സണ്ണി ജോസഫിനെതിരായ ആരോപണം; അബ്ദുല്‍ ഖാദറിന് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് കണ്ണൂര്‍ ഡിസിസി

നിലവില്‍ അദ്ദേഹത്തിന് കോണ്‍ഗ്രസുമായോ പോഷക സംഘടനകളുമായോ ബന്ധമില്ലെന്ന് ഡിസിസി വ്യക്തമാക്കി

സണ്ണി ജോസഫിനെതിരായ ആരോപണം; അബ്ദുല്‍ ഖാദറിന് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് കണ്ണൂര്‍ ഡിസിസി
dot image

കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ ആരോപണമുന്നയിച്ച അബ്ദുല്‍ ഖാദറിന് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് കണ്ണൂര്‍ ഡിസിസി. മൈനോറിറ്റി കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റായിരുന്ന കെ ആര്‍ അബ്ദുല്‍ ഖാദറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ്. നിലവില്‍ അദ്ദേഹത്തിന് കോണ്‍ഗ്രസുമായോ പോഷക സംഘടനകളുമായോ ബന്ധമില്ലെന്നും ഡിസിസി വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന് പാര്‍ട്ടി നടപടിയെടുത്ത ചിലരെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തിരിച്ചെടുത്തിരുന്നു. ഇത്തരത്തില്‍ തിരിച്ചെടുത്തവരില്‍ അബ്ദുല്‍ ഖാദര്‍ ഉള്‍പ്പെട്ടിട്ടില്ല. തിരിച്ചെടുത്തുവെന്ന വ്യാജേന പാര്‍ട്ടിയുടെ പേരില്‍ ഇദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസുമായോ പോഷക സംഘടനകളുമായോ യാതൊരു ബന്ധവുമില്ലെന്നും കണ്ണൂര്‍ ഡിസിസി വ്യക്തമാക്കി.

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ ഗുരുതര ആരോപണങ്ങളാണ് കെ സുധാകരന്റെ വിശ്വസ്തനും ന്യൂനപക്ഷ കോണ്‍ഗ്രസിന്റെ മുന്‍ ജില്ലാ പ്രസിഡന്റുമായ കെ ആര്‍ അബ്ദുല്‍ ഖാദര്‍ ഉന്നയിച്ചത്. കെ സുധാകരനെ ഇല്ലാതാക്കാന്‍ ആസൂത്രിതമായ ഗൂഢാലോചന നടത്തിയത് സണ്ണി ജോസഫാണെന്ന് കെ ആര്‍ അബ്ദുല്‍ ഖാദര്‍ ആരോപിച്ചു. ഇതിന് പ്രതികാരം ചെയ്യും. സണ്ണി ജോസഫ് പിന്നില്‍ നിന്ന് കളിച്ചു. ചര്‍ച്ചയ്ക്ക് വേണ്ടി ഡല്‍ഹിയില്‍ കൊണ്ടുപോയി കെ സുധാകരനെ നാണം കെടുത്തിയെന്നും അബ്ദുല്‍ ഖാദര്‍ കുറ്റപ്പെടുത്തി. റിപ്പോര്‍ട്ടറിനോടായിരുന്നു അബ്ദുല്‍ ഖാദറുടെ പ്രതികരണം.

ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് കെ സുധാകരന്‍ നിലപാടെടുത്തതാണ്. സുധാകരനെ നിര്‍ബന്ധിച്ച് മത്സരിപ്പിച്ചത് സണ്ണി ജോസഫാണ്. സുധാകരനെ നിയമസഭയിലേക്ക് മത്സരിപ്പിക്കാതിരിക്കാനുള്ള സണ്ണി ജോസഫിന്റെ പദ്ധതിയായിരുന്നു അതിന് പിന്നിലെന്നും അബ്ദുല്‍ ഖാദര്‍ പറഞ്ഞു. കെ സുധാകരനെ വിശ്വസിച്ചാണ് കണ്ണൂരിലെ മുസ്‌ലിം സമുദായം കോണ്‍ഗ്രസില്‍ നിന്നത്. സണ്ണി ജോസഫ് മുസ്‌ലിം സമുദായത്തെ പാര്‍ട്ടിയില്‍ നിന്ന് ഇല്ലാതാക്കി. കേസില്‍ കുടുക്കാനും രക്തസാക്ഷിയാക്കാനും പണവും വോട്ടും വാങ്ങാനും മാത്രമാണ് സണ്ണി ജോസഫ് തയ്യാറായതെന്നും അബ്ദുല്‍ ഖാദര്‍ ആരോപിച്ചിരുന്നു.

Content Highlights: Kannur DCC says Abdul Khader has no connection with Congress

dot image
To advertise here,contact us
dot image