

കൊച്ചി: കേരളത്തിലെ 17-ാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് ആരംഭിച്ചു. 140 മണ്ഡലങ്ങളിലായി 882 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഉച്ചയ്ക്ക് 12 മണി വരെ 40 ശതമാനത്തിനും മുകളിലാണ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാം തവണയും ഭരണം നേടാനായി എല്‍ഡിഎഫും പത്ത് വര്‍ഷത്തിന് ശേഷം അധികാരക്കസേരയില്‍ എത്താന്‍ യുഡിഎഫും കിണഞ്ഞ് പരിശ്രമിക്കുന്ന തെരഞ്ഞെടുപ്പാണിത്. അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യവുമായി എന്‍ഡിഎയെയും രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,42,952 ആണ്. ഇതില്‍ 1,32,20,811 പേര്‍ പുരുഷന്മാരും 1,39,21,868 പേര്‍ സ്ത്രീകളുമാണ്. 273 പേര്‍ ട്രാൻസ് ജെൻഡർ വ്യക്തികളുമാണ്.
നന്ദി പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വി ഡി സതീശന്‍ നന്ദി പറഞ്ഞത്. 'പ്രബുദ്ധ കേരളത്തിന് നന്ദി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി രാപ്പകല്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഹൃദയാഭിവാദ്യങ്ങള്‍. കേരളം ജയിക്കും, യുഡിഎഫ് നയിക്കും' എന്നാണ് സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കടുത്ത വേനല്‍ച്ചൂടിനെപ്പോലും അവഗണിച്ച് അക്ഷീണം പ്രവര്‍ത്തിച്ച രാഷ്ട്രീയ പ്രവര്‍ത്തകരുടെ ആവേശം എടുത്തുപറയേണ്ടതാണെന്നും പ്രതികൂല കാലാവസ്ഥയെ വകവെക്കാതെ പോളിങ് ബൂത്തുകളിലെത്തിയ ജനങ്ങള്‍, കേരളത്തിന്റെ ഉയര്‍ന്ന ജനാധിപത്യ ബോധത്തിന്റെയും നാടിനോടുള്ള ഉന്നതമായ പ്രതിബദ്ധതയുടെയും നേര്‍ക്കാഴ്ചയാണ് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വലിയ ജനപങ്കാളിത്തം അങ്ങേയറ്റം ശ്ലാഘനീയമാണെന്നും മുഖ്യമന്ത്രി കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
കോഴിക്കോട് പയ്യാനക്കലില്‍ സിപിഐഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. ലീഗ് സ്ഥാനാര്‍ത്ഥി മതം പറഞ്ഞ വോട്ട് തേടി എന്ന ആരോപണവുമാ.ി സിപിഐഎം രംഗത്തെത്തി. ലീഗ് പ്രവര്‍ത്തകരും സിപിഐഎം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. പൊലീസ് ലാത്തി വീശി.
80% പിന്നിട്ട് നാല് മണ്ഡലങ്ങള്‍
നാല് മണ്ഡലങ്ങളില്‍ എണ്‍പത് ശതമാനം പോളിങ് കടന്നു. കുന്നത്തുനാട്, ചിറ്റൂര്‍, കുന്നമംഗലം, അരൂര്‍ മണ്ഡലങ്ങളിലാണ് എണ്‍പത് ശതമാനം പോളിങ് കടന്നത്.
കാസര്‍കോട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂരിനെ പോളിങ് സ്‌റ്റേഷനില്‍ തടഞ്ഞു. പോളിങ് സ്‌റ്റേഷനില്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു തടഞ്ഞത്. ഇത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പൊലീസ് ഇടപെട്ട് ഷാനവാസ് പാദൂരിനേയും ഒപ്പം എത്തിയ പ്രവര്‍ത്തകരേയും പുറത്ത് എത്തിച്ചു.
തളിപ്പറമ്പ് മണ്ഡലത്തിലെ 71-ാം ബൂത്തില്‍ പോളിങ് നിര്‍ത്തിവെച്ചു. കണ്‍ട്രോള്‍ യൂണിറ്റ് തകരാറിലായതിനെ തുടര്‍ന്നാണ് പോളിങ് നിര്‍ത്തിയത്. 1,288 വോട്ടില്‍ 924 വോട്ട് പോള്‍ ചെയ്തിരുന്നു. മുപ്പത്തിലധികം പേര്‍ ക്യൂവില്‍ നില്‍ക്കുകയാണ്.
പേരാവൂരില്‍ യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ നായിക്കുരണ പൊടി വിതറിയതായി പരാതി. പേരാവൂര്‍ മണ്ഡലത്തിലെ 85-ാം നമ്പര്‍ ബൂത്ത് മുഴക്കുന്ന് ഗവ. യു പി സ്‌കൂളിലാണ് സംഭവം. ബൂത്ത് ഏജന്റ് സജിത മോഹനന്റെ ശരീരത്തിലേക്ക് നായിക്കുരണ പൊടി വിതറിയെന്നാണ് പരാതി. സിപിഐഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍ എന്ന് യുഡിഎഫ് ആരോപിച്ചു. വോട്ടെടുപ്പ് നടപടികളെ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും യുഡിഎഫ് കുറ്റപ്പെടുത്തി. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
വയനാട് മാനന്തവാടി മുതിരേരിയില്‍ വോട്ട് ചെയ്‌തെത്തിയവരുടെ വിരലിലെ മഷി അടയാളം മാഞ്ഞുപോയതായി പരാതി. മുതിരേരി ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍, ബഥനി സ്‌കൂള്‍ എന്നിവിടങ്ങളില്‍ വോട്ട് ചെയ്തവരാണ് പരാതി ഉന്നയിക്കുന്നത്. സോപ്പിട്ട് കഴുകിയപ്പോള്‍ മാഞ്ഞുപോകുന്നുവെന്നാണ് പരാതി. ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വോട്ട് ചെയ്ത് നടന്‍ സലിം കുമാര്‍. ഭാര്യക്കും മക്കള്‍ക്കുമൊപ്പം എത്തി പറവൂര്‍ വടക്കേക്കര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് സലിം കുമാര്‍ വോട്ട് രേഖപ്പെടത്തിയത്. പറവൂരില്‍ ഒരിക്കലും മാറ്റമുണ്ടാകില്ലെന്നും എന്നാല്‍ കേരളത്തില്‍ മാറ്റമുണ്ടാകുമെന്നും സലിം കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
'ഗുരുവായൂരില്‍ മികച്ച വിജയം നേടും'
ഗുരുവായൂരില്‍ മികച്ച വിജയം നേടുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍. ഇത്തവണ മുഴുവന്‍ ആളുകളും സ്വീകരിച്ചില്ലെങ്കിലും അടുത്ത അഞ്ചുവര്‍ഷവും താന്‍ ഗുരുവായൂര്‍ ഉണ്ടാകുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. മുസ്‌ലിം ലീഗില്‍ ചേര്‍ന്ന ഞരളത്ത് ഹരിഗോവിന്ദനെതിരെയും ബി ഗോപാലകൃഷ്ണന്‍ രംഗത്തെത്തി. ഹരിഗോവിന്ദന്‍ ക്ഷേത്രങ്ങളില്‍ സോപാനസംഗീതം ഉപാസിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.
വര്‍ക്കല - 57.48%
ആറ്റിങ്ങല്‍ -57.98%
ചിറയിന്‍കീഴ് -57.58%
നെടുമങ്ങാട് -63.55%
വാമനപുരം -63.39%
കഴക്കൂട്ടം -64.83%
വട്ടിയൂര്‍ക്കാവ് -63.45%
തിരുവനന്തപുരം -60.21%
നേമം -65.17%
അരുവിക്കര -63.49%
പാറശ്ശാല -61.06%
കാട്ടാക്കട -63.71%
കോവളം -58.47%
നെയ്യാറ്റിന്‍കര -60.20%
വടകര-63.89%
കുറ്റ്യാടി -63.39%
നാദാപുരം -63.74%
കൊയിലാണ്ടി -63.12%
പേരാമ്പ്ര -65.01%
ബാലുശ്ശേരി -63.81%
എലത്തൂര്‍ -63.19%
കോഴിക്കോട് നോര്‍ത്ത് -64.53%
കോഴിക്കോട് സൗത്ത് -64.88%
ബേപ്പൂര്‍ -65.03%
കുന്ദമംഗലം -66.44%
കൊടുവള്ളി -63.8%
തിരുവമ്പാടി -63.33%
കൊണ്ടോട്ടി 64.22%
ഏറനാട് 64.33%
നിലമ്പൂര്‍ 62.13%
വണ്ടൂര്‍ 62.76%
മഞ്ചേരി 64.8%
പെരിന്തല്‍മണ്ണ 64.7%
മങ്കട 62.91%
മലപ്പുറം 64.03%
വേങ്ങര 59.54%
വള്ളിക്കുന്ന് 63.02%
തിരൂരങ്ങാടി 60.02%
താനൂര്‍ 61.35%
തിരൂര്‍ 58.88%
കോട്ടക്കല്‍ 60.23%
തവനൂര്‍ 61.64%
പൊന്നാനി 57.58%
തനിക്കെതിരായ സണ്ണി ജോസഫിന്റെ കത്തിൽ അന്വേഷണം വേണമെന്ന് കെ സുധാകരൻ. അന്വേഷിച്ചാൽ മാത്രമേ കത്ത് ശരിയോ തെറ്റോ എന്ന് അറിയാൻ കഴിയൂ എന്നും സുധാകരൻ വ്യക്തമാക്കി. യുഡിഎഫ് 100 സീറ്റ് അധികാരത്തിൽ വരുമെന്നും കെ സുധാകരൻ എം പി മാധ്യമങ്ങളോട് പറഞ്ഞു. തുടർ ഭരണം അനുവദിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കി. കണ്ണൂരിൽ മത്സരിക്കാൻ സുധാകരൻ യോഗ്യനല്ല എന്ന് കാണിച്ച് സണ്ണി ജോസഫ് ഹൈക്കമാൻഡിന് അയച്ചതായി പറയപ്പെടുന്ന കത്ത് നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ പുറത്ത് വന്ന കത്ത് വ്യാജമാണെന്നായിരുന്നു സണ്ണി ജോസഫിൻ്റെ പ്രതികരണം.
ആലപ്പുഴ മണ്ഡലത്തിലെ സെൻ സെബാസ്റ്റ്യൻസ് എൽപി സ്കൂളിൽ എത്തിയാണ് ഫഹദ് ഫാസിൽ വോട്ട് രേഖപ്പെടുത്തിയത്.
തൃക്കരിപ്പൂര്‍ പുത്തിലോട്ട് ബൂത്ത് 137ല്‍ കള്ളവോട്ട് ആരോപണം ഉയര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍. ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കാനുള്ള ശ്രമമെന്ന് എല്‍ഡിഎഫ് പ്രതികരിച്ചു. പൊലീസ് ഇടപെട്ടിട്ടും ബൂത്തില്‍ നിന്ന് പോകാന്‍ സന്ദീപ് വാര്യര്‍ തയ്യാറായിട്ടില്ല. കള്ളവോട്ട് ചോദ്യം ചെയ്ത യുഡിഎഫ് ബൂത്ത് ഏജന്റുമാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും ആരോപണം.
വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരണവുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. ലെഫ്റ്റ് ആയാലും റൈറ്റ് ആയാലും വരുന്നവര്‍ സ്‌ട്രെയ്റ്റ് ആകണമെന്നാണ് കുഞ്ചാക്കോ ബോബന്റെ തഗ് മറുപടി.

ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സിപിഐഎം മുന്‍ നേതാവ് പി കെ ശശി വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ അല്ലാതെ ജീവിതത്തില്‍ ആദ്യമായി വോട്ട് ചെയ്തുവെന്ന് പി കെ ശശി പറഞ്ഞു. തീരുമാനം ശരിയാണ് എന്ന് ഓരോ നിമിഷവും തോന്നിക്കൊണ്ടിരിക്കുന്നു. എംഎല്‍എ ആയാലും സഖാവ് എന്ന് തന്നെ അറിയപ്പെടുമെന്നും പി കെ ശശി പറഞ്ഞു. ഒറ്റപ്പാലത്ത് ഇനി യുഡിഎഫ് എംഎല്‍എ വരുമെന്നും കേരളത്തിലെമ്പാടും യുഡിഎഫ് തരംഗമാണെന്നും അദ്ദേഹം പറഞ്ഞു.
സമ്മതിദാനാവകാശം എല്ലാ തവണയും ഉപയോഗിക്കാറുണ്ടെന്നും ഒരിക്കലും നഷ്ടപ്പെടുത്തിയിട്ടില്ലെന്ന് നടന്‍ ടൊവിനോ തോമസ്. ഇത് തന്റെ അവകാശവും ഉത്തരവാദിത്തവുമാണെന്ന് ബോധ്യമുണ്ടെന്ന് ടൊവിനോ തോമസ് പറഞ്ഞു. ജനാധിപത്യത്തെ സംരക്ഷിക്കേണ്ടത് വോട്ട് ചെയ്യുന്ന നമ്മളൊക്കെ തന്നെയല്ലേയെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറയിലെ ആളുകളുടെ പുത്തന്‍ ആശയങ്ങളും പഴയ തലമുറയിലെ ആളുകളുടെ അനുഭവസമ്പത്തും രാഷ്ട്രീയത്തില്‍ ഉണ്ടാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ടൊവിനോ പറഞ്ഞു.
രാഷ്ട്രീയത്തില്‍ വരാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് ഇല്ല എന്നാണ് ടൊവിനോയുടെ മറുപടി. സിനിമ എന്ന ഇഷ്ടമേഖല മാറ്റിവെച്ച് അവിടെ നിന്നും രാഷ്ട്രീയത്തിലേക്ക് എത്തുന്നവര്‍ ആത്മാര്‍ത്ഥമായി തന്നെയാണ് വരുന്നതെന്നും ടൊവിനോ പറഞ്ഞു. അവരുടെ സംസാരത്തോടും പെരുമാറ്റത്തോടും ആളുകള്‍ക്കുള്ള മതിപ്പ് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സഹായിച്ചേക്കാം, പക്ഷെ രാഷ്ട്രീയത്തില്‍ ശോഭിക്കണമെങ്കില്‍ പ്രവര്‍ത്തനം തന്നെയാണ് പ്രധാനമെന്നും ടൊവിനോ തോമസ് പറഞ്ഞു.
ജനാധിപത്യത്തില്‍ ജനങ്ങളാണ് രാജാക്കന്മാര്‍ എന്ന് ഓര്‍മിപ്പിച്ച് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. സ്ഥാനാര്‍ത്ഥികള്‍ അടിമകളാണെന്നും രാജാക്കന്മാര്‍ തീരുമാനിക്കട്ടെ രാജ്യം ആര് ഭരിക്കണമെന്ന് എന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ബേപ്പൂരിലെ എല്‍ഡിഎഫിലെ സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായി പി എ മുഹമ്മദ് റിയാസ്. ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കൊപ്പം നടക്കുന്നവരുടെ വോട്ടും എല്‍ഡിഎഫിന് കിട്ടുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. നല്ലവരെ തെരഞ്ഞെടുക്കണം. ജനാധിപത്യം മണ്ണില്‍ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള ഭാഗ്യം ഉണ്ടായെന്നും ഗവര്‍ണര്‍ പറഞ്ഞു.
കേരളത്തില്‍ ശക്തമായ ഭരണ വിരുദ്ധ വികാരമുണ്ടെന്ന് പകല്‍ പോലെ വ്യക്തമാണെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ കെ ആന്റണി. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ചരിത്രവിജയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പത്ത് വര്‍ഷത്തെ ജനദ്രോഹ നടപടികള്‍ക്ക് കണക്ക് ജനം ചോദിക്കും. ജനവിരുദ്ധ നടപടികള്‍ക്ക് കടുത്ത ശിക്ഷ ജനങ്ങള്‍ നല്‍കും. യുഡിഎഫ് കേരളം തൂത്തുവാരുമെന്നും എ കെ ആന്റണി പറഞ്ഞു.
നടന്‍ മമ്മൂട്ടി എറണാകുളത്തെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ഭാര്യ സുള്‍ഫത്തിനൊപ്പം എത്തിയാണ് മമ്മൂട്ടി വോട്ട് ചെയ്തത്. എല്ലാവരും വോട്ട് ചെയ്യണമെന്നും മമ്മൂട്ടി ശേഷം പ്രതികരിച്ചു. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വരുന്ന അവസരമാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന് അനുകൂലമായ തരംഗം കേരളത്തില്‍ ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല. ഭരണ മാറ്റം കേരളത്തില്‍ ഉണ്ടാവുകയാണ്. അതുകൊണ്ടാണ് വലിയ തിരക്ക് പോളിങ് സ്റ്റേഷനുകളില്‍ അനുഭവപ്പെടുന്നത്. ബിജെപി എന്താണെങ്കിലും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. പിണറായി വിജയന് ജനങ്ങള്‍ ഗുഡ് ബൈ പറയുന്നു എന്നും രമേശ് ചെന്നിത്തല.
കോന്നി എൽഡിഎഫ് സ്ഥാനാർത്ഥി കെ യു ജനീഷ് കുമാർ കോട്ടമൺപാറ വനിതാ കമ്മ്യൂണിറ്റി സെന്ററിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
ആദ്യ മണിക്കൂറുകളില്‍ തന്നെ മികച്ച പോളിങ് രേഖപ്പെടുത്തി കേരളം. വിവിധ ജില്ലകളിലെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയുണ്ട്. മണ്ഡലങ്ങളിലെല്ലാം സജീവമായാണ് ജനങ്ങള്‍ വോട്ട് രേഖപ്പെടുത്താനായി എത്തുന്നത്. രാവിലെയും ഉച്ചയ്ക്ക് ശേഷവുമാണ് പോളിങ് ബൂത്തുകളില്‍ കൂടുതലായി തിരക്ക് അനുഭവപ്പെടുക.
വനിതാ മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ ഇടതുമുന്നണിയിലെ ഉള്ളൂ: എം എ ബേബി
വനിതാ മുഖ്യമന്ത്രി ഉണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി. മുഖ്യമന്ത്രി ആകാന്‍ ഏറ്റവും യോഗ്യരായ ആളെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കണ്ടെത്തും. അത് ലിംഗ പരിഗണന വെച്ചായിരിക്കില്ല. വിജയിച്ചു കഴിഞ്ഞാല്‍ ആണ് ആര് മുഖ്യമന്ത്രി ആകുമെന്ന് തീരുമാനിക്കുക. വനിതാ മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ ഇടതുമുന്നണിയിലെ ഉള്ളൂവെന്നും എം എ ബേബി പറഞ്ഞു.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിർണായക തെരഞ്ഞെടുപ്പാണ് നടക്കുന്നത് എന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. കനത്ത പോളിംഗ് നടക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ നിര്‍ണായക തെരഞ്ഞെടുപ്പാണിത്. ജനങ്ങളുടെ ജാഗ്രതയില്‍ വിശ്വാസമുണ്ട്. മതനിരപേക്ഷത സംരക്ഷിക്കപ്പെടണം എന്ന ആഗ്രഹമുണ്ട്.തന്റെ വോട്ടിനെ സ്വാധീനിക്കുന്നതും മതനിരപേക്ഷതയാണ്. മാനസികമായി ഒരു ജനതയെന്ന നിലയില്‍ പുറകോട്ട് പോകുന്നത് താങ്ങാനാവില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
കോട്ടയം ജില്ലയില്‍ 9 മണി വരെ 12.66 % പോളിംഗ് ശതമാനം
ആലപ്പുഴ ജില്ലയില്‍ 9 മണി വരെ 14.70% പോളിങ്
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വോട്ട് രേഖപ്പെടുത്തി
എല്‍ഡിഎഫിന്‍റെ മൂന്നാം ടേമിലേക്കുള്ള യാത്ര ജനങ്ങൾ ഉറപ്പു വരുത്തുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ജനങ്ങളിൽ അത്യുത്സാഹം കാണുന്നു എന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് ജില്ലയില്‍ 9 മണി വരെ 10.55% പോളിങ്
നേമം മണ്ഡലത്തിൽ ബൂത്ത് അടിസ്ഥാനത്തിൽ ബിജെപി മദ്യം ഒഴുക്കുന്നുവെന്ന് വി ശിവൻകുട്ടി. കോടിക്കണക്കിന് രൂപയാണ് നേമം മണ്ഡലത്തിൽ വിതരണം ചെയ്യുന്നത്. തുക കേട്ടാൽ അന്തം വിട്ടു പോകും. ജനാധിപത്യ പരമായിട്ടുള്ള സംവിധാനം കേരളത്തിൽ ഉണ്ടല്ലോ അതിനെ പണാധിപത്യം കൊണ്ട് തകർക്കാനാണ് ശ്രമിക്കുന്നതെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. ബിജെപി കിറ്റ് കൊടുക്കുന്നു, മദ്യം കൊടുക്കുന്നു, പണം കൊടുക്കുന്നു, ജോലി വാഗ് ദാനം ചെയ്യുന്നു. ഇതെല്ലാം രാജീവ് ചന്ദ്രശേഖർ നേരിട്ടുതന്നെ ചെയ്യുന്നുവെന്നും വി ശിവൻകുട്ടി കുറ്റപ്പെടുത്തി.
നല്ല ഭരണം തുടരണമെന്ന ആഗ്രഹം ജനങ്ങൾക്കുണ്ടെന്ന് പി രാജീവ്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പി രാജീവ്. തുടർ ഭരണം ഉണ്ടാകുമെന്നും വികസന ക്ഷേമപദ്ധതികൾ തുടരാൻ ജനങ്ങൾ എൽ ഡി എഫിന് വോട്ട് ചെയ്യുമെന്നും പി രാജീവ് ചൂണ്ടിക്കാണിച്ചു.
ജനം 10 വർഷം പിണറായി വിജയനെ സഹിച്ചെന്നും നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിൽ എത്തുമെന്നും എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. ജനങ്ങൾ കൃത്യമായ വീക്ഷണത്തോടെ വോട്ട് ചെയ്യും. അയ്യൻ്റെ സ്വർണം കട്ടവർക്ക് എതിരെ ജനം വിധി എഴുതുന്ന ദിവസമാണ്. പ്രളയം മനുഷ്യ നിർമിതമാണെന്ന ആരോപണത്തിന് മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. ഒരു മന്ത്രിക്ക് എതിരെ ആരെങ്കിലും വ്യാജ സന്ദേശം ഇറക്കുമോയെന്നും
എന്തുകൊണ്ട് കേസെടുത്തില്ലെന്നും കെ സി വേണുഗോപാൽ ചോദിച്ചു. കേരളത്തെ പണം കൊണ്ട് വിലക്ക് വാങ്ങാമെന്ന് ബിജെപി വിചാരിക്കേണ്ടെന്നും ജനം തിരഞ്ഞെടുപ്പിലൂടെ ബിജെപിക്ക് മറുപടി നൽകുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി വോട്ട് രേഖപ്പെടുത്തി.
കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരും : മുഖ്യമന്ത്രി പിണറായി വിജയന്‍
സര്‍ക്കാര്‍ ജനങ്ങളെയും ജനങ്ങള്‍ സര്‍ക്കാരിനെയും വിശ്വസിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരും. എല്ലാ മേഖലയിലും ഉള്ള ജനങ്ങള്‍ സര്‍ക്കാരിന് അനുകൂലമാണ്. വര്‍ഗീയ ധ്രൂവീകരണം കേരളത്തില്‍ വില പോകില്ലെന്നും ആളുകളെ സ്വാധീനിക്കാന്‍ കഴിയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
പണം കൊടുത്ത് വോട്ട് വാങ്ങുന്ന രീതി കേരളത്തിന് പുറത്തു സാധാരണ നടക്കുന്നതാണ്. അത് കേരളത്തില്‍ വിലപ്പോകില്ല, കേരള ജനത പ്രബുദ്ധരാണെന്ന് പിണറായി വിജയന്‍ പറഞ്ഞു.
ഡാഷ് മോനെ പരാമര്‍ശത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. ഡാഷിന് അപ്പുറത്തു അവരവര്‍ പൂരിപ്പിക്കേണ്ടതാണ്. അഴിമതിയില്‍ ജയിലില്‍ ആയ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. അദ്ദേഹത്തെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞു വിശദമായി പറയാമെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഞാന്‍ എന്‍റെ ചുമതല നിര്‍വഹിച്ചു, നിങ്ങളും നിങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കൂ: പോസ്റ്റുമായി മോഹന്‍ലാല്‍
കേരളത്തിലെ വോട്ടര്‍മാരോട് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകാന്‍ ആഹ്വാനം ചെയ്ത് നടന്‍ മോഹന്‍ലാല്‍. വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി പുരട്ടിയ വിരലിന്‍റെ ചിത്രവും പങ്കുവെച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ അദ്ദേഹം ചിത്രം പങ്കുവെച്ചു. 'Done my part. Your turn, Keralam go vote!' എന്നാണ് അദ്ദേഹം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
ഒരു സ്ഥാനം വേണം എന്നത് പറഞ്ഞിരുന്നു, സ്ഥാനാര്‍ഥിത്വം കിട്ടിയില്ല, പുതിയ ചുമതല സന്തോഷത്തോടെ സ്വീകരിക്കുന്നു: കൃഷ്ണകുമാര്‍
കേരളത്തില്‍ എന്‍ഡിഎ പരമാവധി സീറ്റുകള്‍ നേടുമെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. ബിജെപി സംസ്ഥാനത്ത് വലിയ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നും ഒരുപാട് വളര്‍ന്നു എന്നും അതിന്റെ ഭാഗമാണ് വിവാദങ്ങളെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
സ്ഥാനങ്ങള്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. തനിക്ക് ഒരു സ്ഥാനം വേണം എന്നത് പറഞ്ഞിരുന്നു. സ്ഥാനാര്‍ഥിത്വം കിട്ടിയില്ല. എടുത്ത ജോലി ഒന്നും പാഴാവില്ല. പുതിയ ചുമതലയായ എന്‍എഫ്ഡിസി ചെയര്‍മാന്‍ സ്ഥാനം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
എനിക്കെതിരെ വ്യാപക സൈബര്‍ അറ്റാക്ക് നടക്കുന്നു, പ്രതികാരം ജനങ്ങള്‍ ചെയ്യും: ജോസ് കെ മാണി
തനിക്കെതിരെ വ്യാപക സൈബര്‍ അറ്റാക്ക് നടക്കുന്നു എന്ന് ജോസ് കെ മാണി. ഈ ദിവസം തന്നെ സൈബര്‍ അറ്റാക്ക് ഉണ്ടായത് ബോധപൂര്‍വ്വം. വ്യക്തിഹത്യ ചെയ്യുകയാണ്. ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിഞ്ഞിരിക്കുന്നു. പ്രതികാരവും ജനങ്ങള്‍ ചെയ്യുമെന്നും ജോസ് കെ മാണി പറഞ്ഞു.
100 ശതമാനം ഭരണ തുടർച്ച ഉണ്ടാകുമെന്നും ജനങ്ങൾ എൽഡിഎഫിന് അനുകൂലമായി ചിന്തിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയ്ക്ക് എതിരെ വോട്ടിന് നോട്ട് ആരോപണം ഉയര്‍ന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മൗനം പാലിച്ചത് എന്തിന് ?: എന്‍എംആര്‍ റസാഖ്
ബിജെപിയ്ക്ക് എതിരെയുള്ള വോട്ടിന് നോട്ട് ആരോപണം കോണ്‍ഗ്രസിന് അനുകൂലമാകുമെന് കരുതുന്നില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍എംആര്‍ റസാഖ്. വോട്ടിന് നോട്ട് ആരോപണം ഉയര്‍ന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മൗനം പാലിച്ചത് എന്തിനെന്ന് അദ്ദേഹം ചോദിച്ചു.
തെറ്റ് കണ്ട് മൗനം നടിച്ചവര്‍ക്ക് എങ്ങനെ ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന് ചോദിച്ച എന്‍എംആര്‍ റസാഖ് തെറ്റിനെ തെറ്റെന്ന് പറയാന്‍ ഒരു പെരുമാറ്റച്ചട്ടവും തടസമല്ലെന്നും കൂട്ടിച്ചേര്‍ത്തു.
പേരാവൂരിൽ എല്‍ഡിഎഫിന് വലിയ വിജയം ഉണ്ടാകും : കെ കെ ശൈലജ
ആവേശകരമായ അനുഭവം ആയിരുന്നു തെരഞ്ഞടുപ്പിൽ ഉണ്ടായതെന്നും പേരാവൂരിൽ എല്‍ഡിഎഫിന് വലിയ വിജയം ഉണ്ടാകുമെന്നും സ്ഥാനാര്‍ത്ഥി കെ കെ ശെെലജ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ കെ ശെെലജ.
മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് രേഖപ്പെടുത്തി
വീട്ടില്‍ നിന്നും നടന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ബൂത്തിലെത്തിയത്. കുടുംബാംഗങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് അദ്ദേഹം എത്തിയത്.
സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗം എന്റെ ഡ്രൈവറെ വെട്ടികൊല്ലും എന്ന് ഭീഷണിപ്പെടുത്തി, ഇതാണ് എല്‍ഡിഎഫ് തീവ്രവാദം: ജി സുധാകരന്‍
അമ്പലപ്പുഴയില്‍ നല്ല വിജയ പ്രതീക്ഷയുണ്ടെന്ന് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സിപിഐഎം നേതാവുമായി ജി സുധാകരന്‍. അമ്പലപ്പുഴയില്‍ തീവ്രവാദ സംഘടന ഉണ്ടെന്ന് പറഞ്ഞിട്ടില്ല. സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗം തന്‍റെ ഡ്രൈവറെ വെട്ടികൊല്ലും എന്ന് ഭീഷണിപ്പെടുത്തി. ഇതാണ് എല്‍ഡിഎഫിന്റെ തീവ്രവാദമെന്ന് ജി സുധാകരന്‍ പറഞ്ഞു. പരാതി നല്‍കിയിട്ടും പോലീസ് നടപടി എടുത്തില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മിണ്ടിയില്ല. മണ്ഡലത്തില്‍ വ്യാപകമായി തന്റെ പോസ്റ്ററുകള്‍ നശിപ്പിക്കുകയാണെന്നും ജി സുധാകരന്‍ ആരോപിച്ചു.
കേരളത്തില്‍ സര്‍പ്രൈസ് ഉണ്ടാകും : സുരേഷ് ഗോപി
കേരളത്തില്‍ ബിജെപി നിര്‍ണായക ഘടകമാകുമെന്ന് സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളത്തില്‍ സര്‍പ്രൈസ് ഉണ്ടാകുമെന്നും സുരേഷ് ഗോപി. ഗുരുവായൂരപ്പന്റെ മണ്ണില്‍ തന്റെ ആദ്യത്തെ വോട്ടാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ശോഭ സുരേന്ദ്രനെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം പൊറാട്ട് നാടകമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
പൃഥ്വിരാജും സുപ്രിയ മേനോനും വോട്ട് രേഖപ്പെടുത്തി
നടന്‍ പൃഥ്വിരാജും ജീവിതപങ്കാളിയും നിര്‍മാതാവുമായ സുപ്രിയ മേനോനും വോട്ട് രേഖപ്പെടുത്തി.
റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരും:സാദിഖലി ശിഹാബ് തങ്ങള്‍
കേരളത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമുണ്ടായ തരംഗം തുടരുമെന്നും നിയമസഭാ തെരഞ്ഞെടുപ്പ് എന്ന ഫൈനലില്‍ തൂത്തുവരുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ദേശീയ സര്‍വേകള്‍ യുഡിഎഫ് ട്രെന്‍ഡ് പ്രവചിച്ചു, നൂറിലധികം സീറ്റുകള്‍ നേടും : വി ഡി സതീശന്‍
കേരളത്തില്‍ യുഡിഎഫ് അനുകൂല തരംഗമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നൂറിലധികം സീറ്റുകള്‍ നേടും. ദേശീയ സര്‍വ്വേകള്‍ യുഡിഎഫ് ട്രെന്‍ഡ് പ്രവചിച്ചു. കേരളത്തിലെ ചില തട്ടിക്കൂട്ട് സര്‍വ്വേകള്‍ ജനങ്ങള്‍ മുഖവരയ്ക്ക് എടുക്കില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. പോസ്റ്റല്‍ വോട്ട് പലര്‍ക്കും ചെയ്യാനായില്ലെന്നുംതെരഞ്ഞെടുപ്പ് കമ്മീഷന്‍ കുറച്ച് കൂടി ജാഗ്രത പുലര്‍ത്തണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
മോഹന്‍ലാല്‍ വോട്ട് ചെയ്യാനെത്തി
നടന്‍ മോഹന്‍ലാല്‍ വോട്ട് രേഖപ്പെടുത്താനെത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിയോടും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ശബരീനാഥനോടും ക്യൂവില്‍ നിന്നുകൊണ്ട് മോഹന്‍ലാല്‍ കുശലാന്വേഷണം നടത്തി. ജന്മനാടായ തിരുവനന്തപുരത്തെ 36ാം ബൂത്തിലാണ് അദ്ദേഹം എത്തിയിരിക്കുന്നത്.
തൃപ്പൂണിത്തുറയിലെ ബൂത്തില്‍ പോളിംഗ് വൈകുന്നു
തൃപ്പൂണിത്തുറ മണ്ഡലത്തിലെ 97- ആം ബൂത്തിൽ പോളിംഗ് വൈകുന്നു. വോട്ടിങ് യന്ത്രത്തിന്റെ തകരാർ കാരണമാണ് വോട്ടിങ് വെെകുന്നത്. പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുന്നു.
വോട്ട് രേഖപ്പെടുത്തി ജി സുധാകരന്‍
സിപിഐഎമ്മില്‍ നിന്നും പടിയിറങ്ങി അമ്പലപ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജി സുധാകരന്‍ വോട്ട് രേഖപ്പെടുത്തി.
വിവാദങ്ങള്‍ ശോഭ സുരേന്ദ്രന് ഹൈപ്പായി മാറി: ആര്‍ ശ്രീലേഖ
പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ വോട്ടിന് പണം നല്‍കിയെന്ന ആരോപണം ശക്തമാകുന്നതിനിടെ പ്രതികരണവുമായി വട്ടിയൂര്‍ക്കാവ് ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖ. ശോഭ സുരേന്ദ്രന്‍ അങ്ങനെയൊന്നും ചെയ്യുന്നയാളല്ലെന്നും വിവാദങ്ങള്‍ അവര്‍ക്ക് ഹൈപ്പായി മാറിയെന്നും ആര്‍ ശ്രീലേഖ പറഞ്ഞു. ബിജെപി വളരുന്നത് കൊണ്ടാണ് വിമര്‍ശനങ്ങള്‍ വരുന്നതെന്ന് പറഞ്ഞ ശ്രീലേഖ താന്‍ വലിയ ഭൂരിപക്ഷത്തില്‍ വട്ടിയൂര്‍ക്കാവില്‍ ജയിക്കുമെന്നും പറഞ്ഞു.

മികച്ച പോളിങ് രേഖപ്പെടുത്തും : രത്തന്‍ ഖേല്‍ക്കര്‍
തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍. മികച്ച പോളിങ് രേഖപ്പെടുത്തുമെന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവെക്കുന്നത്. 90 ശതമാനമെങ്കിലും വോട്ടര്‍മാര്‍ വോട്ട് ചെയ്യാനെത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൂട്ടല്‍. കണ്‍ട്രോള്‍ റൂമിലെ സ്‌ക്രീനില്‍ പോളിങ് സ്റ്റേഷനിലെ ദൃശ്യങ്ങള്‍ കാണാനാകുമെന്നും അദ്ദേഹം റിപ്പോര്‍ട്ടറിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി.
വോട്ട് ചെയ്യാനെത്തി വി ഡി സതീശന്‍
പറവൂരിലെ ബൂത്തിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വോട്ട് ചെയ്യാനെത്തിയിരിക്കുന്നത്. പോളിങ് തുടങ്ങിയ ആദ്യ സമയങ്ങളില്‍ തന്നെ പ്രമുഖ നേതാക്കളെല്ലാം വോട്ട് ചെയ്യാനെത്തുന്ന കാഴ്ചയാണ് കേരളത്തില്‍ കാണാനാകുന്നത്.
നാട്ടിക എൽഡിഎഫ് സ്ഥാനാർത്ഥി ഗീതാ ഗോപി ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 139 ആം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137 നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തി