ്രശാന്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒന്നോ രണ്ടോ മേഖലകളിൽ ഒഴികെ എൽഡിഎഫിന് അനുകൂലമായ വിധിയെഴുത്താണ് ഉണ്ടായിരിക്കുന്നത്. താൻ കഴിഞ്ഞ അഞ്ച് വർഷവും നാട്ടിൽ ഉണ്ടായിട്ടുണ്ട്. ആളുകൾ അതെല്ലാം വിലയിരുത്തും. മറുവശത്ത് ബിജെപി സ്ഥാനാർത്ഥി ഉണ്ടാക്കിയ അതൃപ്തി, മുരളീധരന്റെ മടങ്ങിവരവ് എന്നിങ്ങനെയുള്ള ചർച്ചകൾ മണ്ഡലത്തിൽ വ്യാപകമായിട്ടുണ്ട്. അതുകൊണ്ട് മറ്റ് പാർട്ടികളിലെ വോട്ടുകളും തനിക്ക് തന്നെ ലഭിക്കുമെന്നും വി കെ പ്രശാന്ത് പറഞ്ഞു.

സംസ്ഥാനത്ത് വോട്ടിങ് ശതമാനം വർധിച്ചത് ഒരുതരത്തിലും വട്ടിയൂർക്കാവിലെ ബാധിക്കില്ലെന്നും വി കെ പ്രശാന്ത് പറഞ്ഞു. കഴിഞ്ഞ വർഷത്തിന് സമാനമായ വോട്ടിങ് തന്നെയാണ് ഇപ്രാവശ്യവും നടന്നത്. നെഗറ്റീവ് വോട്ടിങിലേക്ക് വട്ടിയൂർക്കാവ് പോയിട്ടില്ല എന്നും പ്രശാന്ത് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നേരിട്ട പോസ്റ്റൽ ബാലറ്റ് പ്രതിസന്ധിയിലും പ്രശാന്ത് പ്രതികരിച്ചു. ഉദ്യോഗസ്ഥർക്ക് പോലും ബാലറ്റ് പേപ്പർ നൽകാൻ കഴിയില്ല എന്നാൽ എന്ത് അലംഭാവമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കാണിക്കുന്നത്. എസ്‌ഐആർ തന്നെ സങ്കീർണമാക്കിയതാണ്. കുറെയധികം ആളുകളുടെ ജനാധിപത്യ അവകാശം നിഷേധിച്ചു. അതിൽ രാഷ്ട്രീയ ഉദ്ദേശമുണ്ട് എന്ന് എല്ലാവർക്കും അറിയാം. ജനാധിപത്യ അവകാശത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ശരിയല്ല എന്നും വി കെ പ്രശാന്ത് പറഞ്ഞു.

Content Highlights: LDF candidate and former MLA V K Prasanth has expressed strong confidence about retaining the Vattiyoorkavu constituency in the Kerala Assembly elections. Speaking to Reporter, he stated that the constituency remains a safe seat for the LDF, reflecting optimism within the party regarding the election outcome.

dot image
To advertise here,contact us
dot image