തളിപ്പറമ്പില്‍ മത്സരിക്കാനുളള തീരുമാനത്തില്‍ നിന്ന് പിന്‍മാറി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്

പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കിയാല്‍ പിന്തുണയ്ക്കില്ലെന്നും വിജില്‍ പറഞ്ഞിരുന്നു

തളിപ്പറമ്പില്‍ മത്സരിക്കാനുളള തീരുമാനത്തില്‍ നിന്ന് പിന്‍മാറി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്
dot image

കണ്ണൂര്‍: തളിപ്പറമ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്നും പിന്‍വാങ്ങി യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍. സിപിഐഎം വിമതരെ പിന്തുണയ്ക്കാനുളള യുഡിഎഫിന്റെ തീരുമാനത്തിനെതിരെ മത്സരിക്കുമെന്നായിരുന്നു വിജില്‍ നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രായോഗിക നിലപാടുകള്‍ സ്വീകരിക്കണമെന്ന നേതൃത്വത്തിന്റെ നിര്‍ദേശം ഉള്‍ക്കൊണ്ട് മത്സരിക്കാനുളള തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. പിണറായി വിജയന്‍ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് തൂത്തെറിയുക എന്ന വലിയ ദൗത്യം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുകയാണെന്നും പൊതുസമൂഹത്തിന്റെ ആഗ്രഹാഭിലാഷങ്ങള്‍ക്കും പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്കുമൊപ്പം തളിപ്പറമ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്നും വിജില്‍ മോഹനന്‍ പറഞ്ഞു.

'നേരിന്റെ പക്ഷം വിജയിപ്പിക്കാനും നെറികേടുകള്‍ക്കെതിരെ പൊരുതാനും യുവത മുന്നിട്ടിറങ്ങേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അനീതികള്‍ക്കെതിരെ പൊരുതി മുന്നേറിയ ഉജ്ജ്വലമായ സമരപാരമ്പര്യവും ആശയദൃഢതയും അടിയറവ് വയ്ക്കാതെ നാളിതുവരെ സംഘടനാ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോയവരാണ് നാം. തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍ പുരോഗമന യുവതയുടെ ജനാധിപത്യ ചിന്തകളെ മാനിച്ചും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രായോഗികമായ നിലപാടുകള്‍ സ്വീകരിക്കണമെന്ന ദേശീയ-സംസ്ഥാന നേതൃത്വങ്ങളുടെ നിര്‍ദേശം ഉള്‍ക്കൊണ്ടുമാണ് സംഘടന മുന്നോട്ടുപോകുന്നത്. ഒരു പാര്‍ട്ടിയുടെ ജീവന്‍ അതിന്റെ താഴെത്തട്ടിലുളള പ്രവര്‍ത്തകരാണ്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാതിരിക്കുമ്പോള്‍ ഗ്രാമതലങ്ങളിലുളള സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാഭിമാനം സംരക്ഷിക്കാനുളള ബാധ്യത നമുക്കുണ്ട്. സ്വതന്ത്രരെ പിന്തുണയ്ക്കുന്നത് വെറും വൈകാരിക തീരുമാനമാകാതെ പാര്‍ട്ടിയുടെ ഭാവി കൂടി മുന്‍നിര്‍ത്തിയുളള തന്ത്രപരമായ നീക്കമായി മാറാന്‍ ആവശ്യമായ ഇടപെടലുകള്‍ ഇനിയും ഉണ്ടാകട്ടെ' : വിജില്‍ മോഹനന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

തളിപ്പറമ്പില്‍ സിപിഐഎം വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ടി കെ ഗോവിന്ദനെ യുഡിഎഫ് പിന്തുണയ്ക്കുന്നതിനെതിരെയാണ് വിജില്‍ മോഹനന്‍ നേരത്തെ രംഗത്തുവന്നത്. താന്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് വിജില്‍ പ്രഖ്യാപിക്കുകയായിരുന്നു. പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കിയാല്‍ പിന്തുണയ്ക്കില്ലെന്നും വിജില്‍ പറഞ്ഞിരുന്നു.

Content Highlights: Youth Congress district president backs out of decision to contest from Thaliparamba

dot image
To advertise here,contact us
dot image