'വഴിതെറ്റിപ്പോയി,കയ്യിൽ വെള്ളം മാത്രം, ഫോൺ സ്വിച്ച് ഓഫായിപ്പോയി';വനത്തിൽ അകപ്പെട്ട സാഹചര്യം വിശദീകരിച്ച് ശരണ്യ

നാല് ദിവസത്തെ തിരിച്ചിലിന് ഒടുവില്‍ ഇന്ന് വൈകിട്ടാണ് ശരണ്യയെ കണ്ടെത്തിയത്

'വഴിതെറ്റിപ്പോയി,കയ്യിൽ വെള്ളം മാത്രം, ഫോൺ സ്വിച്ച് ഓഫായിപ്പോയി';വനത്തിൽ അകപ്പെട്ട സാഹചര്യം വിശദീകരിച്ച് ശരണ്യ
dot image

ബെംഗളൂരു: തനിക്ക് ചെറുതായി വഴിതെറ്റിപ്പോയതാണെന്ന് കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ മലയാളി ശരണ്യ. താഴെ ഇറങ്ങിയപ്പോഴേക്കും മുകളിലുണ്ടായിരുന്നവരെ കാണാന്‍ പറ്റിയില്ലെന്നും മുകളില്‍ കുറച്ച് പേരെ കണ്ടിരുന്നുവെന്നും ശരണ്യ രക്ഷപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു. അവരുടെ അടുത്ത് എത്താന്‍ വേണ്ടി ഇടത് വഴിയിലൂടെ കറങ്ങി വന്നുവെന്നും അപ്പോഴേക്കും ആരെയും കണ്ടില്ലെന്നും ശരണ്യ പറഞ്ഞു.

'താഴേക്കാണല്ലോ പോകേണ്ടതെന്ന് കരുതി താഴേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ നെറ്റ് വര്‍ക്ക് കുറഞ്ഞു. ഉൾവനമായിരുന്നു. ഭക്ഷണം ഉണ്ടായിരുന്നില്ല. കയ്യില്‍ 500 മില്ലിയുടെ വെള്ളക്കുപ്പി മാത്രമായിരുന്നു ഉണ്ടായത്. രാത്രി 6.45 വരെ അന്ന് ഞാന്‍ നടന്നു. സഹൃത്തിനെ വിളിക്കാന്‍ ശ്രമിച്ചിരുന്നു. അപ്പോഴേക്കും ഫോണ്‍ ഓഫ് ആയി. മഴ പെയ്തിരുന്നു. എല്ലാം നനഞ്ഞു. രാത്രി ഉറങ്ങാന്‍ പറ്റിയില്ല. ഇന്ന് 12 മണി വരെ കാത്തിരുന്നു. ആന ഉള്ള സ്ഥലമാണെന്ന് തോന്നുന്നു', ശരണ്യ പറഞ്ഞു.

നാല് ദിവസത്തെ തിരിച്ചിലിന് ഒടുവില്‍ ഇന്ന് വൈകിട്ടാണ് ശരണ്യയെ കണ്ടെത്തിയത്. കുടകിലെ തടിയന്‍ഡമോള്‍ കൊടുമുടി കയറാനിറങ്ങിയതായിരുന്നു ശരണ്യ. ഏപ്രില്‍ രണ്ടാം തീയതി വ്യാഴാഴ്ചയാണ് ശരണ്യയെ കാണാതായത്. വ്യാഴാഴ്ച രാവിലെ വനംവകുപ്പില്‍ നിന്ന് അനുമതി വാങ്ങിയ ശേഷമായിരുന്നു ശരണ്യ ഉള്‍പ്പെട്ട സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. എന്നാല്‍ ഇതിനിടെ ശരണ്യയെ കാണാതാകുകയായിരുന്നു.

സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ആളായിരുന്നു ശരണ്യ. ട്രക്കിങ്ങിനായായിരുന്നു ശരണ്യ കുടകില്‍ എത്തിയത്. കുടകിലെ ഒരു ഹോം സ്റ്റേയിലായിരുന്നു താമസിച്ചിരുന്നത്. ഒറ്റയ്ക്ക് ട്രക്കിങ്ങ് നടത്തായിരുന്നു ശരണ്യക്ക് താത്പര്യം. ഇക്കാര്യം ഹോം സ്റ്റേ അധികൃതരോട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് അനുമതിയില്ലാത്തതിനാല്‍ ഹോം സ്റ്റേയില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്കൊപ്പം ചേരുകയായിരുന്നു. ശരണ്യയ്ക്കൊപ്പം ഒന്‍പത് പേരായിരുന്നു യാത്ര പുറപ്പെട്ടത്.

ശരണ്യയെ കാണാതായതിന് പിന്നാലെ കണ്ടെത്താന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക വനംമന്ത്രിയും ആഭ്യന്തരമന്ത്രിയുമായും ഫോണില്‍ സംസാരിച്ചിരുന്നു.

Content Highlights: Saranya who missing at Kudak says about her situation at forest

dot image
To advertise here,contact us
dot image