'ജി സുധാകരൻ കുറ്റബോധത്തില്‍ നിന്ന് പിച്ചും പേയും പറയുകയാണ്': കൃഷ്ണപിളള സ്മാരകം തകർത്ത സംഭവത്തിൽ സജി ചെറിയാൻ

ജി സുധാകരന്‍ ഒരുപാട് മാനസികമായി തളര്‍ന്നെന്നും അദ്ദേഹത്തിനെതിരെ താന്‍ ഇനി പറഞ്ഞാല്‍ ജി സുധാകരന് വിഭ്രാന്തിയുണ്ടാകുമെന്നും സജി ചെറിയാന്‍ പറഞ്ഞു

'ജി സുധാകരൻ കുറ്റബോധത്തില്‍ നിന്ന് പിച്ചും പേയും പറയുകയാണ്': കൃഷ്ണപിളള സ്മാരകം തകർത്ത സംഭവത്തിൽ സജി ചെറിയാൻ
dot image

പത്തനംതിട്ട: കൃഷ്ണപ്പിളള സ്മാരകം തകര്‍ത്ത സംഭവത്തില്‍ മുന്‍ സിപിഐഎം നേതാവും അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുളള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ജി സുധാകരന്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍. ജി സുധാകരന്‍ ഒരുപാട് മാനസികമായി തളര്‍ന്നെന്നും അദ്ദേഹത്തിനെതിരെ താന്‍ ഇനി പറഞ്ഞാല്‍ ജി സുധാകരന് വിഭ്രാന്തിയുണ്ടാകുമെന്നും സജി ചെറിയാന്‍ പറഞ്ഞു. കുറ്റബോധത്തില്‍ നിന്ന് പിച്ചും പേയും പറയുകയാണെന്നും കുറച്ചുകാലം പാര്‍ട്ടിയെ സേവിച്ചതല്ലേ, അതുകൊണ്ട് മറുപടി നല്‍കുന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

'കൃഷ്ണപിളള സ്മാരകം തകര്‍ക്കുന്നതിന്റെ തലേദിവസം വൈകീട്ട് ആറര വരെ ഞാന്‍ കഞ്ഞിക്കുഴിയില്‍ ഉണ്ടായിരുന്നു. കൃഷ്ണപ്പിളള സ്മാരകം തകര്‍ത്തത് ഞാന്‍ പിറ്റേദിവസം രാവിലെ ആറുമണിക്കാണ് അറിയുന്നത്. സംഭവസ്ഥലത്തുനിന്നും സഖാക്കളാണ് വിവരം വിളിച്ചുപറഞ്ഞത്. രാവിലെ എട്ടരയ്ക്കാണ് ഞാന്‍ സംഭവസ്ഥലത്ത് ചെയ്യുന്നത്. ഇനി, സംഭവം അറിഞ്ഞ് പാര്‍ട്ടി സെക്രട്ടറിയായ ഞാന്‍ പുലര്‍ച്ചെ ചെന്നാല്‍ തന്നെ എന്താണ് കുഴപ്പം? പാര്‍ട്ടി സെക്രട്ടറിയായ എനിക്ക് എപ്പോള്‍ വേണമെങ്കിലും അവിടെ ചെല്ലാമല്ലോ. യുഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് അല്ലേ സംഭവം അന്വേഷിച്ചത്? ചിലരുടെ പേരില്‍ കേസെടുത്തു. ഞങ്ങള്‍ അന്വേഷണത്തില്‍ ഇടപെടാനോ എതിര്‍ക്കാനോ പോയിട്ടില്ല' സജി ചെറിയാന്‍ പറഞ്ഞു.

"പാവപ്പെട്ട പിണറായി വിജയനെ എന്തിനാണ് പറയുന്നതെന്നും കോടതി ആ കേസ് തളളിക്കളഞ്ഞതാണെന്നും സജി ചെറിയാന്‍ പറഞ്ഞു. യഥാര്‍ത്ഥ കുറ്റവാളികളെ പിടിക്കേണ്ടത് യുഡിഎഫിന്റെ കാലത്തെ പൊലീസായിരുന്നു. പുലര്‍ച്ചെ ഞാന്‍ അവിടെ ചെന്നു എന്ന് പറഞ്ഞാല്‍ അത് അന്ന് അന്വേഷിക്കാമായിരുന്നല്ലോ. പിണറായിയും വിഎസും അന്വേഷണം നടത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു' സജി ചെറിയാന്‍ പറഞ്ഞു.

ജി സുധാകരന്‍ ഇത്രയും നാള്‍ എങ്ങനെ കമ്മ്യൂണിസ്റ്റായി ജീവിച്ചു എന്നത് അത്ഭുതമാണെന്നും രക്തസാക്ഷികളെയും പാര്‍ട്ടി ഉണ്ടാക്കിയ കൃഷ്ണപ്പിളളയെയും മറന്ന് സുധാകരന്‍ സംസാരിക്കരുതെന്നും സജി ചെറിയാന്‍ പറഞ്ഞു. കൊടുക്കാവുന്ന മൊഴികള്‍ എല്ലാം തങ്ങള്‍ അന്ന് കൊടുത്തിരുന്നെന്നും അന്വേഷണം ശരിയായ വഴിക്കല്ല പോയതെങ്കില്‍ അതിന്റെ ഉത്തരവാദിത്തം അന്നത്തെ സര്‍ക്കാരിനാണെന്നും സജി ചെറിയാന്‍ പറഞ്ഞു. അനാവശ്യ കാര്യങ്ങള്‍ പറഞ്ഞാല്‍ നാട്ടുകാര്‍ അഭിനന്ദിക്കും എന്നാണ് ജി സുധാകരന്‍ കരുതുന്നതെന്നും അദ്ദേഹം കൂടുതല്‍ ഒറ്റപ്പെടുകയേ ഉളളുവെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

സജി ചെറിയാനെയും പിണറായി വിജയനെയും പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകളാണ് ജി സുധാകരൻ നടത്തിയത്. സംഭവത്തിൽ സജി ചെറിയാൻ സംശയമുനയിലാണെന്നും അന്വേഷണം വേണ്ട എന്നുപറഞ്ഞത് പിണറായി വിജയനാണെന്നും ജി സുധാകരൻ പറഞ്ഞു. റിപ്പോട്ടർ ടിവിയുടെ 'നേരോ നേതാവേ' അഭിമുഖ പരിപാടിയിലായിരുന്നു സുധാകരന്റെ വെളിപ്പെടുത്തൽ. സജി ചെറിയാനെ സംശയമുനയിൽ നിർത്തുന്നതാണ് ജി സുധാകരന്റെ വെളിപ്പെടുത്തൽ.

സ്മാരകം തകർത്ത രാത്രി സജി ചെറിയാൻ എങ്ങനെ പെട്ടെന്ന് സ്ഥലത്തെത്തി എന്നാണ് ജി സുധാകരൻ ചോദിച്ചത്. രാത്രി രണ്ടരയ്ക്കാണ് സജി സ്ഥലത്തെത്തിയത്. എങ്ങനെ ഇത്ര പെട്ടെന്ന് സജിക്ക് എത്താൻ സാധിച്ചു എന്നും എന്തിനാണ് എത്തിയത് എന്നും സുധാകരൻ ചോദിച്ചു. 2013 ഒക്ടോബർ 31ന് പുലർച്ചെ 1.30നാണ് കൃഷ്ണപിള്ള സ്മാരകത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. കേസിലെ അഞ്ച് പ്രതികളും സിപിഐഎം പ്രവർത്തകരായിരുന്നു. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്സണൽ സെക്രട്ടറി ലതീഷ് ബി ചന്ദ്രൻ ആയിരുന്നു ഒന്നാം പ്രതി. മുൻ ലോക്കൽ സെക്രട്ടറി പി സാബുവായിരുന്നു രണ്ടാം പ്രതി. ദീപു, രാജേഷ്, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍.

Content Highlights: Saji Cherian on the Krishna Pillai memorial demolition incident g sudhakaran allegation

dot image
To advertise here,contact us
dot image