'ഞാന്‍ പറഞ്ഞതില്‍ എന്ത് വര്‍ഗീയത ആണുള്ളത്?'; വിവാദ പരാമര്‍ശത്തില്‍ ഉറച്ച് ബി ഗോപാലകൃഷ്ണന്‍

'ഭരണം പിടിക്കേണ്ടത് മുസ്‌ലിം സമുദായത്തിന് വേണ്ടി എന്ന് പറഞ്ഞ കെ എം ഷാജിക്കെതിരെ ഒരക്ഷരം എന്തെ ഇടത് വലത് മതേതരവാദികള്‍ പറയാഞ്ഞത്' എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

'ഞാന്‍ പറഞ്ഞതില്‍ എന്ത് വര്‍ഗീയത ആണുള്ളത്?'; വിവാദ പരാമര്‍ശത്തില്‍ ഉറച്ച് ബി ഗോപാലകൃഷ്ണന്‍
dot image

തൃശൂര്‍: കേസെടുത്തിട്ടും വിവാദ പരാമര്‍ശത്തില്‍ ഉറച്ച് ബിജെപി നേതാവും ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ബി ഗോപാലകൃഷ്ണന്‍. മതത്തിന്റെ പേരില്‍ ഉള്ള പാര്‍ട്ടിയുടെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ് പറഞ്ഞത് മതമാണ് മതമാണ് മതമാണ് തങ്ങള്‍ക്ക് വലുതെന്നാണ് എന്ന് ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'ഭരണം പിടിക്കേണ്ടത് മുസ്‌ലിം സമുദായത്തിന് വേണ്ടി എന്ന് പറഞ്ഞ കെ എം ഷാജിക്കെതിരെ ഒരക്ഷരം എന്തെ ഇടത് വലത് മതേതരവാദികള്‍ പറയാഞ്ഞത്…ഞാന്‍ പറഞ്ഞതില്‍ എന്ത് വര്‍ഗീയതയാണ് ഉള്ളത്. 1967 മുതല്‍ ഗുരുവായൂരില്‍ നിന്നുള്ള എംഎല്‍എമാരുടെ ലിസ്റ്റ് ഞാന്‍ തരാം', എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. കൂടാതെ ഗുരുവായൂരില്‍ നിന്ന് ഇതുവരെ വിജയിച്ച എംഎല്‍എമാരുടെ പട്ടികയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് ബി ഗോപാലകൃഷ്ണന് എതിരെ കേസെടുത്തത്. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസായിരുന്നു കേസെടുത്തത്. 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ അന്‍പത് വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങള്‍ ഹിന്ദു വിഭാഗങ്ങളില്‍ നിന്നുള്ളവരെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നില്ലെന്നുമാണ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ഗോപാലകൃഷ്ണന്റെ പരാമര്‍ശം വിവാദമായതോടെ രത്തന്‍ യു ഖേല്‍ക്കര്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഗുരുവായൂര്‍ മണ്ഡലം ഭരണാധികാരി ഷീബ എസ് നല്‍കിയ പരാതിയിലാണ് ഗോപാലകൃഷ്ണനെതിരെ എഫ്ഐആര്‍ ചുമത്തിയത്. കേരള പീപ്പിള്‍സ് റെപ്രസന്റേഷന്‍ ആക്ട് 125, ബിഎന്‍എസ് 192 വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. വിവിധ സമൂഹങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദം തകര്‍ത്ത് വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമം, മതവികാരം ഉദ്ദീപിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് എഫ്ഐആറില്‍ ചുമത്തിയിരിക്കുന്നത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യത വരും.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബി ഗോപാലകൃഷ്ണന്‍ വിദ്വേഷ പരാമര്‍ശം നടത്തിയത്. 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ അന്‍പത് വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങള് ഹിന്ദു വിഭാഗങ്ങളില്‍ നിന്നുള്ളവരെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നില്ലെന്നുമാണ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്. 'അന്തര്‍ദേശീയ തീര്‍ത്ഥാടനകേന്ദ്രമായ ഗുരുവായൂരില്‍ എന്തുകൊണ്ട് ഹിന്ദു എംഎല്‍എ ഉണ്ടായില്ല. കൊടുങ്ങല്ലൂര്‍ അമ്മയുടെ നടയില്‍ നിന്ന് ഗുരുവായൂപ്പന്റെ നടയിലേക്കുള്ള എന്റെ വരവ് ഭഗവാന്‍ ഗുരുവായൂരപ്പന്‍ വിളിച്ചിട്ടാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി അമ്പലക്കൊള്ളക്കാരുടെ തടവറയിലായ ഗുരുവായൂരിന്റെ മണ്ണിനെ മോചിപ്പിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. ഇന്നും 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ ഇല്ല. ഇടതനും വലതനും ഹിന്ദു സമൂഹത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്തുന്നില്ല. തൊട്ടു ചേര്‍ന്ന് കിടക്കുന്ന മലപ്പുറം ജില്ലയില്‍ ആവട്ടെ സംവരണ മണ്ഡലം ഒഴികെ ഒരിടത്തും വലതന് ഹിന്ദു വിഭാഗത്തില്‍ നിന്ന് സ്ഥാനാര്‍ഥി ഇല്ല. എന്താല്ലേ മതേതര കേരളം. ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയില്‍ നിന്ന് അമ്പലം കൊള്ളക്കാരെയും വര്‍ഗ്ഗീയ മതരാഷ്ട്ര വാദികളെയും ആട്ടി ഓടിക്കാനുള്ള സമയമായി. അതിനുള്ള നിയോഗം എനിക്കാണ് കിട്ടിയത്. ഈ മണ്ണില്‍ നമ്മള്‍ ജയിക്കും. നമ്മളെ ജയിക്കൂ', എന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം.

ഇതിനെതിരെ എല്‍ഡിഎഫ് നിയോജക മണ്ഡലം സെക്രട്ടറി സി സുമേഷും കെഎസ് യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരും പരാതിയുമായി രംഗത്തെത്തിയിരുന്നു. ഗുരുവായൂരിന് വേണ്ടി ഒന്നും ചെയ്യാത്ത പാര്‍ട്ടിയുടെ പ്രതിനിധിയായ ഗോപാലകൃഷ്ണന്‍ വിദ്വേഷ പ്രസ്താവനയിലൂടെ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സുമേഷ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയാണ് ചെയ്തത്. ഗോപാലകൃഷ്ണനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യുകയാണ് ഗോകുല്‍ ചെയ്തത്. സംഭവം വിവാദമായപ്പോഴും പറഞ്ഞതിൽ ഗോപാലകൃഷ്ണൻ ഉറച്ചുനിന്നു. ഇടതുപക്ഷവും വലതുപക്ഷവും എന്തുകൊണ്ട് ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എയെ വെയ്ക്കുന്നില്ലെന്നായിരുന്നു ഗോപാലകൃഷ്ണന്റെ ചോദ്യം. റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിക്കവെയായിരുന്നു ബി ഗോപാലകൃഷ്ണന്‍ വിവാദ പരാമര്‍ശം ആവര്‍ത്തിച്ചത്.

Content Highlights: B Gopalakrishnan again controvasy statement related to Guruvayoor constituency

dot image
To advertise here,contact us
dot image