എല്‍ഡിഎഫിന് കഴിഞ്ഞ തവണ വോട്ട് ചെയ്ത പല വിഭാഗങ്ങളുടെയും വോട്ട് ഇത്തവണ യുഡിഎഫിന് കിട്ടും: കെ എസ് ശബരീനാഥന്‍

നേമത്തെ യുഡിഎഫിന്റെ സംഘടനാ സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിച്ചെന്നും ശബരീനാഥന്‍

എല്‍ഡിഎഫിന് കഴിഞ്ഞ തവണ വോട്ട് ചെയ്ത പല വിഭാഗങ്ങളുടെയും വോട്ട് ഇത്തവണ യുഡിഎഫിന് കിട്ടും: കെ എസ് ശബരീനാഥന്‍
dot image

തിരുവനന്തപുരം: എല്ലാ വിഭാഗങ്ങളിലെയും വോട്ട് ലഭിച്ചെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥന്‍. എല്ലാ മേഖലകളിലും എത്തിച്ചേരാന്‍ പറ്റിയെന്നും എല്ലാ പ്രദേശങ്ങളിലും വ്യക്തിബന്ധമുണ്ടായിരുന്നുവെന്നും ശബരീനാഥന്‍ പറഞ്ഞു. നേമത്തെ യുഡിഎഫിന്റെ സംഘടനാ സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിച്ചെന്നും ശബരീനാഥന്‍ പറഞ്ഞു. കോഫി വിത്ത് അരുണില്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ഡോ. അരുണ്‍ കുമാറിനോടായിരുന്നു കെ എസ് ശബരീനാഥന്റെ പ്രതികരണം.

'രാവിലെ പോകുന്നു രാത്രി തിരിച്ച് വരുന്നുവെന്ന രീതിയിലായിരുന്നു തെരഞ്ഞെടുപ്പ് കാലം. 24 മണിക്കൂറും ഫീല്‍ഡിലായിരുന്നു. അവസാന സമയമാകുമ്പോഴേക്കും സോമ്പി മൂഡിലായിരുന്നു. ഭക്ഷണമില്ലായിരുന്നു. നല്ല അനുഭവമായിരുന്നു. നേമത്ത് ആളില്ല എന്ന ആരോപണം യുഡിഎഫിനെതിരെ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ എല്ലാ ബൂത്തിലും ആളുണ്ടായിരുന്നു. വളരെ വാശിയോടെ ആളുകള്‍ പ്രവര്‍ത്തിച്ചു', കെ എസ് ശബരീനാഥന്‍ പറഞ്ഞു.

തീപാറുന്ന പോരാട്ടമാണെങ്കിലും ബിജെപിക്കും എല്‍ഡിഎഫിനും തനിക്ക് എതിരെ നെഗറ്റീവ് പറയാനുണ്ടായിരുന്നില്ലെന്നും ശബരീനാഥന്‍ പറഞ്ഞു. ആളുകള്‍ ബഹുമാനവും സ്‌നേഹവും നല്‍കിയെന്നും നാടാര്‍ വോട്ടുകള്‍ തനിക്ക് ലഭിച്ചെന്നും ശബരീനാഥന്‍ പറഞ്ഞു. തിരുവനന്തപുരം നഗരത്തില്‍ എല്ലായിടത്തും തനിക്ക് എത്തിപ്പെടാന്‍ സാധിച്ചിട്ടുണ്ടെന്നും ശബരീനാഥന്‍ പറഞ്ഞു. എല്‍ഡിഎഫിന് കഴിഞ്ഞ തവണ വോട്ട് ചെയ്ത പല വിഭാഗങ്ങളുടെയും വോട്ട് ഇത്തവണ യുഡിഎഫിന് കിട്ടും. മൂന്ന് സ്ഥാനാര്‍ത്ഥികള്‍ക്കും 40000ത്തിനും 48000ത്തിനും ഇടയില്‍ വോട്ട് കിട്ടുമെന്നും ശബരീനാഥന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇതുവരെയുള്ള കണക്ക് അനുസരിച്ച് 78.27 ശതമാനം പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. അന്തിമ കണക്കനുസരിച്ച് പോളിങ് ശതമാനം ഇനിയും ഉയര്‍ന്നേക്കാം. 2021നെ അപേക്ഷിച്ച് പോളിങ് ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. 2021 ല്‍ ഇത് 75.75 ശതമാനമായിരുന്നു പോളിങ്. എസ്ഐആറിന് ശേഷം നടന്ന തെരഞ്ഞെടുപ്പായതിനാല്‍ പോളിങ് ശതമാനത്തില്‍ വര്‍ധനവുണ്ടാകാം. ഫലമറിയാന്‍ ഇനി 25 നാള്‍ കാത്തിരിക്കണം. മെയ് നാലിനാണ് വോട്ടെണ്ണല്‍.

Content Highlights: Nemom UDF candidate K S Sabarinathan about election

dot image
To advertise here,contact us
dot image