തല റിട്ടേൺസ്; കൂടെ വെടിക്കെട്ട് ബാറ്ററും; തോൽവിയിൽ ഉലയുന്ന CSK യ്ക്ക് ആശ്വാസ വാർത്ത

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19ാം സീസണിൽ തുടർതോൽവികളാൽ വലയുകയാണ് മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിം​ഗ്സ്.

തല റിട്ടേൺസ്; കൂടെ വെടിക്കെട്ട് ബാറ്ററും;  തോൽവിയിൽ ഉലയുന്ന CSK യ്ക്ക് ആശ്വാസ വാർത്ത
dot image

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19ാം സീസണിൽ തുടർതോൽവികളാൽ വലയുകയാണ് മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിം​ഗ്സ്. തുടർച്ചയായ മൂന്ന് മത്സരത്തിലും വലിയ തോൽവികളാണ് സിഎസ്കെയ്ക്ക് നേരിടേണ്ടി വന്നത്. ഏറ്റവും ഒടുവിലായി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് 43 റൺസിന് പരാജയപ്പെട്ട സിഎസ്കെ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്തുമാണ്.

ഇപ്പോഴിതാ ചെന്നൈയ്ക്ക് ആശ്വാസമായി ഒരു വാർത്ത വരികയാണ്. പരിക്ക് മൂലം ആദ്യ മൂന്ന് മത്സരങ്ങളിലും കളിക്കാതിരുന്ന ഇതിഹാസ താരം എം എസ് ധോണിയും ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട താരം ഡെവാൾഡ് ബ്രെവിസും പൂർണ്ണ കായികക്ഷമതയിലേക്ക് തിരിച്ചെത്തുന്നതായാണ് റിപ്പോർട്ടുകൾ. ശനിയാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെ നടക്കുന്ന മത്സരത്തിൽ ഇരുവരും കളിച്ചേക്കുമെന്നാണ് സൂചന.

തുടയിലെ പേശികൾക്കേറ്റ പരിക്ക് കാരണമാണ് ധോണിക്ക് സീസണിലെ ആദ്യ മൂന്ന് മത്സരങ്ങൾ നഷ്ടമായത്. വരും ദിവസങ്ങളിൽ ധോണി നിർണായകമായ ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയനാകും. ഇതിൽ വിജയിച്ചാൽ ഡൽഹിക്കെതിരായ പോരാട്ടത്തിൽ ധോണി ടീമിലുണ്ടാകുമെന്ന് ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്തു.

ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദും ധോണിയുടെ തിരിച്ചുവരവിനെക്കുറിച്ച് ഇന്നലെ സൂചന നൽകിയിരുന്നു. ധോണി വേഗത്തിൽ സുഖം പ്രാപിച്ചുവരികയാണെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം തിരിച്ചെത്തുമെന്നാണ് കരുതുന്നതെന്നും റുതുരാജ് ആര്‍സിബിക്കെതിരായ ടോസിനുശേഷം പറഞ്ഞിരുന്നു.

ധോണിക്ക് പുറമെ ദക്ഷിണാഫ്രിക്കൻ താരം ഡെവാൾഡ് ബ്രെവിസിന്‍റെ മടങ്ങിവരവും ചെന്നൈ ബാറ്റിംഗ് നിരയ്ക്ക് കരുത്താകും. പരിക്കിനെത്തുടർന്ന് ബ്രെവിസിന് സീസണിൽ ഇതുവരെ ഒരു മത്സരം പോലും കളിക്കാനായിരുന്നില്ല.

അടുത്ത മത്സരത്തിന് മുൻപ് ബ്രെവിസ് പൂർണ്ണ സജ്ജനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ബ്രെവിസിന്‍റെ അഭാവം ടീമിന് വലിയ നഷ്ടമായിരുന്നുവെന്നും മുഖ്യപരിശീലകന്‍ സ്റ്റീഫൻ ഫ്ലെമിംഗ് വ്യക്തമാക്കി.

Content highlights: ms dhoni and dewald breviis return csk ipl 2026 injury update

dot image
To advertise here,contact us
dot image