ലൈംഗികാതിക്രമ പരാതി; കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെതിരെ കേസെടുത്തു

പ്രശോഭിനെതിരെ പരാതി നല്‍കിയ അതിജീവിത പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി ഇന്ന് മൊഴി നല്‍കുകയായിരുന്നു

ലൈംഗികാതിക്രമ പരാതി; കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെതിരെ കേസെടുത്തു
dot image

പാലക്കാട്: പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് വത്സനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് കേസെടുത്തു. പീഡനം, എസ്‌സി- എസ്ടി അതിക്രമ നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രശോഭ് നിലവില്‍ ഒളിവിലാണ്. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസാണ് പ്രശോഭിനെതിരെ കേസെടുത്തത്. പ്രശോഭിനെതിരെ പരാതി നല്‍കിയ അതിജീവിത പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി ഇന്ന് മൊഴി നല്‍കുകയായിരുന്നു. കോണ്‍ഗ്രസ് കൗണ്‍സിലറായ പ്രശോഭില്‍ നിന്ന് നേരിട്ട ക്രൂരത റിപ്പോര്‍ട്ടര്‍ ടിവിയിലൂടെയാണ് അതിജീവിത വെളിപ്പെടുത്തിയത്.

ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പ്രശോഭ് വത്സനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് പുറത്താക്കിയത്. പ്രശോഭിനെതിരായ ലൈംഗികാതിക്രമ പരാതി തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കെ പാര്‍ട്ടിക്കും മുന്നണിക്കും ദോഷമുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. പാലക്കാട് നഗരസഭയിലെ ഇരുപത്തിനാലാം വാര്‍ഡ് കൗണ്‍സിലറാണ് പ്രശോഭ് സി വത്സന്‍. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിപ്പിച്ചെന്ന് കാണിച്ച് ദളിത് യുവതിയാണ് പ്രശോഭിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായെന്നും ഇതറിഞ്ഞതോടെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.

ജോലിയുടെ അഭിമുഖത്തിനായി പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി ആരോപിച്ചിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്തുവെച്ചായിരുന്നു രണ്ടാമത്തെ പീഡനം. ഭീഷണിപ്പെടുത്തി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി. ആക്രമണം ഭയന്ന് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഷാഫി പറമ്പില്‍ എംപി തന്റെ ആശാനാണെന്നും എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും യുവതി പരാതി നല്‍കിയിരുന്നു.

Content Highlights: Sexual harassment complaint; Case registered against Congress councilor Prasobh C. Valsan

dot image
To advertise here,contact us
dot image