മുള്ളൻപന്നിയെ തലയ്ക്കടിച്ച് കൊന്ന കേസിൽ വെള്ളനാട് ശശിക്ക് ജാമ്യം

കർശന ഉപാധികളോടെയാണ് ജാമ്യം

മുള്ളൻപന്നിയെ തലയ്ക്കടിച്ച് കൊന്ന കേസിൽ വെള്ളനാട് ശശിക്ക് ജാമ്യം
dot image

തിരുവനന്തപുരം: മുള്ളൻപന്നിയെ തലയ്ക്കടിച്ച് കൊന്ന കേസിൽ വെള്ളനാട് ശശിക്ക് ജാമ്യം. കർശന ഉപാധികളോടെയാണ് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യം തള്ളിയതോടെ വെള്ളനാട് ശശി കഴിഞ്ഞദിവസം വനംവകുപ്പിന് മുന്നിൽ കീഴടങ്ങിയിരുന്നു. പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലായിരുന്നു ശശി കീഴടങ്ങിയത്.

വെള്ളനാട് വാളിയറ സ്വദേശി രജിതയുടെ വീട്ടിലാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് മുള്ളൻപന്നിയെ കണ്ടത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന അരുണും കുടുംബവും വെള്ളനാട് പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് വാർഡംഗം ഷൈലജ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയോട് വനംവകുപ്പിനെ അറിയിക്കാൻ പറഞ്ഞു. എന്നാൽ വനംവകുപ്പിനെ അറിയിക്കാതെ സ്ഥലത്തെത്തിയ ശശി ഇരുമ്പ് കമ്പി കൊണ്ട് മുള്ളൻപന്നിയെ തലയ്ക്കടിച്ച് കൊന്നുവെന്നാണ് കേസ്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തിയപ്പോഴേക്കും ശശി സ്ഥലം വിട്ടിരുന്നു.

എന്നാല്‍ മുള്ളന്‍പന്നിയെ കൊന്നിട്ടില്ലെന്നും ചത്തിട്ടുണ്ടോ എന്ന് നോക്കിയതാണെന്നുമായിരുന്നു വെള്ളനാട് ശശി റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. വണ്ടി കയറി ചത്തുകിടന്ന മുള്ളന്‍പന്നിയാണത്. അതിന് ജീവനുണ്ടോ എന്ന് നോക്കിയതാണ്. പ്രദേശത്ത് മുഴുവന്‍ മുള്ളന്‍പന്നികളുടെ വലിയ ശല്യമുണ്ടെന്നുമായിരുന്നു ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വെള്ളനാട് ശശി റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചത്. ഒരു വീടിനകത്ത് കയറിയ മുള്ളന്‍ പന്നി ആരെയെങ്കിലും ആക്രമിക്കുമെന്ന് കരുതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുള്ളൻപന്നിയെ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്താൽ മൂന്നു മുതൽ ഏഴ് വർഷം വരെ തടവും 25,000രൂപ പിഴയുമാണ് ശിക്ഷ. ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു ശശിക്കെതിരെ കേസെടുത്തത്. തലച്ചോറ് തകർന്നാണ് മുള്ളപന്നി ചത്തതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

Content Highlights: Vellanad Sasi was granted bail by the Kerala court in the porcupine killing case.

dot image
To advertise here,contact us
dot image