സുരേഷ് ഗോപിയെ ജയിപ്പിക്കാൻ എട്ട് കോടി നൽകിയെന്ന ആരോപണം; 10 കോടിയുടെ വക്കീൽ നോട്ടീസ് അയച്ച് ടി എന്‍ പ്രതാപൻ

തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തി ഇത്തരമൊരു ആരോപണം ഉന്നയിച്ചത് ഇടതുപക്ഷവുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും പ്രതാപന്‍

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ എട്ട് കോടി നൽകിയെന്ന ആരോപണം; 10 കോടിയുടെ വക്കീൽ നോട്ടീസ് അയച്ച് ടി എന്‍ പ്രതാപൻ
dot image

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ വിജയത്തിനായി വോട്ട് മറിക്കാന്‍ എട്ട് കോടി രൂപ വാങ്ങിയെന്ന മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വി എ ഫിറോസിന്റെ ആരോപണത്തിനെതിരെ നിയമനടപടിയുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്‍. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തിയതിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രതാപന്‍ വക്കീല്‍ നോട്ടീസ് അയച്ചു.

മൂന്ന് തവണ എംഎല്‍എയും തൃശൂര്‍ മുന്‍ എംപിയും നിലവില്‍ എഐസിസി സെക്രട്ടറിയുമായ പ്രതാപന്റെ പൊതുജീവിതത്തെയും വ്യക്തിത്വത്തെയും തകര്‍ക്കാനുള്ള ഗൂഢശ്രമമാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് നോട്ടീസില്‍ പറയുന്നു. തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തി ഇത്തരമൊരു ആരോപണം ഉന്നയിച്ചത് ഇടതുപക്ഷവുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും പ്രതാപന്‍ ആരോപിച്ചു.

24 മണിക്കൂറിനുള്ളില്‍ ആരോപണങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം സിവില്‍, ക്രിമിനല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും അഡ്വ. രഖേഷ് ശര്‍മ്മ അയച്ച നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാപ്പപേക്ഷ നല്‍കുന്നതിനോടൊപ്പം 10 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട വി എ ഫിറോസിന്റെ പ്രസ്താവനകള്‍ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനായി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി നിര്‍മ്മിച്ചതാണെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlights- TN Pratapan sent a ten crore lawyer notice concerning claims that eight crore was given to sway Suresh Gopi’s election, intensifying a political controversy in Kerala

dot image
To advertise here,contact us
dot image