

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വയനാട് ഫണ്ടില്‍ തട്ടിപ്പുണ്ടെന്ന യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂറിന്റെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം. ഡിജിപി റവാഡ ചന്ദ്രശേഖര്‍ വയനാട് എസ്പി അരുണ്‍ കെ പവിത്രന് നിര്‍ദേശം നല്‍കി. കോ ൺഗ്രസിനെതിരെ ചൂരല്‍മലയിലെ ദുരന്ത ബാധിതരും കോണ്‍ഗ്രസിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ചയായിരുന്നു മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ഫണ്ടില്‍ കോണ്‍ഗ്രസ് തിരിമറി കാണിച്ചെന്ന് ആരോപിച്ച് കെപിസിസി നേതൃത്വത്തിനെതിരെ നുസൂര്‍ ഡിജിപിക്ക് പരാതി
നല്‍കിയത്. വയനാട് ദുരന്തത്തില്‍പ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസ ഫണ്ട് കോണ്‍ഗ്രസ് അപഹരിച്ചതായി നുസൂര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പണം ശേഖരിച്ചതില്‍ കൃത്രിമം നടക്കാന്‍ സാധ്യതയുണ്ട്. പണത്തിന്റെ കണക്ക് പലതവണ ആവശ്യപ്പെട്ടിട്ടും വ്യക്തമാക്കിയില്ല. പൊതുജനങ്ങളില്‍ നിന്നുള്ള ഫണ്ട് അപഹരിച്ചത് ഗുരുതരമായ കുറ്റകൃത്യമാണ്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും നുസൂര്‍ ആവശ്യപ്പെട്ടിരുന്നു.
പരാതി നല്‍കിയതിന് പുറമേ വാര്‍ത്താസമ്മേളനം വിളിച്ചും കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണമായിരുന്നു നുസൂര്‍ ഉന്നയിച്ചത്. വയനാട് ദുരന്തത്തിന്റെ പേരില്‍ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും നടത്തിയത് സംഘടിത കൊള്ളയാണെന്ന് നുസൂര്‍ പറഞ്ഞിരുന്നു. കെപിസിസി പ്രസിഡന്റ് പറഞ്ഞ് കണക്ക് വിശ്വസിക്കാനാകുന്നതല്ല. ഫണ്ട് പിരിവിന് ഉണ്ടാക്കിയ ആപ്പില്‍ പ്രധാന അക്കൗണ്ടുകള്‍ക്ക് പുറമേ മറ്റ് അക്കൗണ്ടുകളും ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം. രാഹുല്‍ ഗാന്ധി മത്സരിച്ച് വിജയിക്കുകയും നിലവില്‍ പ്രിയങ്ക ഗാന്ധി എംപിയായിരിക്കുകയും ചെയ്യുന്ന മണ്ഡലമാണ് വയനാട്. അതുകൊണ്ടുതന്നെ ദേശീയ അടിസ്ഥാനത്തിലും കോണ്‍ഗ്രസ് സംഭാവന ലഭിച്ചിട്ടുണ്ട്. മലപ്പുറം ഡിസിസി പ്രസിഡന്റായിരുന്ന വി എസ് ജോയി ആ ജില്ലയില്‍ നിന്ന് മൂന്ന് പേരില്‍ നിന്ന് മാത്രം 55 ലക്ഷം രൂപ ലഭിച്ചതായി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ആപ്പിലൂടെയല്ലാതെ നേരിട്ടും പണം വന്നിട്ടുണ്ട്. എന്നിട്ടും 5.38 കോടി മാത്രമാണ് ലഭിച്ചത്. ഇതില്‍ ദുരൂഹതയുണ്ടെന്നും നുസൂര്‍ ആരോപിച്ചിരുന്നു.
Content Highlights- A complaint filed by NS Nusoor alleging fraud in the Congress Wayanad fund has prompted authorities to order a preliminary inquiry