

ആലപ്പുഴ: കുട്ടനാട്ടിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർത്ഥിക്കെതിരെ വന്ന കോൺഗ്രസ് വിമത സ്ഥാനാർത്ഥിത്വത്തിൽ അതൃപ്തി പരസ്യമാക്കി മോൻസ് ജോസഫ്. വിമത സ്ഥാനാർത്ഥിത്വം മര്യാദയില്ലാത്ത രാഷ്ട്രീയമാണ്. വിമത സ്ഥാനാർത്ഥികളെ പിന്തിരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ഇടപെടണമെന്നും മോൻസ് ജോസഫ് പറഞ്ഞു. കുട്ടനാട്ടിൽ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫാണ് വിമത സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചത്. സീറ്റ് കേരള കോൺഗ്രസ് ജോസഫിൽ നിന്ന് ഏറ്റെടുക്കാത്തതിൽ പ്രതിഷേധിച്ച് ആണ് നീക്കം. കുട്ടനാട്ടിൽ പെയ്‌മെന്റ് സീറ്റ് ആരോപണവും ഉയർന്നിരുന്നു.
സീറ്റുകൾ നേരത്തെ ചോദിക്കുന്നതും ആഗ്രഹിക്കുന്നതും സ്വാഭാവികമാണ്. കേരള കോൺഗ്രസ് പല സീറ്റുകളും ചോദിച്ചിട്ടുണ്ട്. ഇടുക്കി, ഏറ്റുമാനൂർ സീറ്റിൽ കേരള കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തു. വിമതരായി വന്ന് തലവേദനയുണ്ടാക്കി യുഡിഎഫിനെ തോൽപ്പിക്കാൻ ശ്രമിക്കുന്ന ഇത്തരം ആളുകളെ പിന്തിരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ശക്തമായ ഇടപെടൽ നടത്തണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു. വിമത സ്ഥാനാർത്ഥിത്വം മുന്നണി മര്യാദകളുടെ ലംഘനമാണെന്നും അദ്ദേഹം തുറന്നടിച്ചു. ഇടതുപക്ഷ വിജയത്തിന് സാധ്യത ഉണ്ടാക്കിക്കൊടുക്കുന്ന ഇത്തരം നടപടികളെ കുറിച്ച് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ നിന്ന് രാജിവെക്കുന്നതായും കുട്ടനാട് സീറ്റ് ഏറ്റെടുക്കുമെന്ന് നേതൃത്വം ഉറപ്പ് നൽകിയിരുന്നുവെന്നും സജി ജോസഫ് പറഞ്ഞിരുന്നു. ഡിസിസി ജനറൽ സെക്രട്ടറി കെ ഗോപകുമാറും രാജിവെച്ചു. കൊടിക്കുന്നിൽ സുരേഷ് വിഭാഗത്തിൽപ്പെട്ട ആളാണ് സജി ജോസഫ്. കുട്ടനാട്ടിൽ കേരള കോൺഗ്രസ് ജോസഫ് പ്രതിനിധി റെജി ചെറിയാനാണ് സ്ഥാനാർത്ഥി. കുട്ടനാട്ടിൽ വലിയ ജനസമ്മതിയുള്ള നേതാവാണ് റെജി ചെറിയാൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചെറിയ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫിന് കുട്ടനാട് സീറ്റ് നഷ്ടമായത്. ഇത്തവണ ആ സീറ്റ് റെജി ചെറിയാനിലൂടെ തിരിച്ചുപിടിക്കാനാകുമെന്നാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം കണക്ക് കൂട്ടുന്നത്.
Content Highlights: Kerala Congress Joseph faction leader Mons Joseph voices discontent over rebel candidature in Kuttanad