

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയി ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖ. കേന്ദ്രമന്ത്രി എസ് ജയ്ശങ്കര്‍ പരിപാടിയില്‍ തന്റെ പേര് പരാമര്‍ശിച്ചില്ലെന്ന് ആരോപിച്ചാണ് ഇറങ്ങിപ്പോയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പേര് മാത്രമാണ് പറഞ്ഞത്. ഇതില്‍ പ്രകോപിതയായി ഇറങ്ങിപ്പോയ ശ്രീലേഖയെ നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിച്ച് തിരികെ എത്തിക്കുകയായിരുന്നു. രാജീവ് ചന്ദ്രശേഖറിന്റെ പ്രസംഗത്തിനിടെയാണ് ശ്രീലേഖ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയത്. രാജീവ് പേര് വിളിച്ചപ്പോള്‍ വേദിയില്‍ ശ്രീലേഖ ഉണ്ടായിരുന്നില്ല.
ജയ്ശങ്കര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്തത്. പക്ഷെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തെക്കുറിച്ചോ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെക്കുറിച്ചോ പ്രസംഗത്തില്‍ ജയ്ശങ്കര്‍ പരാമര്‍ശിച്ചില്ല. അദ്ദേഹം പറഞ്ഞ് രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കണം എന്ന് മാത്രമായിരുന്നു. ഇതോടെയാണ് ക്ഷുഭിതയായി ശ്രീലേഖ വേദിവിട്ടത്. ശ്രീലേഖ പോയത് രാജീവ് ചന്ദ്രശേഖര്‍ അറിഞ്ഞില്ല. ജയ്ശങ്കറിന്റെ പ്രസംഗത്തിന് ശേഷം രാജീവ് ചന്ദ്രശേഖര്‍ പ്രസംഗം ആരംഭിച്ചു.
ഇത് ശ്രീലേഖയ്ക്കായി ഒരുക്കിയ പരിപാടിയാണെന്നും അവരെ വിജയിപ്പിക്കണമെന്നും രാജീവ് പറഞ്ഞു. അപ്പോഴാണ് നേതാക്കള്‍ ശീലേഖയുടെ അസാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. പിന്നീട് ശ്രീലേഖയുടെ പുറകെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കെ സോമനുള്‍പ്പെടെയുളള നേതാക്കള്‍ പോയി അനുനയിപ്പിച്ച് തിരികെ കൊണ്ടുവരികയായിരുന്നു. നേരത്തെയും ബിജെപി സംഘടിപ്പിച്ച പരിപാടികളില്‍ നിന്ന് ശ്രീലേഖ പിണങ്ങിപ്പോയിരുന്നു.
Content Highlights: R Sreelekha walked out of election campaign event as Union Minister did not mention her name