'തങ്ങൾ തോറ്റാലും ബിജെപി ജയിക്കണം എന്നായിരുന്നു കോൺഗ്രസിന്, അവർ അതിനുളള ശ്രമമാണ് നടത്തിയത്': വി ശിവൻകുട്ടി

പല പോളിംഗ് സ്‌റ്റേഷനുകളിലും ഉച്ചയ്ക്ക് ശേഷം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരെ കാണാതായ സാഹചര്യവുമുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു

'തങ്ങൾ തോറ്റാലും ബിജെപി ജയിക്കണം എന്നായിരുന്നു കോൺഗ്രസിന്, അവർ അതിനുളള ശ്രമമാണ് നടത്തിയത്': വി ശിവൻകുട്ടി
dot image

തിരുവനന്തപുരം: തങ്ങള്‍ തോറ്റാലും നേമത്ത് ബിജെപി ജയിക്കണം എന്നായിരുന്നു കോണ്‍ഗ്രസിനെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ബിജെപിയ്ക്ക് വോട്ട് മറിച്ച് എല്‍ഡിഎഫിനെ തോല്‍പ്പിക്കാനുളള ശ്രമമാണ് കോണ്‍ഗ്രസ് നടത്തിയതെന്നും നേമത്തെ പല പോളിംഗ് സ്‌റ്റേഷനുകളിലും ഉച്ചകഴിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇല്ലായിരുന്നെന്നും വി ശിവന്‍കുട്ടി പറഞ്ഞു. പണാധിപത്യം കൊണ്ട് ജനാധിപത്യത്തെ വാങ്ങുന്ന നാണംകെട്ട പാര്‍ട്ടിയായി ബിജെപി മാറിയെന്നും നേമത്തും ബിജെപി പണവും മദ്യവും മയക്കുമരുന്നും ഒഴുക്കിയെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

സര്‍ക്കാര്‍ അനുകൂലമായ നിലപാടാണ് വോട്ടര്‍മാര്‍ സ്വീകരിച്ചത്. നേമത്ത് നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രിയെന്ന നിലയില്‍ എന്റെ ഇടപെടലിനും 15 വര്‍ഷക്കാലമായുളള നേമം കേന്ദ്രീകരിച്ചുളള പ്രവര്‍ത്തനത്തിനും സുപരിചിതനായ വ്യക്തി എന്ന നിലയിലും എനിക്ക് അനുകൂലമാണ് പോളിംഗ് ശതമാനവും കൂടിയിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ കൂടുതലായിട്ടുണ്ട്. യുഡിഎഫിനും ബിജെപിയ്ക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുക എന്ന അജണ്ടയാണ് ഉണ്ടായിരുന്നത്. മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനുളള ശ്രമം യുഡിഎഫിന്റെ ഭാഗത്തുനിന്നും ഉണ്ടായി. ആ വോട്ടുകള്‍ കിട്ടുന്നത് ബിജെപിക്കാണ്. കോൺഗ്രസ് പരാജയപ്പെടും അപ്പോള്‍ ബിജെപിയെ ജയിപ്പിക്കാനുളള ശ്രമം അവര്‍ നടത്തിയിട്ടുണ്ട്. പല പോളിംഗ് സ്‌റ്റേഷനുകളിലും ഉച്ചയ്ക്ക് ശേഷം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരെ കാണാതായ സാഹചര്യവുമുണ്ട്': വി ശിവന്‍കുട്ടി പറഞ്ഞു.

സര്‍ക്കാര്‍ വിരുദ്ധ വികാരം ഒരിടത്തുമില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ചര്‍ച്ച നടത്താന്‍ പോലും അവര്‍ തയ്യാറായിട്ടില്ല. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാര്‍ പോലും ഇവിടെവന്ന് വികസനമല്ല ചര്‍ച്ച ചെയ്തത്. ഇവിടുത്തെ മുഖ്യമന്ത്രിയെ മോശംഭാഷയില്‍ അധിക്ഷേപിക്കുകയാണ് ചെയ്തത്. വികസനം ചര്‍ച്ച ചെയ്യുന്നതിന് പകരം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി വന്ന് ഇവിടുത്തെ മുഖ്യമന്ത്രിയുടെ തന്തയ്ക്ക് വിളിച്ച് പോകുന്നത് എന്ത് മര്യാദകേടാണ്. അതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന് അത്ര വലിയ രാഷ്ട്രീയ പാരമ്പര്യമൊന്നും ഇല്ലല്ലോ? അഴിമതിക്കേസില്‍ ജയിലില്‍ കിടന്ന ആളല്ലേ. അദ്ദേഹം തമിഴ്‌നാട്ടിലും ബംഗാളിലും ഗുജറാത്തിലും ചെന്ന് അങ്ങനെ വിളിക്കുമോ?- ശിവന്‍കുട്ടി ചോദിച്ചു.

Content Highlights: 'Congress wanted BJP to win even if they lost, they made efforts for that': V Sivankutty

dot image
To advertise here,contact us
dot image