

ആലപ്പുഴ: മുൻ സിപിഎം നേതാവും അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി സുധാകരനെതിരെ രൂക്ഷ വിമർശനവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ്.
രക്തസാക്ഷിത്വത്തെ അപമാനിച്ചാൽ ചുട്ട മറുപടി നൽകുമെന്ന് ശിവപ്രസാദ് പറഞ്ഞു. കോൺഗ്രസിൻ്റെ അണികളുടെ വോട്ടുറപ്പിക്കാൻ സ്വന്തം അനുജൻ്റെ രക്തസാക്ഷിത്വത്തെ തള്ളി പറയുകയാണ് ജി സുധാകരനെന്ന് ശിവപ്രസാദ് കുറ്റപ്പെടുത്തി. സഹോദരൻ ഭുവനേശ്വരന്റെ മരണത്തിന് കാരണം എസ്എഫ്ഐ ഗുണ്ടകളാണെന്ന സുധാകൻ്റെ പരാമർശത്തിനെതിരെയാണ് ശിവപ്രസാദ് പ്രതികരിച്ചത്.
ജി സുധാകരൻ അമ്മയെ തല്ലിത്തല്ലി കളരിപഠിച്ചു കൊണ്ടിരിക്കുകയാണ്. സ്വന്തം അനുജന്റെ രക്തസാക്ഷിത്വത്തെ തന്നെ തള്ളിപ്പറയുന്നു. കോൺഗ്രസ് ക്യാമ്പിന് ആവേശം നൽകാൻ സുധാകരൻ എന്തും പറയും. കോൺഗ്രസിനെ പ്രതിരോധിക്കാൻ മുൻപ് ജി സുധാകരൻ അനുജന്റെ രക്തസാക്ഷിത്വം ആയിരുന്നു പറഞ്ഞിരുന്നത്. ഇപ്പോൾ കോൺഗ്രസ് അണികളെ സുഖിപ്പിക്കാൻ എന്തും വിളിച്ച് പറയുന്നുവെന്നും ശിവപ്രസാദ് പറഞ്ഞു. സുധാകരൻ ഇങ്ങനെയൊന്നും പറഞ്ഞില്ലെങ്കിലേ അതിശയമുള്ളൂ എന്നും അദേഹം കൂട്ടിച്ചേർത്തു.
സുധാകരനെതിരെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവും രംഗത്തെത്തി. രക്തസാക്ഷികളെ ഒറ്റുകൊടുക്കുന്നവരെ "ദ്രോഹി" എന്ന് കാലം അടയാളപ്പെടുത്തുമെന്നാണ് സഞ്ജീവ് പറഞ്ഞത്. സ്വന്തം അനുജനെ തലച്ചോറ് തകർത്ത് അടിച്ചു കൊലപ്പെടുത്തിയ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ നരാധമന്മാരുടെ കൈപിടിച്ച് ഇന്ന് ജി സുധാകരൻ നടത്തിയ പ്രസ്താവന വീണ്ടും ജി ഭുവനേശ്വരനെ കോൺഗ്രസിന് കൊല്ലാൻ ഇട്ടു കൊടുത്തതിന് തുല്യമാണെന്ന് അദേഹം പറഞ്ഞു. എംഎൽഎ എന്ന മൂന്നക്ഷരത്തിനുവേണ്ടി ഇങ്ങനെ ആത്മവഞ്ചന ചെയ്യുന്നത് എന്തിനാണെന്നും സഞ്ജീവ് ചോദിച്ചു. ധീരനായ സഖാവ് ഭുവനേശ്വരന്റെ പോരാട്ടത്തെ ഒറ്റിയ ഒറ്റുകാരനായി നിങ്ങളെ തലമുറ ഓർക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.
തൻ്റെ അനുജൻ ഭുവനേശ്വരന്റെ മരണത്തിന് കാരണം എസ്എഫ്ഐ ഗുണ്ടകളാണെന്നും പറഞ്ഞ് സുധാകൻ രംഗത്തെത്തിയിരുന്നു. ഭുവനേശ്വരനെ നിർബന്ധിച്ച് കോളേജിലേക്ക് വിട്ടത് സിപിഐഎമ്മുകാർ ആണെന്നും ഭുവനേശ്വരനെ കൊല്ലാനുള്ള സാഹചര്യം സൃഷ്ടിച്ചത് എസ്എഫ്ഐ ഗുണ്ടകളാണെന്നുമാണ് ജി സുധാകരൻ പറഞ്ഞത്. നേരത്ത നായർ ഗുണ്ടകളാണ് ഭുവനേശ്വരനെ കൊന്നതെന്നായിരുന്നു ജി സുധാകരൻ പറഞ്ഞിരുന്നത്.
Content Highlights: SFI State President Sivaprasad has strongly criticized former CPM leader and UDF independent candidate from Ambalapuzha, G Sudhakaran