

കാസര്‍കോട്: തനിക്കെതിരായ 'മുനാഫിഖ്' പരാമര്‍ശത്തില്‍ പരോക്ഷമായി മറുപടി നല്‍കി കാസര്‍കോട് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂര്‍. നമ്മുടെ നാട് സംസ്‌കാരമുള്ള നാടാണെന്നും ആ സംസ്‌കാരം വെറും ഒരു തെരഞ്ഞെടുപ്പിന് വേണ്ടി മാറ്റുന്നതിന് കൂട്ടുനില്‍ക്കരുതെന്നും ഷാനവാസ് പാദൂര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിലേക്ക് വര്‍ഗീയതയെ കൊണ്ടുവരരുതെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് ഷാനവാസ് പാദൂറിന്റെ പ്രതികരണം.
വനിതാ വോട്ടര്‍മാരെ അഭിസംബോധന ചെയ്താണ് വീഡിയോ ആരംഭിക്കുന്നത്. 'നമ്മുടെ നാട് സുന്ദരമായ സംസ്‌കാരമുള്ള നാടാണ്. സപ്തഭാഷാ സംഗമ ഭൂമിയാണ്. അതിന്റെ ഒരു സംസ്‌കാരം വെറും ഒരു തെരഞ്ഞെടുപ്പിന് വേണ്ടി മാറ്റുന്നതിന് നിങ്ങള്‍ കൂട്ടു നില്‍ക്കരുത്. നിങ്ങളെ പറഞ്ഞ് പറ്റിച്ചിട്ടും തെറ്റിദ്ധരിപ്പിച്ചിട്ടുമുണ്ട്', ഷാനവാസ് പാദൂര്‍ പറഞ്ഞു.
അത് ഇനിയും തുടരാന്‍ അവസരം കൊടുത്താല്‍ നിങ്ങളൊക്കെ ചേര്‍ന്നല്ലേ നമ്മുടെ നാടിനെ ഈ അവസ്ഥയിലെത്തിച്ചതെന്ന് ജെന്‍ സി കുട്ടികള്‍ തിരിച്ച് ചോദിക്കുമെന്ന് ഷാനവാസ് പാദൂര്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് നിങ്ങള്‍ കൂട്ടുനിന്നില്ലേ എന്ന് ചോദിച്ചാല്‍ അതിന് ഉത്തരം പറയേണ്ടി വരുമെന്നും തെരഞ്ഞെടുപ്പിലേക്ക് വര്‍ഗീയത കൊണ്ടുവരുന്നത് കാസര്‍കോടിന് എന്നല്ല, കേരളീയ സംസ്‌കാരത്തിന് തന്നെ യോജിക്കാത്തതാണെന്ന് ഷാനവാസ് പാദൂര്‍ പറഞ്ഞു. അതിന് നിങ്ങള്‍ കൂട്ടുനില്‍ക്കരുതെന്നും നിങ്ങളെ ഉപയോഗപ്പെടുത്താന്‍ പലരും ശ്രമിക്കുമെന്നും അതില്‍ നിങ്ങള്‍ വീണുപോകരുതെന്നും ഷാനവാസ് പാദൂര്‍ കൂട്ടിച്ചേര്‍ത്തു.
ഷാനവാസ് പാദൂരിനെതിരെ വനിതാ ലൂഗ് നേതാവ് ആയിഷത്ത് ഫര്‍സാന നടത്തിയ പ്രസംഗം വലിയ വിവാദമായിരുന്നു. ഷാനവാസ് പാദൂര്‍ 'കപട വിശ്വാസിയുടെ പണി എടുക്കുന്നവന്‍' ആണെന്നായിരുന്നു ആയിഷത്ത് ഫര്‍സാന പറഞ്ഞത്. കപവിശ്വാസി എന്ന അര്‍ത്ഥം വരുന്ന മുനാഫിഖ് എന്ന പദമാണ് ആയിഷത്ത് ഫര്‍സാന ഉപയോഗിച്ചത്.
'ഷാനവാസ് പാദൂര്‍ എന്നൊരു സ്ഥാനാര്‍ത്ഥിയുണ്ടല്ലോ. രാവിലെ ഒരു കൊടി പിടിച്ച് ഉച്ചയ്ക്ക് മറ്റൊരു കൊടി പിടിച്ച് വൈകുന്നേരം മറ്റൊരു കൊടി പിടിച്ച് മുനാഫിഖിന്റെ പണിയെടുത്ത് കൊണ്ട് നമ്മളോട് വോട്ടഭ്യര്‍ത്ഥിക്കാന്‍ വരികയാണ്. പിണറായി വിജയന്‍ എന്ന സഖാവ് പറഞ്ഞതുപോലെ നമുക്കും പറയാനുണ്ട്, കടക്ക് പുറത്ത്' എന്നാണ് ആയിഷത്ത് ഫര്‍സാന പ്രസംഗത്തില്‍ പറഞ്ഞത്.
Content Highlights: Shanavas Padoor about controversial statament against him by Muslim league leader