'LDFന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിക്കാൻ ഇടയില്ല, ഉണ്ടെങ്കിൽ തിരുത്തും'; വിവാദ അനൗൺസ്‌മെന്റിൽ ടി പി രാമകൃഷ്ണൻ

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്ന് ടി പി രാമകൃഷ്ണന്‍

'LDFന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിക്കാൻ ഇടയില്ല, ഉണ്ടെങ്കിൽ തിരുത്തും'; വിവാദ അനൗൺസ്‌മെന്റിൽ ടി പി രാമകൃഷ്ണൻ
dot image

കോഴിക്കോട്: വിവാദ അനൗണ്‍സ്‌മെന്റില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് മറുപടി നല്‍കുമെന്ന് എല്‍ഡിഎഫ് കണ്‍വീനറും പേരാമ്പ്ര സ്ഥാനാര്‍ത്ഥിയുമായ ടി പി രാമകൃഷ്ണന്‍. ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ ഭാഗത്തുനിന്നും തെറ്റ് സംഭവിക്കാന്‍ ഇടയില്ലെന്നും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്താനുള്ള നടപടി സ്വീകരിക്കുമെന്നും ടി പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 'എതിര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി കൊടുത്തതായി അറിയില്ല. എല്‍ഡിഎഫോ സിപിഐഎം സ്ഥാനാര്‍ത്ഥിയോ പരാതി നല്‍കിയിട്ടില്ല. പരാതി നല്‍കിയവര്‍ക്ക് പാര്‍ട്ടി ബന്ധമുണ്ടോ എന്ന കാര്യം അറിയില്ല', ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

യുഡിഎഫ് പരാതിയില്‍ മാതൃകാപെരുമാറ്റ ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് ടി പി രാമകൃഷ്ണന് നോട്ടീസ് അയച്ചത്. അനൗണ്‍സ്മെന്റില്‍ വിശദീകരണം തേടിയാണ് നോട്ടീസ്. ഫാത്തിമ തെഹ്‌ലിയക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. അനൗണ്‍സ്മെന്റ് വീഡിയോ സഹിതമായിരുന്നു പരാതി.

എന്നാല്‍ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചിരുന്നു. വീടുകളില്‍ ചെന്ന് സമുദായം പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചു എന്നാണ് പരാതി. ഇത്തരത്തില്‍ പേരാമ്പ്ര ആര്‍ഒഎയ്ക്ക് മൂന്ന് പരാതികളാണ് ലഭിച്ചിരുന്നത്. ഇക്കാര്യത്തില്‍ വിശദീകരണം തേടി ഫാത്തിമ തെഹ്ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു.

Content Highlights: TP Ramakrishnan about announcement controversy

dot image
To advertise here,contact us
dot image