

തൃശൂര്‍: മുന്‍ നാളുകളില്‍ സിപിഐഎം ആര്‍എസ്എസുമായി ചേര്‍ന്ന് മത്സരിച്ചിട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സതീശന്‍ അസംബന്ധം പറയാന്‍ മടിയില്ലാത്ത ആളാണെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്.
'എന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച സമയത്ത് ആര്‍എസ്എസ് എപ്പോള്‍ വേണമെങ്കിലും ആക്രമിച്ചേക്കാം എന്ന നിലയിലായിരുന്നു. അവരുടെ ടാര്‍ഗറ്റായിരുന്നു. ഇപ്പോള്‍ ദശാബ്ദങ്ങള്‍ക്ക് ശേഷം എന്ത് നുണയും പറയാമെന്ന് കരുതരുത്. സഖാവ് ഇഎംസിനെ പട്ടാമ്പിയില്‍ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ആര്‍എസ്എസുമായി ഡീലുണ്ടാക്കി. കോണ്‍ഗ്രസ് ബന്ധപ്പെട്ടതിന്റെ ഭാഗമായി അന്ന് ജനസംഘത്തിന്റെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു. ഇഎംഎസിനെതിരെ പ്രചാരണത്തിനായി ജനസംഘത്തിന്റെ ദേശീയ നേതാവായ ദീന്‍ദയാല്‍ ഉപാധ്യായ എത്തി.
കുറച്ച് നാളുകള്‍ക്ക് ശേഷം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് എകെജിക്കെതിരെ ആര്‍എസ്എസ് ജില്ലാകാര്യ വാഹകായിരുന്നു കോണ്‍ഗ്രസിന്റെ നേതാവും സ്ഥാനാര്‍ത്ഥിയും. ആര്‍എസ്എസിനും കോണ്‍ഗ്രസിനും കൂടി ഒരൊറ്റ സ്ഥാനാര്‍ത്ഥിയായിരുന്നു. ഇത്തരം നാണംകെട്ട പരിപാടികള്‍ ചെയ്തവരാണ് അവര്‍. ചില്ലറ വോട്ടിനും നാല് സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാട്ടുന്ന പണി എല്‍ഡിഎഫിന് ഇല്ലെന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ്,' പിണറായി വിജയന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള വാക്‌പോര് ശക്തമായി തുടരുകയാണ്. സംഘപരിവാറുമായുള്ള ബന്ധത്തെ കുറിച്ചുള്ള ആരോപണ പ്രത്യാരോപണങ്ങളും നിരാകരിക്കലുകളുമാണ് സമൂഹമാധ്യമങ്ങളിലും വാര്‍ത്ത സമ്മേളനങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടാക്കുന്നു എന്ന യുഡിഎഫ് ആരോപണത്തിന് പിന്നാലെയാണ് മുന്നണികള്‍ സംഘപരിവാര്‍ ബന്ധത്തെ കുറിച്ചുള്ള വാഗ്വാദവുമായി രംഗത്ത് വന്നത്.
2006ല്‍ ഗോള്‍വാള്‍ക്കറുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സതീശന്‍ പങ്കെടുത്ത ചിത്രമാണ് മുഖ്യമന്ത്രി വ്യാഴാഴ്ച ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഗോള്‍വാള്‍ക്കറുടെ ഫോട്ടോക്ക് മുന്നില്‍ താണുവണങ്ങി വിളക്കുകൊളുത്തിയത് ഏത് ഡീലിന്റെ ഭാഗമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ഇതിന് മറുപടിയായി ലക്ഷണമൊത്ത ആര്‍എസ്എസ് ഏജന്റ് പിണറായി വിജയന്‍ ആണെന്ന് വി ഡി സതീശന്‍ ഫേസ്ബുക്കിലൂടെ തന്നെ പ്രതികരിച്ചു. സിപിഐഎമ്മും ബിജെപിയുമായി കഴിഞ്ഞ നാളുകളില്‍ പരസ്പരം സഹകരിച്ചു എന്ന് ആരോപിച്ചുകൊണ്ട് പല സംഭവങ്ങളും വി ഡി സതീശന്‍ ഉയര്‍ത്തിക്കാട്ടി. പക്ഷെ 2006ലെ പരിപാടിയെ കുറിച്ച് വി ഡി സതീശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണമൊന്നും നല്‍കിയില്ല.
വി ഡി സതീശന്റെ ആരോപണങ്ങള്‍ക്ക് മറുപടി പോസ്റ്റുമായി പിണറായി വിജയനും എത്തിയിരുന്നു. 2022 ജൂലൈ 14 ന് നിയമസഭയില്‍ തന്നെ ഈ ആരോപണം ഉന്നയിക്കുന്നവരുടെ സാന്നിധ്യത്തില്‍ വളരെ വിശദമായി മറുപടികള്‍ നല്‍കിയതാണെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. അന്ന് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു.
Content Highlights: Pinarayi Vijayan slams V D Satheeshan over his allegations about CPIM - BJP deal in kerala elections