

പതിനാല് വര്‍ഷത്തിന് ശേഷം അക്ഷയ് കുമാറും സംവിധായകന്‍ പ്രിയദര്‍ശനും ഒന്നിക്കുന്ന ഭൂത് ബംഗ്ലയുടെ ട്രെയ്‌ലർ പുറത്തുവന്നു. ഹൊറര്‍ കോമഡി ചിത്രമാണ് ഭൂത് ബംഗ്ല. 2026 ഏപ്രില്‍ 17 ന് ചിത്രം തിയേറ്ററില്‍ എത്തും. ഒരു പക്കാ ഹൊറർ കോമഡി ഴോണറിൽ ആണ് സിനിമ ഒരുങ്ങുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.
ഏഴാം തവണയാണ് അക്ഷയ് കുമാറും പ്രിയദര്‍ശനും ഒന്നിച്ചെത്തുന്നത്. 2010 ല്‍ പുറത്തിറങ്ങിയ ഖാട്ടാ മീട്ടയാണ് ഇരുവരും ഒന്നിച്ചെത്തിയ അവസാന ചിത്രം. ആകാശ് എ കൗഷിക്കിന്‍റെ കഥയ്ക്ക് റോഹന്‍ ശങ്കര്‍, അഭിലാഷ് നായര്‍, പ്രിയദര്‍ശന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. അക്ഷയ് കുമാറിനൊപ്പം വമിഖ ഗബ്ബി, തബു, പരേഷ് റാവല്‍, അസ്രാണി, രാജ്‍പാല് യാദവ് തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്. 2021 ല്‍ റിലീസ് ചെയ്‌ത ഹങ്കാമ 2 വിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം കൂടിയാണ് ഭൂത് ബംഗ്ല. പ്രിയദര്‍ശനും അക്ഷയ് കുമാറും ഒന്നിച്ച ‘ഭൂല്‍ ഭുലയ്യ’ ചിത്രീകരിച്ച അതേ ലൊക്കേഷനിലാണ് പുതിയ ചിത്രമായ ‘ഭൂത് ബംഗ്ല’യും ചിത്രീകരിച്ചിരിക്കുന്നത്.
ജയ്പൂരിലെ ചോമു പാലസ് ആണ് പ്രധാന ലൊക്കേഷന്‍. ജയ്പൂര്‍ കൂടാതെ മുംബൈയും ലണ്ടനും ചിത്രത്തിന്‍റെ ലൊക്കേഷനുകളാണ്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണ് ഇത്. അക്ഷയ് കുമാറിനൊപ്പം പ്രിയദർശൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ രാജ്പാൽ യാദവ്, പരേഷ് റാവൽ എന്നിവരും 'ഭൂത് ബംഗ്ല'യിലുണ്ട്. ഏപ്രിൽ 16 ന് പെയ്ഡ് പ്രിവ്യൂ ഷോകളും നിർമ്മാതാക്കൾ ഒരുക്കിയിട്ടുണ്ട്.
ബാലാജി മോഷൻ പിക്ചേഴ്സും കേപ്പ് ഓഫ് ഗുഡ് ഫിലിംസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. അക്ഷയ് കുമാർ, ശോഭാ കപൂർ, എക്താ ആർ. കപൂർ എന്നിവർ ചേർന്നാണ് നിർമാണം. ചിത്രത്തില്‍ തബുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രിയദര്‍ശനും തബുവും അക്ഷയ് കുമാറും 25 വര്‍ഷത്തിന് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. 2000ല്‍ റിലീസ് ചെയ്‌ത സൂപ്പര്‍ഹിറ്റ് ചിത്രം ഹീരാ ഫേരിയായിരുന്നു ഇവര്‍ ഒന്നിച്ച അവസാന ചിത്രം.
Content Highlights: Akshay Kumar-Priyadarshan film Bhooth Bangla trailer out now