'കണ്ണൂരിലേത് പിണറായിക്കും ഗോവിന്ദനും വേണ്ടി ഉണ്ടാക്കിയ സീറ്റ്; അമ്പലപ്പുഴയിൽ മത്സരിക്കാൻ വെല്ലുവിളിക്കുന്നു'

പിണറായി വിജയനെയും എം വി ഗോവിന്ദനെയും വെല്ലുവിളിച്ച് ജി സുധാകരൻ

'കണ്ണൂരിലേത് പിണറായിക്കും ഗോവിന്ദനും വേണ്ടി ഉണ്ടാക്കിയ സീറ്റ്; അമ്പലപ്പുഴയിൽ മത്സരിക്കാൻ വെല്ലുവിളിക്കുന്നു'
dot image

ആലപ്പുഴ: കണ്ണൂര്‍ വിട്ട് അമ്പലപ്പുഴയില്‍ വന്ന് മത്സരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും വെല്ലുവിളിച്ച് മുന്‍ സിപിഐഎം നേതാവും അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ജി സുധാകരന്‍. ജയിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും വോട്ട് ലഭിക്കും. അങ്ങനെയാണ് എല്ലാവരും ജയിക്കുന്നത്. അങ്ങനെയല്ലാത്ത അഞ്ച് മണ്ഡലങ്ങള്‍ കണ്ണൂരില്‍ മാത്രമേയുള്ളൂ. അത് പിണറായിക്കും ഗോവിന്ദനും ജയിക്കാന്‍ ഉണ്ടാക്കിവെച്ചതാണെന്ന് ജി സുധാകരന്‍ കുറ്റപ്പെടുത്തി.

'എല്ലാ ജയിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കും എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും വോട്ട് ലഭിക്കും. അല്ലാതെ സ്വന്തം പാര്‍ട്ടിയുടെ വോട്ട് കൊണ്ട് ആര്‍ക്കും ജയിക്കാന്‍ പറ്റില്ല. അങ്ങനെ അഞ്ച് സീറ്റ് കണ്ണൂരില്‍ മാത്രമേയുള്ളൂ. നേതാക്കന്മാര്‍ക്ക് ജയിക്കാന്‍ വേണ്ടി മാത്രം അഞ്ച് സീറ്റ് മാറ്റിവെച്ചു. അതുകൊണ്ടൊക്കെയാണ് പിണറായിയും ഗോവിന്ദനും ജയിക്കുന്നത്. അമ്പലപ്പുഴയില്‍ വന്ന് ജയിക്കാന്‍ ഗോവിന്ദനെ ഞാന്‍ വെല്ലുവിളിക്കുകയാണ്. പിണറായി വിജയനെയും വെല്ലുവിളിക്കുകയാണ്. നിങ്ങളിവിടെ വരണമെന്നല്ല പറയുന്നത്. നിങ്ങളുടെ വര്‍ത്തമാനം കേട്ടാല്‍ വെല്ലുവിളിക്കാന്‍ തോന്നും. നിങ്ങള്‍ അവിടെത്തന്നെ മത്സരിച്ചാല്‍ മതി. കാരണം നിങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയ സീറ്റാണത്', ജി സുധാകരന്‍ പറഞ്ഞു.

കണ്ണൂരില്‍ രണ്ട് സീറ്റ് യുഡിഎഫ് ജയിച്ച കാര്യം കൂടി ഓര്‍ക്കണമെന്നും സുധാകരന്‍ പറഞ്ഞു. ഇവിടെ ഒരു സീറ്റേ യുഡിഎഫിന് ലഭിച്ചുള്ളൂ. ഇത്തവണ എല്‍ഡിഎഫിന് എട്ട് സീറ്റ് കിട്ടുമോയെന്ന് സുധാകരന്‍ ചോദിച്ചു. എട്ട് സീറ്റ് കിട്ടില്ലെന്നും മൂന്നെണ്ണം കിട്ടിയാല്‍ ഭാഗ്യമെന്നും ജി സുധാകരന്‍ പറഞ്ഞു. ചിലപ്പോള്‍ അത് രണ്ടാകാം. അല്ലെങ്കില്‍ സീറോയാകാമെന്നും സുധാകരന്‍ പരിഹസിച്ചു.

Content Highlights- A political remark alleged that the Kannur seat was specifically created for Pinarayi Vijayan and Govindan

dot image
To advertise here,contact us
dot image