

കണ്ണൂർ: കെ സുധാകരനുമായി ബിജെപി പ്രവേശനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തുവെന്ന് സുധാകരന്റെ മുൻ വിശ്വസ്തനും കണ്ണൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സി രഘുനാഥ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താനുമായി സംസാരിച്ചുവെന്ന് അദ്ദേഹം സമ്മതിച്ചെന്നും സുധാകരനെ താൻ ബിജെപിയിലേക്ക് സ്വാഗതം ചെയ്തുവെന്നും രഘുനാഥ് പറഞ്ഞു. ആലോചിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. യാതൊരു ഉറപ്പും നൽകിയില്ല. എങ്കിലും താനുമായി സംസാരിച്ചുവെന്ന് അദ്ദേഹം സമ്മതിച്ചുവെന്നും രഘുനാഥ് വ്യക്തമാക്കി.
സ്ഥാനാർത്ഥിത്വം സംബന്ധിച്ചുള്ള വിവാദങ്ങൾക്കിടെയാണ് സുധാകരനുമായി രഘുനാഥ് സംസാരിച്ചത്. കോൺഗ്രസ് വിടുന്നതും ബിജെപിയിലേക്ക് ചേരുന്നതും സംബന്ധിച്ച കാര്യങ്ങളാണ് രഘുനാഥ് സുധാകരനുമായി സംസാരിച്ചത്. എന്നാൽ താൻ ആരുമായും സംസാരിച്ചിട്ടില്ല എന്നായിരുന്നു സുധാകരൻ പറഞ്ഞിരുന്നത്. ബിജെപി നേതാക്കളുമായുള്ള സംസാരം കണ്ണൂരിലെ കോൺഗ്രസിനുള്ളിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
എന്നാൽ താൻ ബിജെപിയിലേക്ക് പോകില്ല എന്നാണ് സുധാകരൻ വ്യക്തമാക്കിയത്. താന്‍ ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്നും രാഷ്ട്രീയ എത്തിക്‌സ് ഉളള ആളാണ് താൻ എന്നുമായിരുന്നു കെ സുധാകരന്‍ പറഞ്ഞത്. ബിജെപിയില്‍ പോകുന്ന കാര്യം ഇന്ന് വരെ ആലോചിച്ചിട്ടില്ല. ഇനി അങ്ങനെ ആലോചിക്കുകയുമില്ല. രാഷ്ട്രീയ എത്തിക്‌സ് ഉളള ആളാണ് താന്‍. പിണറായി സര്‍ക്കാരിനെ എങ്ങനെയെങ്കിലും താഴെ ഇറക്കിയിരിക്കും എന്നാണ് സുധാകരൻ പറഞ്ഞത്.
കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയും സുധാകരന്റെ അടുത്ത അനുയായിയുമായിരുന്ന സി രഘുനാഥ് 2023ലാണ് കോൺഗ്രസ് വിട്ടത്. വേട്ടക്കാരൻ്റെ മനസ്സുള്ള രാഷ്ട്രീയ നേതൃത്വമാണ് കോൺഗ്രസിൻ്റേത് എന്നും പഴയ കോൺഗ്രസല്ല ഇപ്പോഴത്തെ കോൺഗ്രസ് എന്നും വിമർശിച്ചാണ് രഘുനാഥ് പാർട്ടി വിട്ടത്. പിന്നാലെ ബിജെപിയിൽ ചേർന്ന രഘുനാഥ് 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ സ്ഥാനാർത്ഥിയായി. ബിജെപി ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
Content Highlights: C Raghunath, former close associate of K Sudhakaran and NDA candidate in Kannur, claimed that discussions regarding Sudhakaran’s possible entry into the BJP had taken place. In a media interview, Raghunath stated that Sudhakaran had acknowledged speaking with him