സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ല; മത്സരം സിപിഐക്കെതിരെ: ബിജെപി സ്ഥാനാർത്ഥി സി സി മുകുന്ദന്‍

'കോണ്‍ഗ്രസ് വഞ്ചിച്ചുവെന്ന് പറയാനാകില്ല. ക്ഷണിച്ചപ്പോള്‍ സംസാരിക്കാന്‍ പോയി'

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ല; മത്സരം സിപിഐക്കെതിരെ: ബിജെപി സ്ഥാനാർത്ഥി സി സി മുകുന്ദന്‍
dot image

തൃശ്ശൂര്‍: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്ന് നാട്ടികയിലെ ബിജെപി സ്ഥാനാര്‍ത്ഥി സി സി മുകുന്ദന്‍. നാട്ടികയില്‍ എംഎല്‍എയായിരിക്കെ ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്നാണ് മനസ്സിലാക്കല്‍ എന്നും സി സി മുകുന്ദന്‍ റിപ്പോര്‍ട്ടര്‍ ഇലക്ഷന്‍ എക്‌സ്പ്രസില്‍ പറഞ്ഞു. തന്നെ പുറത്താക്കിയ പാര്‍ട്ടിക്കെതിരെയാണ് ഇപ്പോള്‍ മത്സരിക്കുന്നതെന്നും സി സി മുകുന്ദന്‍ പറഞ്ഞു.

ബിജെപി വര്‍ഗീയ ശക്തിയാണെന്ന നിലപാട് നേരത്തെ എടുത്തിരുന്നില്ലേയെന്ന ചോദ്യത്തോട് ഒരാളെയും എതിര്‍ക്കാതെ മുന്നോട്ട് പോകുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു താന്‍ എന്നായിരുന്നു സി സി മുകുന്ദന്റെ പ്രതികരണം.

'നാട്ടികയുടെ കൂടെയാണ് ഞാന്‍. പ്രത്യേകിച്ച് പറയേണ്ടതില്ല. നാട്ടിക എന്റെ മണ്ഡലമാണ്. ഒരു പാര്‍ട്ടിക്കാരും എനിക്ക് എതിരെ സമരം ചെയ്തിട്ടില്ല', സി സി മുകുന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസ് സീറ്റ് നല്‍കാതെ വഞ്ചിച്ചോയെന്ന ചോദ്യത്തോട് കോണ്‍ഗ്രസ് അഭിപ്രായം തേടുകയാണ് ചെയ്തത്. താന്‍ നിലപാട് പറഞ്ഞു. വഞ്ചിച്ചുവെന്ന് പറയാനാകില്ല. ക്ഷണിച്ചപ്പോള്‍ സംസാരിക്കാന്‍ പോയി. അത്രമാത്രമെനനും സി സി മുകുന്ദന്‍ പറഞ്ഞു.

നാട്ടിക എംഎല്‍എ സി സി മുകുന്ദനെതിരെ ബിജെപി നേരത്തെ ഉപയോഗിച്ച വിമര്‍ശന പോസ്റ്ററുകള്‍ ചര്‍ച്ചയായിരുന്നു. സിപിഐ വിട്ട് സി സി മുകുന്ദന്‍ ബിജെപിയിലെത്തുന്നതിന് മുമ്പ് അദ്ദേഹത്തെ വിമര്‍ശിച്ച് മണ്ഡലത്തില്‍ ഉയര്‍ത്തിയ പോസ്റ്ററുകളും സിറ്റിങ് എംഎല്‍എമാരെ വിമര്‍ശിച്ചുള്ള ബിജെപിയുടെ പ്രചാരണ ബോര്‍ഡുകളുമാണ് ചര്‍ച്ചയ്ക്ക് ഇടയാക്കിയത്. നാട്ടിക എംഎല്‍എ ആയ സി സി മുകുന്ദന്റെ കഴിവില്ലായ്മ മൂലം കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ നഷ്ടമായെന്നും നാട്ടികയിലെ സമ്മതിദായകരെ വഞ്ചിച്ച് വികസനത്തെ പിന്നോട്ടടിച്ചു, എല്‍ഡിഎഫ് എംഎല്‍എയുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരു ലക്ഷം ഒപ്പു ശേഖരണം, മതിയായി ഈ എംഎല്‍എ മാറ്റം തുടങ്ങാം, മാറാത്തത് മാറും ഇനി കേരളം വളരും എന്നിങ്ങനെയുള്ള നാട്ടികയിലെ ബിജെപിയുടെ പോസ്റ്ററുകളാണ് സമൂഹമാധ്യമത്തില്‍ ഇടംപിടിച്ചത്.

Content Highlights: There is no anti-government sentiment in the state said bjp candidate CC mukundan

dot image
To advertise here,contact us
dot image