ജയലക്ഷ്മി അങ്ങനെ പറയാൻ പാടില്ലായിരുന്നു, പ്രവർത്തകർ ചതിക്കില്ല; ആരോപണത്തിൽ മാനന്തവാടി UDF സ്ഥാനാർത്ഥി

ജലക്ഷ്മിയുടെ ആരോപണം തിരിച്ചടിയാകില്ലെന്നും ഉഷ വിജയന്‍

ജയലക്ഷ്മി അങ്ങനെ പറയാൻ പാടില്ലായിരുന്നു, പ്രവർത്തകർ ചതിക്കില്ല; ആരോപണത്തിൽ മാനന്തവാടി UDF സ്ഥാനാർത്ഥി
dot image

മാനന്തവാടി: മുന്‍ മന്ത്രി പി കെ ജയലക്ഷ്മിയുടെ ആരോപണത്തില്‍ പ്രതികരണവുമായി മാനന്തവാടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉഷ വിജയന്‍. പി കെ ജയലക്ഷ്മിയുടെ ആരോപണത്തെ കുറിച്ച് അറിയില്ലെന്ന് ഉഷ വിജയന്‍ പറഞ്ഞു. ജയലക്ഷ്മി അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും പ്രവര്‍ത്തകര്‍ ചതിക്കില്ലെന്നും ഉഷ വിജയന്‍ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടറിന്റെ പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയായ ഇലക്ഷന്‍ എക്‌സ്പ്രസില്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ഡോ. അരുണ്‍ കുമാറിനോടായിരുന്നു ഉഷ വിജയന്റെ പ്രതികരണം.

'യുഡിഎഫില്‍ അനൈക്യം ഇല്ല. ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ജലക്ഷ്മിയുടെ ആരോപണം തിരിച്ചടിയാകില്ല. ഇതോടെ യുഡിഎഫ് ഒറ്റക്കെട്ടാകും. ജയലക്ഷ്മി പോസിറ്റീവായിട്ടാണ് പറഞ്ഞത്. അത് ഇനി ആവര്‍ത്തിക്കരുത് എന്ന് കരുതിയാണ് പറഞ്ഞത്', ഉഷ വിജയന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് തോല്‍പ്പിച്ചതെന്നും തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ വീടുകളില്‍ കയറി തനിക്ക് വോട്ട് ചെയ്യരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചുവെന്നും പി കെ ജയലക്ഷ്മി തുറന്നടിച്ചിരുന്നു. തന്റെ പോസ്റ്ററുകള്‍ പുഴയില്‍ ഉപേക്ഷിച്ചതായും, അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ നിശ്ചയിച്ച രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്നും പി കെ ജയലക്ഷ്മി പ്രസംഗത്തില്‍ ആരോപിച്ചു.

'കഴിഞ്ഞ പത്ത് വര്‍ഷക്കാലം രണ്ട് ടേമില്‍ ഞാന്‍ മാനന്തവാടിയില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു. നമ്മുടെ ഉള്ളില്‍ ചതി ഒരുക്കിയത് ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഞാന്‍ തിരിച്ചറിഞ്ഞു. ഒരുപാട് ആളുകള്‍ വെയിലും മഴയും കൊണ്ട് എങ്ങനെയെങ്കിലും മാനന്തവാടി മണ്ഡലം തിരിച്ചുപിടിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുമ്പോള്‍ ചില ശക്തികള്‍ അതിനുള്ളില്‍ നിന്നുകൊണ്ട് ഇത്തരത്തിലൊരു ചതി ഒരുക്കുമെന്ന് നമ്മള്‍ക്കാര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എന്റെ കെട്ടുകണക്കിന് പോസ്റ്ററുകള്‍ മാനന്തവാടി മണ്ഡലത്തിലെ വിവിധ പുഴയിലേക്ക് വലിച്ചെറിഞ്ഞപ്പോള്‍ അത് ഒഴുകിനടന്നപ്പോള്‍ നമ്മളാരും അത് കണ്ടില്ല. അനൗണ്‍സ്മെന്റ് വണ്ടി മരത്തണലില്‍ നിര്‍ത്തിയിട്ട്, അനൗണ്‍സ് ചെയ്യുന്നവര്‍ ഉറങ്ങിയത് നമ്മളാരും കണ്ടില്ല. അങ്ങനെ ഒരുപാട് ചതികളൊരുക്കി തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളില്‍ ഓരോ വീടുകളിലും കയറിച്ചെന്ന് പി കെ ജയലക്ഷ്മിക്ക് വോട്ടു ചെയ്യരുതെന്ന് പറഞ്ഞവരുണ്ട്. അവരുടെയൊന്നും പേര് വിട്ടു പറയുന്നില്ല. അന്ന് തോറ്റത് പി കെ ജയലക്ഷ്മിയല്ല. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാണ്', എന്നായിരുന്നു പി കെ ജയലക്ഷ്മിയുടെ ആരോപണം.

Content Highlights: Mananthavady UDF candidate about ex minister P K Jayalakshmi s allegation

dot image
To advertise here,contact us
dot image