ദിനേശ് ബീഡി സഹകരണ സംഘത്തിന് ടെന്‍ഡർ; ലക്ഷ്യം സഹകരണമേഖലയെ പൂർണ്ണമായി CPIM നിയന്ത്രണത്തിലാക്കൽ: രമേശ് ചെന്നിത്തല

പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് അഴിമതി നടന്നതെന്ന് രമേശ് ചെന്നിത്തല

ദിനേശ് ബീഡി സഹകരണ സംഘത്തിന് ടെന്‍ഡർ; ലക്ഷ്യം സഹകരണമേഖലയെ പൂർണ്ണമായി CPIM നിയന്ത്രണത്തിലാക്കൽ: രമേശ് ചെന്നിത്തല
dot image

ആലപ്പുഴ: സോഫ്റ്റ് വെയർ അഴിമതി ആരോപണം ആവർത്തിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സഹകരണ വകുപ്പിലെ സോഫ്റ്റ്‌വെയർ അഴിമതിയിൽ മന്ത്രി വി എൻ വാസവന്റെ വാദങ്ങൾ പച്ചക്കള്ളമാണെന്നും അത് ഹൈക്കോടതി ശരിവെച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. താൻ പറഞ്ഞത് പദ്ധതിയിലെ ക്രമക്കേടുകളാണ്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് അഴിമതി നടന്നതെന്നും ദിനേശ് ബീഡി സഹകരണ സംഘത്തിന്‍റെ ടെന്‍ഡറില്‍ വ്യക്തതയില്ലായെന്നും അദ്ദേഹം വ്യക്തമാക്കി.

ദിനേശ് ബീഡി സഹകരണ സംഘത്തിന് മാത്രം പങ്കെടുക്കാവുന്ന രീതിയിൽ ടെണ്ടർ വിളിച്ചുവെന്നും അത് സുതാര്യമായ കാര്യമല്ലായെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സഹകരണമേഖലയെ പൂർണ്ണമായി സിപിഐഎമ്മിൻ്റെ നിയന്ത്രണത്തിലാകുന്ന ഒരു പ്രവർത്തനമാണ് സർക്കാർ നടത്തുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. തെരഞ്ഞെടുപ്പ് ഇത്രയും പെട്ടെന്ന് പ്രഖ്യാപിക്കുമെന്ന് ഇവർ കരുതിയില്ല.

ആരും അറിയാതെ ഇത് നടപ്പിലാക്കിയെടുക്കാനുള്ള പരിപാടിയായിരുന്നു സ‍ർക്കാരിന്‍റേതെന്നും ഇതിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അഴിമതിയിൽ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും 700 കോടി രൂപയിൽ അധികം നഷ്ടം വരുന്ന തരത്തിലാണ് ഈ പദ്ധതി സ‍ർക്കാർ നടപ്പാക്കാൻ പോയതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വാസവന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചതെന്നും ടെന്‍ഡര്‍ ക്ഷണിച്ചത് എത്ര ശാഖകള്‍ക്കാണെന്ന് വ്യക്തമാക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നും ദിനേശ് ബീഡി സഹകരണ സംഘത്തിന് ടെന്‍ഡര്‍ നല്‍കണമെന്ന് മന്ത്രി ഉള്‍പ്പെടെ ആദ്യമേ തീരുമാനിച്ചിരുന്നെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഈ കള്ള കളിക്ക് കൂട്ട് നിന്ന എല്ലാവ‍ർക്കും എതിരെ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ബിജെപി-സിപിഐഎം ഡീലും രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. 'സിപിഐഎം - ബിജെപി ഡീൽ ആരംഭിച്ചത് 2021 മുതലാണ്. 2021ൽ അറുപതിലധികം സീറ്റിൽ ബിജെപി ഇടതുപക്ഷത്തിന് വോട്ട് മറിച്ചു. 2026ലും അന്തർധാര ആവർത്തിക്കുന്നു. കാസർകോടും മഞ്ചേശ്വരത്തും എന്ത് ഡീൽ ആണെന്ന് അറിയില്ല. പ്രതിപക്ഷ നേതാവ് ആരോപിച്ചത് അദ്ദേഹത്തോട് ചോദിക്കണം. രണ്ട് മണ്ഡലങ്ങളിലും ജയിക്കും എന്ന് തനിക്ക് അറിയാം. കേരളത്തിൽ എസ്ഡിപിഐ - സിപിഐഎം കൂട്ടുകെട്ടാണ്. എസ്ഡിപിഐ സംസ്ഥാന വ്യാപകമായി എൽഡിഎഫിന് പിന്തുണ നൽകുന്നു.' രമേശ് ചെന്നിത്തല പറഞ്ഞു.

Content Highlight : Senior Congress leader Ramesh Chennithala reiterates allegations of software corruption. The aim is to bring the cooperative sector under complete CPM control

dot image
To advertise here,contact us
dot image