'യു പ്രതിഭയ്‌ക്കെതിരായ യുഡിഎഫ് നേതാവിന്റെ പരാമർശം രാഷ്ട്രീയ സംസ്‌കാരത്തിന്റെ തകർച്ച; ശക്തമായി അപലപിക്കുന്നു'

യു പ്രതിഭയ്‌ക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി

'യു പ്രതിഭയ്‌ക്കെതിരായ യുഡിഎഫ് നേതാവിന്റെ പരാമർശം രാഷ്ട്രീയ സംസ്‌കാരത്തിന്റെ തകർച്ച; ശക്തമായി അപലപിക്കുന്നു'
dot image

തിരുവനന്തപുരം: കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയ്‌ക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുപ്രവര്‍ത്തകയായതിനാല്‍ ഒരു വനിതയെ ഹീനമായ വാക്കുകള്‍ കൊണ്ട് ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്‌കാരത്തിന്റെ തകര്‍ച്ചയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

''അവള്‍ക്കൊപ്പം'' എന്ന് ആവര്‍ത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും ഇത്തരം സ്ത്രീവിരുദ്ധ രീതികളോട് സ്വീകരിക്കുന്ന നേര്‍വിപരീത സമീപനം അവരുടെ കാപട്യത്തെയാണ് തുറന്നുകാട്ടുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

നാടിന്റെ വികസനവും ജനങ്ങളുടെ പ്രശ്നങ്ങളും ചർച്ച ചെയ്യാതെ സ്ത്രീകളെ അപമാനിച്ച് വോട്ട് നേടാമെന്നത് യുഡിഎഫിന്റെ തെറ്റിദ്ധാരണയാണ്. സ്ത്രീകളുടെ അഭിമാനവും അവകാശങ്ങളും കാത്തുസൂക്ഷിക്കുന്ന ഇടതുപക്ഷ നിലപാടിനൊപ്പം കേരളം എപ്പോഴും നിലകൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി സഖാവ് യു. പ്രതിഭയ്ക്കെതിരെ അവിടത്തെ യുഡിഎഫ് കൺവീനർ നടത്തിയ സ്ത്രീവിരുദ്ധവും അപമാനകരവുമായ പരാമർശങ്ങളെ ശക്തമായി അപലപിക്കുന്നു.

പൊതുപ്രവർത്തകയായതിനാൽ ഒരു വനിതയെ ഹീനമായ വാക്കുകൾ കൊണ്ട് ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ചയാണ്. സഖാവ് പ്രതിഭ നടത്തിയ വികസന പ്രവർത്തനങ്ങളെയും ജനകീയ ഇടപെടലുകളെയും രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിനാലാണ് ഇത്തരത്തിലുള്ള വ്യക്തിഹത്യയിലേക്ക് വലതുപക്ഷം നീങ്ങുന്നത്.

“അവൾക്കൊപ്പം” എന്ന് ആവർത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും, ഇത്തരം സ്ത്രീവിരുദ്ധ രീതികളോട് സ്വീകരിക്കുന്ന നേർവിപരീത സമീപനം അവരുടെ കാപട്യമാണ് തുറന്നുകാട്ടുന്നത്.

ഇത് ഒരാളെ മാത്രം ലക്ഷ്യമിട്ട ആക്രമണമല്ല; പൊതുരംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സ്ത്രീകളോടുമുള്ള അധിക്ഷേപമാണ്. സ്ത്രീകളെ വ്യക്തിത്വമുള്ള മനുഷ്യരായി കാണാതെ അവരെ അവഹേളിക്കുന്ന ജീർണ്ണമായ രാഷ്ട്രീയ മനോഭാവമാണ് പുറത്തുവരുന്നത്.

നാടിന്റെ വികസനവും ജനങ്ങളുടെ പ്രശ്നങ്ങളും ചർച്ച ചെയ്യാതെ സ്ത്രീകളെ അപമാനിച്ച് വോട്ട് നേടാമെന്നത് യുഡിഎഫിന്റെ തെറ്റിദ്ധാരണയാണ്. സ്ത്രീകളുടെ അഭിമാനവും അവകാശങ്ങളും കാത്തുസൂക്ഷിക്കുന്ന ഇടതുപക്ഷ നിലപാടിനൊപ്പം കേരളം എപ്പോഴും നിലകൊണ്ടിട്ടുണ്ട്.

കായംകുളം മണ്ഡലം യുഡിഎഫ് കണ്‍വീനറും മുസ്ലിം ലീഗ് നേതാവുമായ എ ഇര്‍ഷാദാണ് യു പ്രതിഭയ്ക്കെതിരെ സ്ത്രീ വിരുദ്ധപരാമർശം നടത്തിയത്. 'ശരീര അഴക് വില്‍പ്പന ചരക്കാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നു' എന്നായിരുന്നു എ ഇര്‍ഷാദിന്റെ വിവാദ പ്രസ്താവന. വാക് ചാരുതയും വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണെന്നും ഇര്‍ഷാദ് പറഞ്ഞു. യുഡിഎഫ് മണ്ഡലം കണ്‍വെന്‍ഷന്‍ പ്രസംഗത്തില്‍ ആയിരുന്നു പരാമര്‍ശം.

'രാഷ്ട്രീയ അധികാരം ഉപയോഗിച്ചുകൊണ്ട് എന്തും നടത്തും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അവരുടെ മകന്‍ അകപ്പെട്ട കഞ്ചാവ് കേസില്‍ അവര്‍ എടുത്ത നിലപാട്. ആ നിലപാടിനെ ന്യായീകരിക്കുന്ന അമ്മയാണ് അവര്‍. ഒരു എംഎല്‍എയ്ക്ക് അഞ്ച് കോടി രൂപയാണ് ഒരു വര്‍ഷമുളള വിഹിതം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടിംഗ് വേറെ. കുറഞ്ഞത് ഒരുകോടി രൂപ അവര്‍ക്ക് ഒരു മണ്ഡലത്തില്‍ വിനിയോഗിക്കാന്‍ പറ്റും. ആ പണം ഉപയോഗിച്ചുകൊണ്ട് കായംകുളത്തിന്റെ നിലനില്‍പ്പിനായി ശ്രദ്ധേയമായ എന്താണ് കൊണ്ടുവന്നത് ? 20 വര്‍ഷം മുന്‍പ് ഡിവൈഎഫ്‌ഐക്കാരന്‍ തച്ചടിയില്‍ പ്രഭാകരന്റെ വീട്ടിലേക്ക് കായംകുളം താലൂക്ക് ആക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് ചെയ്തിട്ടുണ്ട്. അത് കഴിഞ്ഞ് 20 വര്‍ഷക്കാലം സിപിഐഎം എംഎല്‍എമാര്‍ ഇവിടം ഭരിച്ചു. അതില്‍ 15 വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു. ഒരു ജനപ്രതിനിധി എന്ന നിലയില്‍ അവര്‍ക്ക് ഒന്നുംതന്നെ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്ന പരമമായ യാഥാര്‍ത്ഥ്യം നില്‍ക്കുമ്പോഴാണ് വീണ്ടും അവരുടെ വാക് ചാതുരിയും ശരീര അഴകും വില്‍പ്പനയ്ക്ക് വെച്ചുകൊണ്ട് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുകയാണ്', എന്നാണ് എ ഇര്‍ഷാദ് പറഞ്ഞത്.

ലീഗ് നേതാവിന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി യു പ്രതിഭയും രംഗത്തെത്തിയിരുന്നു. സ്ത്രീ സംരക്ഷകരെന്ന് അവകാശപ്പെടുന്ന യുഡിഎഫുകാരാണ് പ്രസ്താവന നടത്തിയതെന്നും പൊലീസിൽ ഉടൻ പരാതി നൽകുമെന്നും യു പ്രതിഭ പറഞ്ഞു. ആകാര വടിവ് കൊണ്ടാണ് ഇവർ സ്ത്രീകളെ അളക്കുന്നത്. കായംകുളത്തെ ജനങ്ങൾ വികസനം കൊണ്ട് തന്നെ അളക്കുമെന്നും വലിയ വേദന ഉണ്ടാക്കുന്ന പ്രതികരണമാണ് ലീഗ് നേതാവിൽ നിന്ന് വന്നതെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, പരാമർശത്തിൽ നിർവ്യാജം ഖേദിക്കുന്നുവെന്ന് എ ഇർഷാദ് റിപ്പോർട്ടറിനോട് പ്രതികരിച്ചു. സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണ്. പ്രസംഗം പൂർണമായി കേൾക്കണം. ഒരു ഭാഗം മാത്രം അടർത്തിമാറ്റി പ്രചരിപ്പിച്ചതായും ഇർഷാദ് വിശദീകരിച്ചു.

Content Highlights: Pinarayi Vijayan misogynistic remarks made by UDF leader against LDF candidate U Pratibha in Kayamkulam

dot image
To advertise here,contact us
dot image