'വടക്കേ ഇന്ത്യൻ സംസ്കാരം കേരളത്തിലേക്ക് പറിച്ചുനടുന്നു'; വാടാനപ്പിള്ളി കിറ്റ് വിവാദത്തിൽ ഇടതുപക്ഷം

കിറ്റ് ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു

'വടക്കേ ഇന്ത്യൻ സംസ്കാരം കേരളത്തിലേക്ക് പറിച്ചുനടുന്നു'; വാടാനപ്പിള്ളി കിറ്റ് വിവാദത്തിൽ ഇടതുപക്ഷം
dot image

തൃശൂർ: വാടാനപ്പിള്ളി കിറ്റ് വിവാദത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ. കേന്ദ്ര അധികാരവും പണവും ഉപയോഗിച്ച് ബിജെപി ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കുന്നുവെന്നും ഏതുതരം ചട്ടലംഘനം നടത്തിയാലും ബിജെപിയെ സംരക്ഷിക്കുന്ന നിലപാട് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുന്നുവെന്നും അബ്ദുൽ ഖാദർ വിമർശിച്ചു. വാടാനപ്പള്ളിയിലും തൃശ്ശൂരിലും പിടിക്കപ്പെട്ട സംഭവങ്ങൾ മാത്രമാണ് ഇതുവരെ പുറത്തുവന്നത്. ബിജെപി നേതാവ് സെക്കുലർ സംവിധാനത്തെ വെല്ലുവിളിക്കുന്ന നിലയിലുള്ള പരാമർശങ്ങൾ നടത്തുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നും മൗനം പാലിക്കുകയാണ് എന്നും അബ്ദുൽ ഖാദർ പറഞ്ഞു.

കേരളത്തിലേക്ക് വടക്കേ ഇന്ത്യയുടെ സംസ്കാരം പറിച്ചുനടാൻ ബിജെപി ശ്രമിക്കുകയാണ് എന്നാണ് സിപിഐ നേതാവ് വി എസ് സുനിൽകുമാർ പറഞ്ഞത്.ബിജെപി നേതാവായ ആളാണ് ഒളരിയിൽ കിറ്റ് വിതരണം നടത്തിയത്. വാടാനപ്പിള്ളിയിലും ബിജെപി നേതാക്കളാണ് എത്തിയത്. കൃതിമം കാണിച്ച് വിജയിക്കാനുള്ള ശ്രമം 2024ലും ബിജെപി നടത്തിയിരുന്നു. 2026ൽ അത് വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്രമന്ത്രിമാർ തുടർച്ചയായി പ്രചാരണത്തിനെത്തുന്നത്, കേരളത്തിലേക്ക് പണമൊഴുക്കുന്നതിനാണോ എന്ന് സംശയമുണ്ട്. ഇലക്ഷൻ സംവിധാനത്തെ പരാജയപ്പെടുത്താനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത് എന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇതിനെക്കാളും ഭീകരമാകും അവസ്ഥ എന്നും വി എസ് സുനിൽകുമാർ പറഞ്ഞു.

അതേസമയം, കിറ്റ് ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം അന്വേഷണം വേണമോയെന്നത് കോടതി തീരുമാനിക്കും. ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടിനുമേല്‍ കോടതി ഇന്ന് വാദം കേള്‍ക്കും.

അതേസമയം കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്തത് സതീഷ് എന്നയാളാണെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടി പശ്ചാത്തലം അറിയില്ലെന്നും ചാമ്പ്യന്‍സ് ഗോഡൗണ്‍ മാനേജര്‍ സുഭാഷ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സതീഷ് ഏത് പാര്‍ട്ടിക്കാരനാണെന്ന് അറിയില്ല. അത് നമ്മള്‍ അറിയേണ്ട കാര്യവുമല്ല. കിറ്റുകള്‍ തയ്യാറാക്കി തുടങ്ങുമ്പോഴാണ് പ്രശ്‌നം ഉണ്ടായതെന്നും സുഭാഷ് പറഞ്ഞു.

എന്നാല്‍ ശൂന്യതയില്‍ നിന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കാപട്യക്കാരനായ രാഷ്ട്രീയക്കാരനാണ് ടി എന്‍ പ്രതാപന്‍ എന്ന് മണലൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ കെ അനീഷ് കുമാര്‍ ആരോപിച്ചു. നാടകം കളിച്ച് പ്രശ്‌നം സൃഷ്ടിക്കുകയാണ് ടി എന്‍ പ്രതാപന്‍. ഗോഡൗണില്‍ കിറ്റ് നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിക്ക് യാതൊരു ബന്ധവുമില്ല. ദേവന് കാലത്ത് മുതല്‍ വൈകീട്ട് വരെ 12ഓളം കുടുംബയോഗങ്ങളുണ്ടായിരുന്നു. ഗോഡൗണ്‍ ഉടമ എസ്എന്‍ഡിപി നേതാവാണ്. അദ്ദേഹത്തെ സമ്പര്‍ക്കം ചെയ്യാനാണ് ദേവന്‍ പോയത്. അതില്‍ എന്താണ് തെറ്റ് എന്നും അനീഷ് കുമാര്‍ ചോദിച്ചു. ഏതെങ്കിലും ഒരുവോട്ടര്‍ക്ക് ബിജെപി കിറ്റ് കൊടുത്തതിന് തെളിവുണ്ടോ? വ്യാപാരി വിഷുവിനായി തയ്യാറാക്കുന്ന കിറ്റാണത്. അതില്‍ എന്താണ് തെറ്റെന്നും അനീഷ് കുമാര്‍ ചോദിച്ചു.

ഇന്നലെയായിരുന്നു സൂപ്പര്‍മാര്‍ക്കറ്റിന്റെ ഗോഡൗണില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ഭക്ഷ്യക്കിറ്റ് തയ്യാറാക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് വാടാനപ്പള്ളിയില്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷമുണ്ടായത്. മണലൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപന്‍ ഉള്‍പ്പെടെയുള്ള അഞ്ച് യുഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് പിന്നീട് വിട്ടയക്കുകയായിരുന്നു.

Content Highlights: CPI(M) Thrissur district secretary K V Abdul Khader has strongly criticized the BJP in connection with the Vadanappally kit controversy. He alleged that the BJP is misusing central power and financial resources to undermine democratic systems

dot image
To advertise here,contact us
dot image