'ചോദ്യം ചോദിക്കാൻ പത്രസമ്മേളനമല്ലല്ലോ പൊതുയോഗം, എന്നും അവളോടൊപ്പം'; വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന കെ സി വേണുഗോപാലിന്റെ പരാമര്‍ശത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു

'ചോദ്യം ചോദിക്കാൻ പത്രസമ്മേളനമല്ലല്ലോ പൊതുയോഗം, എന്നും അവളോടൊപ്പം'; വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി
dot image

പത്തനംതിട്ട: വീട്ടില്‍ പോയി ചോദിച്ചോ എന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചോദ്യം ചോദിക്കാന്‍ പത്രസമ്മേളനമല്ലല്ലോ പൊതുയോഗമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. അങ്ങനെ ചോദിച്ചാല്‍ കിട്ടുന്ന മറുപടിയാണ് താന്‍ നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുയോഗത്തില്‍ പറയുന്നത് ഇഷ്ടമുള്ളവര്‍ കേട്ടാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'സാധാരണ നമ്മള്‍ ഓരോ ഘട്ടത്തിലും പാലിക്കുന്ന മര്യാദയുണ്ട്. ആ മര്യാദ പാലിക്കാതിരുന്നാല്‍ പ്രതികരണവും അതിനനുസരിച്ച് വരും. അവിടെ ആരെങ്കിലും എല്‍ഡിഎഫിനെയോ എന്നെയോ എതിര്‍ക്കാന്‍ വന്നവരല്ല. ചില ഘട്ടങ്ങളില്‍ ആവേശം കൊള്ളുന്നവരുണ്ടല്ലോ. ആ ആവേശത്തിന്റെ ഭാഗമായി ചോദിക്കുന്ന ചോദ്യമാണ്. അങ്ങനെ ചോദിച്ചാല്‍ കിട്ടുന്ന മറുപടി ഇങ്ങനെയായിരിക്കും. അത് സ്വാഭാവികമല്ലേ. പൊതുയോഗത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയോ ആരോ സംസാരിക്കട്ടേ, അത് ഇഷ്ടമില്ലെങ്കില്‍ കേള്‍ക്കണ്ട, യോഗത്തില്‍ നിന്ന് പോകണം. ഇഷ്ടമുള്ളവര്‍ കേട്ടാല്‍ മതി', മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന കെ സി വേണുഗോപാലിന്റെ പരാമര്‍ശത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. സമനില തെറ്റുന്നത് ആര്‍ക്കാണെന്ന് കാണുന്നുണ്ടല്ലോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം കോന്നിയില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ സദസില്‍ നിന്ന് ഒരു ചോദ്യമുണ്ട് എന്ന ശബ്ദം ഉയരുകയായിരുന്നു. ഇയാളോട് വീട്ടില്‍ പോയി ചോദിക്ക് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സംഭവം വലിയ വിവാദമായിരുന്നു. പിന്നാലെയാണ് ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

കപ്പിലെ 'ലവ് യു ടു ദ മൂണ്‍ ആന്‍ഡ് ബാക്ക്' വാചകത്തെ കുറിച്ചും അദ്ദേഹം വിശദീകരണം നല്‍കി. കപ്പിലെ വാചകം യാദൃശ്ചികമാണെന്നാണ് താന്‍ പറഞ്ഞതെന്നും തന്റെ സമീപനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഘട്ടത്തിലും അവളോടൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അവളോടൊപ്പം ആരായിരുന്നു, അവനോടൊപ്പം ആരായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാലോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

'ഞങ്ങള്‍ എല്ലാ ഘട്ടത്തിലും അവളോടൊപ്പമായിരുന്നു. ഞാനും ആ നിലയാണ് സ്വീകരിച്ചത്. അവനോടൊപ്പം നിന്നവരാരാണ്. പ്രതിപക്ഷ നേതാവടക്കമുള്ള ആളുകള്‍ എന്താണ് ചെയ്തത്. അവനെ പവിത്രീകരിക്കാനുള്ള ശ്രമം നടത്തിയില്ലേ. വലിയ ഇടപെടല്‍ നടത്തി സംരക്ഷിക്കുന്നു. ആ ഘട്ടത്തില്‍ അവളെ പറ്റി ചിന്തിച്ചോ. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ മൊത്തമായും ചില്ലറായായും സൈബര്‍ പട ആകെ അവള്‍ക്കെതിരെ ആക്രമണം അഴിച്ച് വിട്ടു. അതല്ലേ നമ്മള്‍ കണ്ടത്. ഇപ്പോഴും അതല്ലേ തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. ഞങ്ങള്‍ മാറ്റം വരുത്തിയിട്ടില്ല. ഞങ്ങള്‍ അന്നും അവളോടൊപ്പമാണ്, ഇന്നും അവളോടൊപ്പമാണ്. ഇനി ആര്‍ക്കെങ്കിലും അങ്ങനെ ഒരു അനുഭവമുണ്ടായാല്‍ അവരോടൊപ്പം നില്‍ക്കുന്നതും ഞങ്ങളുടെ നിലപാടാണ്', മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: CM Pinarayi Vijayan about controversies

dot image
To advertise here,contact us
dot image