സിപിഐഎം വിട്ടുവന്ന സ്മിത സുന്ദരേശനെ സ്ഥാനാര്‍ത്ഥിയാക്കി ബിജെപി

ഇന്ന് വൈകിട്ടായിരുന്നു രാജീവ് ചന്ദ്രശേഖറിൽ നിന്ന് സ്മിത അംഗത്വം സ്വീകരിച്ചത്

സിപിഐഎം വിട്ടുവന്ന സ്മിത സുന്ദരേശനെ സ്ഥാനാര്‍ത്ഥിയാക്കി ബിജെപി
dot image

തിരുവനന്തപുരം: സിപിഐഎം വിട്ടുവന്ന സ്മിത സുന്ദരേശനെ സ്ഥാനാര്‍ത്ഥിയാക്കി ബിജെപി. വര്‍ക്കലയിലാണ് സ്മിതയെ സ്ഥാനാര്‍ത്ഥിയാക്കിയത്. സ്മിതയുടെ സ്ഥാനാര്‍ത്ഥിത്വം ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതേസമയം ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ സ്മിതയെ സിപിഐഎം പുറത്താക്കി.

ഇന്ന് വൈകിട്ടായിരുന്നു വര്‍ക്കല ബ്ലോക്ക് പഞ്ചായത്തംഗം സ്മിത സുന്ദരേശന്‍ ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് സ്മിത അംഗത്വം സ്വീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ച ശേഷമാണ് സ്മിത ബിജെപിയില്‍ ചേര്‍ന്നത്. മാരാര്‍ജി ഭവനില്‍ വെച്ചായിരുന്നു സ്മിതയുടെ പാര്‍ട്ടി പ്രവേശം. ബിജെപിയില്‍ അംഗത്വമെടുത്തതിന് പിന്നാലെ സിപിഐഎമ്മിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സ്മിത ഉന്നയിച്ചത്. സിപിഐഎമ്മില്‍ മൂല്യച്യുതി സംഭവിച്ചെന്ന് സ്മിത പറഞ്ഞു. സ്വജനപക്ഷപതമാണ് പാര്‍ട്ടിയില്‍ കാണുന്നതെന്നും മോദിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് ബിജെപിയില്‍ ചേരുന്നതെന്നും സ്മിത പറഞ്ഞു.

സംസ്ഥാനത്ത് ഏപ്രില്‍ ഒന്‍പതിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാളെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. പ്രമുഖ നേതാക്കന്മാരെല്ലാവരും തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. മാര്‍ച്ച് 24ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. മാര്‍ച്ച് പതിനഞ്ചിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആറ് പ്രവൃത്തി ദിവസങ്ങള്‍ മാത്രമാണ് പത്രിക സമര്‍പ്പിക്കാനായി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. മെയ് നാലിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

കേരളത്തിന് പുറമേ അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രില്‍ 23നും രണ്ടാംഘട്ടം ഏപ്രില്‍ 29നും നടക്കും. മെയ് നാലിനാണ് പശ്ചിമ ബംഗാളിലും വോട്ടെണ്ണല്‍ നടക്കുന്നത്.

Content Highlights- The BJP has announced Smitha Sundaresan, a former CPI(M) member, as its candidate in Kerala. Her move from CPI(M) to BJP marks a notable political shift ahead of the elections

dot image
To advertise here,contact us
dot image